വേലിയേറ്റത്തിൽ അടിത്തറ ഇളകുന്ന വളന്തകാടിലെ പട്ടിക വർഗ കുടുംബങ്ങൾ
വേലിയേറ്റ വെള്ളപ്പൊക്കത്തിന് തടയിടാന്‍ ശാസ്ത്രീയമായ പരിഹാരം കണ്ടെത്തുകയെന്നത് മാത്രമാണ് നിലവില്‍ പ്രദേശ വാസികളുടെ ആവശ്യം. കായലില്‍ നിന്ന് വെള്ളം കയറുന്നത് തടയിടാന്‍ ചുറ്റും ഭിത്തികള്‍ നിര്‍മ്മിക്കണം. മണ്ണിട്ട് ഉയര്‍ത്തിയുള്ള ഭിത്തി നിര്‍മ്മാണത്തിന് മാത്രമായിരിക്കും വേലിയേറ്റങ്ങളില്‍ നിന്ന് ദീര്‍ഘകാലത്തേക്ക് ദ്വീപിനെ സംരക്ഷിക്കാന്‍ കഴിയുക.
ഏതാണ്ട് ഒരു നൂറ്റാണ്ടിലേറെയായി മനുഷ്യവാസമുള്ള കൊച്ചു ദ്വീപാണ് വസന്തകാട് അഥവാ ഇന്നത്തെ വളന്തകാട്. വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട അതിജീവനത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണ്. കൊച്ചി നഗരത്തില്‍ നിന്ന് ഏകദേശം ഒമ്പത് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ മരട് നഗരസഭയിലെ 22ാം ഡിവിഷനില്‍ സ്ഥിതി ചെയ്യുന്ന ദ്വീപിലെത്താം. മത്സ്യബന്ധനം ഉപജീവന മാര്‍ഗമാക്കി ജീവിക്കുന്ന 45 പട്ടിക വര്‍ഗ കുടുംബങ്ങളാണ് ദ്വീപിലുള്ളത്.
കായലിനൊപ്പം ചേര്‍ന്ന് നില്ക്കുന്ന ദ്വീപിലെ ജീവനുകള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. വേലിയേറ്റങ്ങളില്‍ വീടുകളിലേക്ക് ഉപ്പുവെള്ളം കയറുന്നു. നടപ്പാതകള്‍ വഞ്ചിയില്‍ മാത്രം സഞ്ചരിക്കാവുന്ന ദുരിതാവസ്ഥയില്‍. വെള്ളമിറങ്ങിയാലും മാലിന്യം നിറഞ്ഞ ചെളിക്കുഴികള്‍. അടുക്കളയിലും കക്കൂസുകളിലും വേലിയേറ്റങ്ങളില്‍ വെള്ളം കയറും. ചിലര്‍ക്ക് കുടിവെള്ളം പോലും ലഭ്യമല്ല. കഴിഞ്ഞ കുറേയേറെ കാലങ്ങളായി ദ്വീപിലുള്ളവര്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ വ്യാപ്തി വര്‍ഷംതോറം വര്‍ധിക്കുകയാണ്.
സംസ്ഥാനത്തിന്റെ വികസന നാള് വഴികളില്‍ ദീര്‍ഘനാള്‍ ഉള്‍പ്പെടാതെ പോയ ദ്വീപായിരുന്നു പട്ടികവർഗ കുടുംബങ്ങൾ താമസിക്കുന്ന വളന്തകാട്. ദ്വീപിനെ പുറംനാടുമായി ബന്ധിപ്പിക്കുന്ന പാലവും ചികിത്സാ സൗകര്യങ്ങളോടു കൂടിയ പ്രാഥമികാരോഗ്യ കേന്ദ്രവും പൂര്‍ണ സജ്ജമാവാന് ഏറെ നാള് ബാക്കിയില്ല. എന്നാല്‍ ഇവയൊന്നുമല്ല, വികസനത്തിന്റെ ആദ്യപടിയായി മാറേണ്ടിയിരുന്നത് വേലിയറ്റ വെള്ളപ്പൊക്കത്തില്‍ നിന്നും ദ്വീപിനെ രക്ഷിക്കുകയെന്നതായിരുന്നു.!

പ്രവചനാതീതമായ മാറുന്ന വേലിയേറ്റങ്ങള്‍
മലയാള മാസം വൃശ്ചികത്തിലാണ് സാധാരണയായി വേലിയേറ്റങ്ങള്‍ ദ്വീപിനെ പ്രതിസന്ധിയിലാക്കാറുള്ളത്. എന്നാല്‍ വാവ് വേലിയേറ്റങ്ങള്‍ ദീര്‍ഘ ദിവസങ്ങള്‍ നീണ്ടുനില്‍ക്കില്ല. കായലിന്റെ വേലിയേറ്റത്തെക്കുറിച്ച് വര്‍ഷങ്ങളുടെ പരിചയ സമ്പത്ത് ദ്വീപുകാര്ക്കുണ്ട്. കാലാവസ്ഥയിലെ അപ്രതീക്ഷിത മാറ്റങ്ങളൊഴിച്ചാല്‍ വേലിയേറ്റത്തിന്റെ സ്വഭാവം സമാനമാണ്. എന്നാല്‍ സമീപകാലത്ത് കണക്കുക്കൂട്ടലുകള്‍ തെറ്റിച്ച് വെള്ളം കയറുന്നതിന്റെ തോത് ഗണ്യമായി വര്‍ധിച്ച് വരികയാണ്.
കായലില്‍ എക്കലും ചെളിയും നിറഞ്ഞതോടെ ആഴത്തിന്റെ അളവ് സമീപ കാലത്ത് കുറഞ്ഞിട്ടുണ്ട്. കായലിലെ ആഴം കുറയുന്നതിന് അനുസൃതമായി വേലിയേറ്റത്തിലുണ്ടാവുന്ന വെള്ളപ്പൊക്കത്തിന്റെ തോതും വര്‍ധിച്ചു. കാലാവസ്ഥാ വ്യതിയാനമാണ് നിലവിലെ ദുരിതാവസ്ഥയ്ക്ക് കാരണമായ മറ്റൊരു ഘടകം. സംസ്ഥാനത്ത് വലിയ നാശം വിതച്ച പ്രളയത്തിന് ശേഷം വേലിയേറ്റത്തിന്റെ സ്വഭാവം തന്നെ മാറിയതായി പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പ്രളയത്തിന് ശേഷം കാലവസ്ഥയിലുണ്ടായ മാറ്റങ്ങളെ ഇതുമായി ചേര്‍ത്തു വായിക്കാവുന്നതാണ്.
പ്രളയത്തിന് ശേഷം പുലര്‍ച്ചെയുണ്ടാകുന്ന വേലിയേറ്റങ്ങളുടെ ശക്തി വര്‍ധിച്ചു. വെള്ളത്തിന്റെ അളവ് മാത്രമല്ല വേലിയേറ്റത്തിന്റെ ദൈര്‍ഘ്യവും ഇക്കാലയളവില്‍ വര്‍ധിച്ചിട്ടുണ്ട്. ഈ സീസണില്‍ മണിക്കൂറുകളോളമാണ് വേലിയേറ്റ സമയത്ത് വീടുകളിലും പരിസരത്തും ഉപ്പുവെള്ളം കെട്ടിക്കിടക്കുന്നത്. വീടിന് ചുറ്റും ഉപ്പുവെള്ളം കെട്ടിക്കിടക്കുന്നതോടെ അടിത്തറയിലെ( ഫൗണ്ടേഷനിലെ) സിമന്റ് ഇളകി മാറും. അടിത്തറ, ചുവരുകള്‍ എന്നിവയ്ക്ക് ബലക്ഷയം സംഭവിക്കാന്‍ ഇത് ധാരാളമാണ്. സാധാരണ വേലിയേറ്റങ്ങളെ പ്രതിരോധിക്കാന്‍ ഫൗണ്ടേഷന് ഉയര്‍ത്തിയാണ് പലരും വീടുവെച്ചിരിക്കുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഉയര്‍ത്തി കെട്ടിയ തറയ്ക്ക് മുകളിലേക്ക് വെള്ളം ഇരച്ചു കയറും.

നേരത്തെ സജീവമായി മത്സ്യകൃഷിയുണ്ടായിരുന്ന പ്രദേശങ്ങള്‍ നിലവില്‍ തരിശായി കിടക്കുകയാണ്. നിര്‍മ്മാണ കമ്പനിയായ ശോഭ ഡെവല്പേഴ്സ് ദ്വീപിലെ വലിയ ശതമാനവും സ്വന്തമാക്കിയതോടെയാണ് മത്സ്യ കൃഷി ഇല്ലാതാവുന്നത്. 5,000 കോടി മുതല്‍മുടക്കില്‍ ഹൈടെക് സിറ്റി സ്ഥാപിക്കുന്നതിന് ശോഭാ ഡെവലപ്പേഴ്സും സംസ്ഥാന സര്‍ക്കാരുമായി 2007ല്‍ ധാരണാപത്രം ഒപ്പുവെച്ചിരുന്നു. കൃഷിഭൂമിയും ജലാശയങ്ങളും ഇല്ലാതാവുമെന്ന ആശങ്കയില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ അരങ്ങേറിയതോടെ പദ്ധതി ഹൈക്കോടതി ഇടപെട്ട് നിര്‍ത്തിവെച്ചു. വെള്ളം ഉയരുന്നതിന് തടയാന്‍ മത്സ്യകൃഷിക്കായി കെട്ടിത്തിരിച്ച പ്രദേശങ്ങള്‍ സഹായിച്ചിരുന്നതായി പ്രദേശവാസികള്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇതിന്റെ ശാസ്ത്രീയത കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.
മാലിന്യ പ്രശ്നവും ആരോഗ്യ സംരക്ഷണവും
പകര്‍ച്ച വ്യാധികള്‍ക്ക് ചികിത്സയൊരുക്കുന്നതിനെക്കാള് പ്രധാന്യം അത് തടയുന്നതാണെന്ന് വിദഗ്ദ്ധര്‍ നമ്മെ ഓര്‍മ്മിപ്പിക്കാറുണ്ട്. വേലിയേറ്റത്തിന്റെ അനുബന്ധമായി മാലിന്യങ്ങള്‍ ദ്വീപിലെ വീടുകളിലേക്ക് അടിഞ്ഞു കയറാനുള്ള സാധ്യതകളേറെയാണ്. വേലിയേറ്റ സമയങ്ങളില്‍ കായലിലെ മാലിന്യങ്ങളും വീടുകളില്‍ നിന്നുള്ള മാലിന്യങ്ങളും ഒന്നിച്ച് ചേര്‍ന്ന് ദുര്‍ഗന്ധമുണ്ടാക്കുന്നു. കൂടാതെ വേലിയേറ്റ സമയങ്ങളില്‍ സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ കായലില്‍ കര ഭാഗങ്ങളിലേക്ക് കയറാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.
ദ്വീപിന് അകത്ത് തന്നെ അത്യാവശ്യ സൗകര്യങ്ങളോടു കൂടിയ പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. സാധാരണ അസുഖങ്ങള്‍ക്ക് ദ്വീപ് നിവാസികള്‍ക്ക് ചികിത്സ തേടാന്‍ ഈ ആരോഗ്യ കേന്ദ്രം തന്നെ ധാരാളമാണ്. സാധാരണയായ ചുമ, ജലദോഷം, പനി തുടങ്ങിയ അസുഖങ്ങളല്ലാതെ ദ്വീപ് നിവാസികളില്‍ മറ്റ് ഗുരുതര അസുഖങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാറില്ലെന്ന് പിഎച്ച്എസ് ഡോക്ടര്‍ ബാലു വ്യക്തമാക്കുന്നുണ്ട്. ശാരീരകമായി അദ്ധ്വാനിക്കേണ്ട തൊഴിലാണ് മിക്കവരും ചെയ്യുന്നതിനാല്‍ ആരോഗ്യ സംരക്ഷണത്തിന് മറ്റു വ്യായാമങ്ങളൊന്നും ആവശ്യമില്ലെന്നും ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു.

എന്നാല്‍ കാര്യങ്ങള്‍ അത്ര നിസാരമല്ല. കൊറോണക്കാലത്ത് ദ്വീപില്‍ രണ്ടിലധികം പേര്‍ക്ക് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പകര്‍ച്ചവ്യാധികളില്‍ നിന്ന് ദ്വീപിനെ പൂര്‍ണമായും സംരക്ഷിക്കാന്‍ നിലവിലെ സജ്ജീകരണങ്ങള്‍ മാത്രം പോരാ. നേരത്തെ തൊഴിലുറപ്പ് പദ്ധതി വഴി ദ്വീപിലെ ശുചീകരണ നടപടികള്‍ കൃത്യമായി നടന്നിരുന്നു. നിലവില്‍ തൊഴിലുറപ്പ് പദ്ധതിയും നിലച്ച മട്ടാണ്. നഗരസഭയുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ഇടപെടല്‍ മാത്രമാണ് പ്രസ്തുത പ്രശ്നങ്ങള്‍ക്ക് പരിഹാരമായി മാറുകയുള്ളു.
മങ്ങലേല്ക്കുന്ന ടൂറിസം സാധ്യതകള്‍
ഇരുന്നൂറ് എക്കര്‍ വരുന്ന ദ്വീപിന്റെ സാമ്പത്തികവും സാമൂഹികവുമായ വികസനം ലക്ഷ്യമാക്കുന്ന ഉത്തരവാദിത്വ ടൂറിസം പദ്ധതിക്ക് വിനോദസഞ്ചാര വകുപ്പ് ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഏതാണ്ട് ഒരു കോടി രൂപയാണ് (98 ലക്ഷം) പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. 18 മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്. പ്രാദേശിക പങ്കാളിത്വത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്ക് കൂടുതല്‍ ശ്രദ്ധ ലഭിക്കണമെങ്കില്‍ ചില പ്രാഥമിക കാര്യങ്ങള്‍ ദ്രുതഗതിയില്‍ നടപ്പിലാക്കേണ്ടതുണ്ട്. വേലിയേറ്റത്തോട് അനുബന്ധിച്ചുണ്ടാകുന്ന പ്രതിസന്ധിയാണ് ഇതില്‍ പ്രധാനം.

കണ്ടല്‍ക്കാടുകളുടെയും വേമ്പനാട്ട് കായലിന്റെയും സൗന്ദര്യം ആസ്വദിക്കാന്‍ സഞ്ചാരികളെത്തണമെങ്കില്‍ ദ്വീപിന്റെ അടിസ്ഥാന സുരക്ഷ പ്രധാനപ്പെട്ടതാണ്. കുടിവെള്ളം, മാലിന്യം, വെള്ളപ്പൊക്കം എന്നീ പ്രശ്നങ്ങള്‍ പ്രസ്തുത ടൂറിസം പദ്ധതിക്ക് വിലങ്ങുതടിയാവും. ദ്വീപിലെ നടപ്പാതകളെല്ലാം നിലവില്‍ വെള്ളം കയറി ചെളി നിറഞ്ഞിരിക്കുകയാണ്. ദ്വീപിന് തെക്ക് സ്ഥിതി ചെയ്യുന്ന മൂന്ന് കുടുംബങ്ങള്‍ തീര്‍ത്തും അനാഥമാണ്. നേരത്തെ മത്സ്യ കൃഷിയുണ്ടായിരുന്ന സമയത്ത് ഈ മൂന്ന് വീടുകളെ ബന്ധിപ്പിക്കുന്ന നടപ്പാതയുണ്ടായിരുന്നു. നിലവില്‍ ഈ നടപ്പാതകള്‍ പൂര്‍ണമായും വെള്ളത്തിലാണ്.
തൃപ്പൂണിത്തറ നിയോജക മണ്ഡലം എംഎല്‍എ എം സ്വരാജിന്റെ ഫണ്ടില്‍ നിന്ന് ദ്വീപിലേക്കുള്ള പാലം നിര്‍മ്മിക്കാനായി തുക അനുവദിച്ചിരുന്നു. പാലം പണി പുരോഗമിക്കുകയാണ്. ദ്വീപിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പാലം വളന്തകാടിന്റെ വികസനത്തില്‍ നിര്‍ണായ സാന്നിദ്ധ്യമാവും. വാട്ടര്‍ മെട്രോ പദ്ധതിയും കൂടെയെത്തുന്നതോടെ വളന്തകാടിന്റെ ടൂറിസം സാധ്യകള്‍ ഏറെ വര്‍ദ്ധിക്കുകയും ചെയ്യും. ദ്വീപിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പരിഹരിക്കാതെ പ്രസ്തുത പദ്ധതികളുടെ ലക്ഷ്യം കൈവരിക്കുക അസാദ്ധ്യമാണ്. പ്രദേശിക പങ്കാളിത്വത്തോടെ നടപ്പിലാക്കുന്ന ടൂറിസം പദ്ധതി വലിയ സാധ്യതയായി നിലനില്ക്കുമ്പോള് തന്നെ വേലിയേറ്റം തീര്‍ക്കുന്ന വെള്ളപ്പൊക്കം 45 കുടുംബങ്ങളെ അരക്ഷിതമായ ജീവിതാവസ്ഥയ്ക്ക് കാരണമാകുമെന്ന് ചുരുക്കം.
നഗരസഭയുടെ ഇടപെടലുകള്‍
മരട് നഗരസഭാ ചെയര്മാന് ആന്റണി ആശാന് പറമ്പില്‍, വൈസ് ചെയര്‍പേഴ്സണും 22-ാം ഡിവിഷന് കൗണ്‍സിലര്‍ കൂടിയായ അഡ്വ. രശ്മി സനില്‍ എന്നിവരുള്‍പ്പെടുന്ന സംഘം ജനുവരി നാലിന് ദ്വീപ് സന്ദര്‍ശിച്ചിരുന്നു. ദ്വീപിലെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് ചെയര്മാന് വ്യക്തമാക്കിയിട്ടുണ്ട്.
'ദ്വീപിലെ 45 കുടുംബങ്ങളും ദയനീവാസ്ഥയിലാണ്. വീടുകളിലേക്ക് വെള്ളം കയറുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. വില്ലേജ് ഓഫീസര്‍ അടക്കമുള്ളവരുടെ സംഘം ദ്വീപ് സന്ദര്‍ശിച്ചു കഴിഞ്ഞു. താലൂക്ക് വഴി സംസ്ഥാന സര്‍ക്കാരിലേക്ക് ദ്വീപിലെ പ്രശ്നമെത്തിക്കാനാണ് നഗരസഭയുടെ ശ്രമം. ഇന്ന് ഡെങ്കിപ്പനി പോലുള്ള പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാനുള്ള പ്രതിരോധ മരുന്ന് ദ്വീപില്‍ വിതരണം ചെയ്തിട്ടുണ്ട്. നടപ്പാത പ്രശ്ന അടിയന്തര സാഹചര്യത്തില്‍ പരിഗണിക്കാന്‍ നഗരസഭ ശ്രമിക്കും. വെള്ളം കയറാതിരിക്കാനുള്ള കോംമ്പൗണ്ട് വാളിന്റെ നിര്‍മ്മാണവും പരിഗണക്കുന്നുണ്ട്. പാലത്തിന്റെ നിര്‍മ്മാണം പോലും മെല്ലെപ്പോക്ക് തുടരുകയാണ്. കുമ്പളങ്ങി ടൂറിസത്തിന് സമാനമായി പ്രദേശിക പങ്കാളിത്വത്തോടെയുള്ള പദ്ധതികള്‍ നടപ്പിലാക്കും. ഇതിനായി അടുത്ത ബജറ്റില്‍ തുക വകയിരുത്തുന്നതാണ്.'
ആന്റണി ആശാന് പറമ്പില്‍ (മരട് നഗരസഭാ ചെയര്മാന്)

ദ്വീപിന്റെ ആവശ്യങ്ങള്‍
വേലിയേറ്റ വെള്ളപ്പൊക്കത്തിന് തടയിടാന്‍ ശാസ്ത്രീയമായ പരിഹാരം കണ്ടെത്തുകയെന്നത് മാത്രമാണ് നിലവില്‍ പ്രദേശ വാസികളുടെ ആവശ്യം. കായലില്‍ നിന്ന് വെള്ളം കയറുന്നത് തടയിടാന്‍ ചുറ്റും ഭിത്തികള്‍ നിര്‍മ്മിക്കണം. മണ്ണിട്ട് ഉയര്‍ത്തിയുള്ള ഭിത്തി നിര്‍മ്മാണത്തിന് മാത്രമായിരിക്കും വേലിയേറ്റങ്ങളില്‍ നിന്ന് ദീര്‍ഘകാലത്തേക്ക് ദ്വീപിനെ സംരക്ഷിക്കാന്‍ കഴിയുക. ഇതിനായി വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട്. ഉപ്പുവെള്ളം കയറി കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്ക് അറ്റകുറ്റപ്പണി നടത്താനുള്ള സാമ്പത്തിക സഹായവും ഇതിനോടൊപ്പം നല്‍കേണ്ടതാണ്.
ദ്വീപിലെ ഓരോ വീടുകളിലേക്കുമുള്ള നടപ്പാതകള്‍ നിര്‍മ്മിക്കണം. വേലിയേറ്റങ്ങളില്‍ വെള്ളം കയറാത്ത രീതിയിലായിരിക്കണം നടപ്പാതയുടെ നിര്‍മ്മാണം. തെക്ക് ഭാഗത്ത് ഒറ്റപ്പെട്ടു കിടക്കുന്ന മൂന്ന് വീടുകളിലേക്കുള്ള വഴികളും നടപ്പാതയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിച്ച് മാലിന്യ നിര്‍മാര്‍ജനവും ശുചീകരണവും നടപ്പിലാക്കേണ്ടതുണ്ട്. മത്സ്യ കൃഷി ചെറുകിട അടിസ്ഥാനത്തില്‍ പുനരാരംഭിക്കുന്നതിന് കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയെന്നതും പരിഗണിക്കപ്പെടേണ്ടതാണ്. കായലുമായി ഇഴകലര്‍ന്ന ജീവിതമാണ് വളന്തകാടിന്റേത്. ഭൂരിഭാഗം പേര്‍ക്കും മറ്റു തൊഴിലുകള്‍ അറിയില്ല. അതുകൊണ്ടു തന്നെ മത്സ്യകൃഷിയെ ദ്വീപിലേക്ക് തിരികെ കൊണ്ടുവരേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!