ടി.ജെ.എസ് ജോര്‍ജ് കണ്ടെടുത്ത പോത്തന് ജോസഫിന്റെ ഇന്ത്യ| Media Roots 16
ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തനത്തില്‍ കേരളത്തില്‍നിന്നുള്ള എക്കാലത്തെയും വലിയ സംഭാവനയാണ് പോത്തന് ജോസഫ്. ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലെ കുലപതിയായ പോത്തന് ജോസഫിന്റെയും ടിജെഎസ് ജോര്‍ജിന്റെയും പ്രവര്‍ത്തന സവിശേഷതനകളാണ് ഇത്തവണ ജോജി ജോര്‍ജ് മീഡിയാ റൂട്ട്സില്‍ എഴുതുന്നത്.
ഫ്രീ പ്രസ് ജേണലിനോടും അതിന്റെ സാരഥിയായ സദാനന്ദിനോടും എന്തെന്നില്ലാത്ത ഒരടുപ്പം ടി ജെ എസ് ജോര്‍ജിന് എന്നും ഉണ്ടായിരുന്നു. പത്രപ്രവര്‍ത്തനരംഗം ഇത്രമേല്‍ മലിനമായിട്ടില്ലാത്ത ആ കാലഘട്ടം ജോര്‍ജിന് ലഹരിയായിരുന്നു.
Also Read: ടിജെഎസ് ജോര്‍ജ്: ഫ്രീ പ്രസ്സിന്റെ പടി ചവിട്ടി ഒരു ഭാരതപര്യടനം| Media Roots 14

ദലാല്‍ സ്ട്രീറ്റ് ബില്‍ഡിങ്ങില്‍ രണ്ടാം നിലയിലായിരുന്നു ഫ്രീ പ്രസ്സിന്റെ എഡിറ്റോറിയല്‍ ഓഫിസ്. അന്ന് ലിഫ്റ്റ് ഒന്നും ഉണ്ടായിരുന്നില്ല. സദാനന്ദിന് പ്രമേഹത്തിന് പുറമെ, കാലില്‍ മന്തുമുണ്ട്. ബോംബെയിലെത്തി അധികം കഴിയുംമുമ്പേ മന്തുരോഗം മൂര്‍ച്ഛിക്കാന്‍ തുടങ്ങി. ചികിത്സകളൊന്നും ഫലിക്കാതായി. ഇടതുകാലിലെ വൃണം വലുതായി പുഴുഅരിക്കുമ്പോള് ആ മനുഷ്യന് പരിസരം മറന്ന് കുട്ടികളെപ്പോലെ പൊട്ടിക്കരയുന്ന കാഴ്ച ആരേയും വിഷമിപ്പിക്കും. ഇതിനിടെ ഹൃദയാഘാതവുമുണ്ടായി. സദാനന്ദ് ഓഫിസിന് താഴെ എത്തുംമ്പോഴേക്കും തടിമിടുക്കുള്ള നാലുപേര്‍ കസേരയുമായി എത്തി അതിലിരുത്തി രണ്ടാം നിലയിലെ ഓഫീസ് മുറിയിലെത്തിക്കും. ഇത്തരത്തിലുള്ള പ്രശ്നങ്ങള്ക്കിടയിലുള്ള സാമ്പത്തികബുദ്ധിമുട്ട് ചിലപ്പോഴെങ്കിലും അദ്ദേഹത്തെ വീര്‍പ്പു മുട്ടിക്കാറുണ്ടായിരുന്നു. എന്നിട്ടും പത്രലോകത്ത് ഒരു സാമ്രാജ്യം പടുത്തുയര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്നതാണ് അത്ഭുതം..!
ജോര്‍ജ് തിരികെ ഫ്രീ പ്രസ്സില്‍ വന്നശേഷം പുതിയൊരു കോളം തുടങ്ങി. 'Aside' (ജി ഒ ജി) എന്ന പേരിലാണ് ജോര്‍ജ് ഈ കോളം തുടര്‍ച്ചയായി എഴുതിയിരുന്നത്. രാഷ്ട്രീയ-സാമൂഹിക പ്രശ്നങ്ങളെ നര്‍മ്മം കലര്‍ന്ന ശൈലിയില്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. 'Aside' അക്കാലത്ത് ഏറ്റവും മികച്ച എരിവും പുളിയും അല്‍പ്പം കയ്പ്പും നിറഞ്ഞ കോളമായിരുന്നു. ജോര്‍ജ് ഈ കോളത്തിന്റെ മാതൃകയായി സ്വീകരിച്ചത് സാക്ഷാല്‍ പോത്തന് ജോസഫിനെയായിരുന്നു. 'Over a cop of tea' എന്നതായിരുന്നു പോത്തന് ജോസഫിന്റെ പ്രതിദിന കോളത്തിന്റെ പേര്.

ഇന്ത്യന്‍ ജേണലിസത്തിന്റെ തലതൊട്ടപ്പനായ പോത്തന് ജോസഫുമായി അടുത്ത് ബന്ധപ്പെടാന്‍ കഴിഞ്ഞ കാലം മുതല്‍ ജോര്‍ജില്‍ പൊട്ടിമുളച്ച അടങ്ങാത്ത ആഗ്രഹമാണ് അത്തരത്തിലുള്ള ഒരു പത്രപംക്തി. മഹാത്മഗാന്ധി, നെഹ്റു, രാജാജി, മുഹമ്മദാലി ജിന്ന, പട്ടേല്‍ എന്നിവരുമായി ഏറ്റവും അടുത്ത സൗഹൃദം സൂക്ഷിച്ചുപോന്ന പോത്തന് ജോസഫ് സ്വതന്ത്രൃത്തിനുമുമ്പ് രണ്ട് പതിറ്റാണ്ടും സ്വതന്ത്ര്യത്തിന് ശേഷം രണ്ട് പതിറ്റാണ്ടും നിശിതമായി തന്റേതായ രീതിയിലുള്ള വിമര്‍ശനം നടത്തി. എല്ലാത്തരം ജീര്‍ണ്ണതകള്‍ക്കുമെതിരെ പടവെട്ടിയ ആളായിരുന്നു. അക്കാലത്തെ പ്രഗത്ഭരായ ചലപതിറാവു, ഖാസാ സുബ്ബറാവു, എടത്തട്ട നാരായണന് എന്നിവരൊക്കെ പോത്തന് ജോസഫിന്റെ ഉറ്റ സുഹുത്തുക്കളായിരുന്നു.
നയതന്ത്രജ്ഞരേയും ഭരണാധികാരികളേയും ശാസ്ത്രജ്ഞരെ യുമെന്നപോലെ ടാക്സി ഡ്രൈവര്‍മാരേയും പൊതുവഴിയില്‍ കള്ളുകുടിച്ച് കറങ്ങിനടന്നിരുന്നവരേയുമൊക്കെ സുഹൃത്തു ക്കളാക്കി മാറ്റിയ പോത്തന് ജോസഫിനെക്കുറിച്ച് ജോര്‍ജിന് എത്രവട്ടം പറഞ്ഞാലും മതിവരില്ലായിരുന്നു. 'ഓവര്‍ എ കപ്പ് ഓഫ് ടീ' എന്ന പ്രതിദിന പംക്തിയെക്കുറിച്ച് അല്‍പ്പം ചിലത് പറയാതെ പോകുന്നത് ശരിയല്ല.
ഓവര്‍ എ കപ്പ് ഓഫ് ടീ
ഏതാണ്ട് 40 സംവത്സരക്കാലം മുടങ്ങാതെ തുടര്‍ന്ന ദിവസക്കോള മായിരുന്നു 'ഓവര്‍ എ കപ്പ് ഓഫ് ടീ'. ഇതൊരുപക്ഷേ, ലോക റെക്കോര്‍ഡ് ആയിരിക്കും. ഇടക്കെപ്പോഴെങ്കിലും മുടങ്ങിയിട്ടു ണ്ടെങ്കില് അത് അധികാരികളുടെ മുന്നില്‍ മുട്ടുമടക്കുന്നതിനേ ക്കാള്‍ നല്ലത് എഴുതാതിരിക്കുന്നതാണ് എന്ന് എഴുത്തുകാരന് തോന്നിയതുകൊണ്ടുമാത്രമാണ്. കേരളം ദേശീയ മാധ്യമ ലോക ത്തിന് സംഭാവന നല്കിയ ഏറ്റവും പ്രതിഭാശാലിയായ പത്രപ്രവര്‍ത്തകന്റെ ഇംഗ്ലീഷ് കോളമായിരുന്നു അത്. എന്നാല്‍ ഒരിക്കല്‍പ്പോലും അതില്‍ പോത്തന് ജോസഫിന്റെ പേര് ചേര്‍ത്തിരുന്നില്ല. ആകാംക്ഷയോടെ വായനക്കാര്‍ ഉറ്റനോക്കിയിരുന്ന 'ഓവര്‍ എ ക്പ്പ് ഓഫ് ടീ' പോത്തന്റേതായിരുന്നുവെന്ന് അറിയാത്തവരായി ആരും തന്നെ ഉണ്ടായിരുന്നില്ല.

ഇനിയുമുണ്ട് റെക്കോഡുകള്‍...! നീണ്ട 35 സംവത്സരക്കാലം അദ്ദേഹം പത്രാധിപരുടെ കസേരയിലിരുന്നു. ഏതാണ്ട് 26 പത്രങ്ങളിലായി പത്രാധിപത്യം വഹിക്കുകമാത്രമല്ല, പത്രം രൂപകല്പന ചെയ്യുക എന്ന ദൗത്യം കൂടി നിര്‍വ്വഹിച്ചിരുന്നു. ഇത്തരം ചാട്ടങ്ങള്‍ വേണ്ടിവന്നത് ഉറച്ച അഭിപ്രായവും നട്ടെല്ലും ഉള്ളതുകൊണ്ടുമാത്രമായിരുന്നു എന്നുകൂടി ഓര്‍ക്കണം. ഇന്ന് എല്ലാവര്ക്കും അറിയാവുന്ന ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യന്‍ എക്സ്പ്രസ്, ഡെക്കാന്‍ ഹെറാള്‍ഡ്, എന്തിനുപറയുന്നു മുഹമ്മദാലി ജിന്ന തുടങ്ങിയ പത്രമായ 'ഡോണ്‍' വരെയുള്ള പ്രസിദ്ധീകരണങ്ങള്‍ക്ക് മേല്‍വിലാസം ഉണ്ടാക്കിക്കൊടുക്കാന്‍ പോത്തന് ജോസഫിന് കഴിഞ്ഞു.
ആര് എസ് എസിന് മേല്‍കൈയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടിയും പത്രനിര്മ്മിതിക്ക് പോത്തന് ജോസഫ് ഒരുക്കമായിരു ന്നുവെന്ന് കേട്ടിട്ടുണ്ട്. അതിന് അദ്ദേഹം പറയുന്നൊരു ന്യായമുണ്ട്. ഒരു വക്കീലിനെ കേസ് നടത്താന്‍ ആരെല്ലാം ഏല്‍പ്പിക്കുന്നു. അതുപോലെ വ്യത്യസ്ത ആശയങ്ങള്‍ക്കുവേണ്ടി വാദിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നും പത്രാധിപര്‍ താനായിരിക്കുന്ന കാലത്തോളം ദേശീയതയ്ക്ക് കോട്ടം തട്ടാതെ നോക്കാന്‍ തനിക്കറിയാമെന്നു മായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. ആദര്‍ശങ്ങള്‍ക്കു വേണ്ടി നിലകൊള്ളാന്‍ പത്രമുടമകള്‍ വിലങ്ങുതടിയാകുമെന്ന് കാണുമ്പോഴാണ് അദ്ദേഹം അവിടെനിന്നും പടിയിറങ്ങുന്നത്. ഒട്ടേറെക്കാലമൊന്നും ജിന്നയുടെ ഡോണ്‍ പത്രത്തില്‍ ഇരുന്നില്ല. അവിടെനിന്നും രാജിവച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: വാദിക്കുന്ന തിനും ഒരു പരിധിയൊക്കെയില്ലേ..? എന്നായിരുന്നു..!
ദേശീയ നേതാക്കളില്‍ ഗാന്ധിജി മുതല്‍ ജിന്നവരെയുള്ളവര് പോത്തന് ജോസഫിന്റെ ഉറ്റ മിത്രങ്ങളായിരുന്നു. 'ഓവര്‍ എ കപ്പ് ഓഫ് ടീ' നര്‍മ്മമധുരമായ പരിഹാസങ്ങളും അതികഠിനമായ വിമര്‍ശനങ്ങളും നിറഞ്ഞതായിരുന്നു.

പോത്തന് ജോസഫും ജോര്‍ജ് ജോസഫും
പോത്തന് മൂത്ത സഹോദരന് ജോര്‍ജ് ജോസഫില്‍ നിന്നാണ് ക്ലാസിക് വായനകളുടെ ലോകം തുറന്നുകിട്ടിയത്. നിത്യേന പഠിക്കുക എന്നത് ജീവിതചര്യയാക്കിമാറ്റിയ മഹാനായിരുന്നു ജോര്‍ജ് ജോസഫ്. പ്രസംഗിക്കാനും എഴുതാനും നൈസര്‍ഗീക മായ വാസനയുണ്ടായിരുന്നു. ഹോമര്‍, ഷേക്സ്പിയര്, വാല്മീകി, കാളിദാസന് ഇവയെല്ലാം അദ്ദേഹം പോത്തന് പരിചയപ്പെടുത്തിക്കൊടുത്തു. വിശ്വസാഹിത്യത്തിലെ പ്രസിദ്ധമായ പരിച്ഛേദങ്ങള്‍ മനഃപാഠമാക്കാനും ഉരുവിടാനും പരിശീലിപ്പിച്ചു. നീണ്ട ഗദ്യഭാഗങ്ങള്പോലും മനഃപാഠമാക്കാന്‍ പോത്തന് ജോസഫിന് കഴിഞ്ഞിരുന്നു. വാര്‍ധക്യ കാലത്തും പുതിയനിയമത്തിലെ ആക്ടസ് ഓഫ് ദി അപ്പോസില്സിന്റെ 26ാം അദ്ധ്യായം അദ്ദേഹത്തിന് വള്ളി പുള്ളി തെറ്റാതെ ഉരുവിടാന്‍ കഴിയുമായിരുന്നുവെന്ന് ടി ജെ എസ് ജോര്‍ജ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. പോത്തന് ജോസഫിന്റെ നിലപാടുകള്‍ വ്യക്തമാക്കാന്‍ ലോക ക്ലാസിക്കുകളിലെ ഉദ്ധരണികള്‍ എടുത്തുപ്രയോഗിക്കുന്നതിലെ അനായസത ചെറുപ്പത്തിലെതന്നെ അദ്ദേഹം തുടങ്ങിവച്ച പഠനപരിപാടികളുടെ ഫലമായിരുന്നു.
1920കളിലാണ് ഓവര്‍ എ കപ്പ് ഓഫ് ടി എന്ന കോളം ആരംഭിക്കുന്നത്, ലോകത്തിലെതന്നെ ആദ്യ രാഷ്ട്രീയ-സാംസ്ക്കാരിക പ്രതിദിന പംക്തിയെന്ന് ഫ്രാങ്ക് മൊറൈസ് എന്ന പ്രഗത്ഭനായ പത്രാധിപര്‍ തന്നെ വിശേഷിപ്പിച്ചിട്ടൂണ്ട്. പോത്തനുശേഷം ഏറെപ്പേരൊന്നും ഇത്തരത്തിലുള്ള പ്രതിദിന പംക്തി തുടങ്ങാന്‍ ധൈര്യം കാണിച്ചിട്ടുമില്ല. എഴുത്തിന്റെ ആ മാസ്മരീക ശൈലിതന്നെയാണ് പോത്തന് ജോസഫിനെ ഏറെ ശ്രദ്ധേയനാക്കിയത്. തികച്ചും തന്റേതുമാത്രമായ പാത തെളിച്ചെടുത്തു. സംഭവങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യഖ്യാനങ്ങള്‍ കളങ്കരഹിതമായിരുന്നു. കാഴ്ചപ്പാടുകള്‍ തീര്‍ത്തും പ്രവചനാതീതവും. ഇന്ത്യന്‍ പത്രപ്രവര്‍ത്തനരംഗത്തെ ഏറ്റവും മൗലീകതയുള്ള ചിന്തയുടെ ഉടമയായിരുന്നു പോത്തനെന്ന് ടി ജെ എസ് ജോര്‍ജ് വിശേഷിപ്പിക്കുന്നു. സൂര്യകിരണങ്ങള്‍പോലെ ജ്വലിക്കുന്നതായിരുന്നു ഓവര്‍ എ കപ്പ് ഓഫ് ടിയിലെ ഉപമകളും അലങ്കാരങ്ങളും. നര്‍മ്മോക്തിയുടെ പെരുന്തച്ചന് എന്നും ഇന്ത്യയിലെ ഏറ്റവും മികച്ച എഴുത്തുകാരനെന്നുമൊക്കെയാണ് രാജഗോപാലാചാരി പോത്തനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.

ആക്ഷേപഹാസ്യത്തിന് ഏറ്റവും മികച്ച ഉദാഹരണമായിരുന്നു ചായക്കോപ്പയില്നിന്നും പുറത്തുവരുന്ന നര്‍മ്മം വിതറിയ കൊടുങ്കാറ്റ്. സ്ഫുടം ചെയ്തെടുത്ത ഹാസ്യബോധം അദ്ദേഹത്തിന്റെ ബുദ്ധികൂര്‍മ്മതയുടെ അവിഭാജ്യഘടകമായിരുന്നു. മിക്കപ്പോഴും അത്രയധികം വാക്കുകളൊന്നും വേണ്ടിവന്നിട്ടില്ല. ഉദാഹരണത്തിന് മാനേജിങ് എഡിറ്റര്‍മാരെ അദ്ദേഹം ഡാമേജിങ് എഡിറ്റര്‍മാരാക്കി. കപ്പടാമീശയുള്ള പാകിസ്താനി മന്ത്രിയെ 'ആ പോക്കിരി മീശ' എന്നുവിളിച്ചപ്പോള്‍ ഉണ്ടായ പുകില് ചില്ലറയല്ല. ബോംബെയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഗോഡ് ഫാദറായിരുന്ന എസ് കെ പാട്ടീലിനെ ഷുവര്‍ കില്ലര്‍ പാട്ടില്‍ എന്നാണ് തലക്കെട്ട് നല്‍കിയത്. അങ്ങനെ ഇത്രയേറെ ശ്രദ്ധിക്കപ്പെട്ട ഒരു പക്തിയില്‍ ടി ജെ എസ് ആകൃഷ്ടനായില്ലെങ്കിലെ അത്ഭുതപ്പെടേണ്ടതുള്ളു. ആ വീരാരാധനയുടെ ഉല്‍പ്പന്നമാണ് പോത്തന് ജോസഫിന്റെ ഇന്ത്യ: ഒരു ജീവചരിത്രം എന്ന അമൂല്യ ഗ്രന്ഥം. ജേണലിസം പഠിക്കാനാഗ്രഹിക്കുന്നവരെ സംബന്ധിച്ചിട ത്തോളം അമൂല്യമായ ഗ്രന്ഥം.
പോത്തന് ജോസഫിനെക്കുറിച്ച് ടി ജെ എസ് എഴുതിയ ആ പുസ്തകത്തെക്കുറിച്ച് പ്രസിദ്ധ കാര്ട്ടൂണിസറ്റ് അബു എബ്രഹാം 1992 ഏപ്രില്‍ ഏഴിന് ഇന്ത്യാടുഡേയിലെ 'ഒരു രാജശില്പിയുടെ കാല്‍പ്പാടുകള്‍' എന്ന് പുസ്തകാവലോകനത്തില്‍ പറയുന്നതിങ്ങനെ:
'ഇന്ത്യയില്‍ സ്വാതന്ത്രൃ സമ്പാദനത്തിന് മുമ്പുണ്ടായിരുന്ന മഹാന്മാരായ പത്രാധിപന്മാരില് ശരിക്കും 'അതികായന്' തന്നെയായിരുന്നു. അവരില്‍ ചിലരെ നേരിട്ടറിയാനും മറ്റുചിലരെ നിരീക്ഷിക്കാനും എനിക്കവസരം ലഭിച്ചിട്ടുമുണ്ടായിരുന്നു. ചിലര്‍ നന്നായി എഴുതുമായിരുന്നെങ്കിലും വായനക്കാരെ ബോറടിപ്പിച്ചിരുന്നു. ചിലര്‍ ഊര്ജ്വസ്വലരായിരുന്നെങ്കിലും സ്വേച്ഛാധിപതികളായിരുന്നു. മുഖപ്രസംഗമെഴുതല് മാത്രമാണ് പത്രാധിപരുടെ ജോലി എന്നു ധരിച്ച ചിലര്‍ക്ക് പത്രത്തിന്റെ മറ്റുകാര്യങ്ങളിലോ പത്രത്തിലെ മറ്റുജീവനക്കാരിലോ യാതൊരു താല്‍പ്പര്യവുമുണ്ടായിരുന്നില്ല. പക്ഷേ, അവരെല്ലാം തന്നെ കറകളഞ്ഞ ദേശസ്നേഹികളായിരുന്നു എന്നതില്‍ തര്‍ക്കമില്ല. തന്റെ കീഴിലുള്ള സാധാരണ പത്രപ്രവര്‍ത്തകരുടെ ക്ഷേമത്തില്‍ താല്‍പ്പര്യമില്ലാത്ത ചില പത്രാധിപന്മാര് ' പത്രപ്രവര്‍ത്തനം ഒരു വിശുദ്ധ ദൗത്യ'-മാണെന്ന് പത്രാധിപ സമിതി അംഗങ്ങളോട് എപ്പോഴും പറയുമായിരുന്നു. റിപ്പോര്‍ട്ടര്‍മാരും സബ്-എഡിറ്റര്‍മാരും കൂടുതല്‍ പണം ചോദിക്കുന്നത് മാന്യതയല്ലെന്നായിരുന്നു ധാരണ. എന്നാല്‍ വിശുദ്ധ ദൗത്യത്തെക്കുറിച്ച് ഉദ്ബോധനം നടത്തിയിരുന്ന ഈ പത്രാധിപന്മാരുടെ ശമ്പളം ഈ റിപ്പോര്‍ട്ടര്‍മാരുടേയും സബ്-എഡിറ്റര്‍മാരുടെയും ശമ്പളത്തിന്റെ ഇരുപതോ, മുപ്പതോ ഇരട്ടിയായിരുന്നു. പക്ഷേ, ജീവിതസാഹചര്യം എന്തുതന്നെയായാലും ആ കാലഘട്ടം ഒരു പത്രപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം ആവേശകരമായിരുന്നു.'

ഇന്ത്യന്‍ എക്സ്പ്രസിന്റെ പ്രഗത്ഭരായ പത്രാധിപന്മാരില് പോത്തന് ജോസഫിന് ഒരു പ്രത്യേകസ്ഥാനമുണ്ട്. അക്ഷരാര്‍ത്ഥത്തില്‍തന്നെ അദ്ദേഹം ഒരു ബഹുമുഖപ്രതിഭയായിരുന്നു. എന്നാല്‍ അഹംഭാവം ഒട്ടും തന്നെ അദ്ദേഹത്തെ തീണ്ടിയിരുന്നില്ല. ആത്മനിന്ദ കലര്‍ന്ന ഒരു നിസാരഭാവത്തിലാണ് അദ്ദേഹം സ്വയം വിലയിരുത്തിയിരുന്നത്. നിശിതമായ ആക്ഷേപഹാസ്യവും ഗഹനതയാര്‍ന്ന ഫലിതവും അദ്ദേഹത്തിന്റെ രചനകളുടെ സവിശേഷതയായിരുന്നു. പരസ്യമായി ചിരിച്ചുപോയാല്‍ അത് തങ്ങളുടെ അന്തസ് കുറച്ചേക്കുമെന്നായിരുന്നു അന്നത്തെ പത്രാധിപന്മാരുടെ ധാരണ. സ്വയം ഹാസ്യവിഷയമാകുക എന്നതാകട്ടെ അവര്‍ക്ക് അചിന്ത്യവുമായിരുന്നു. പോത്തന് ജോസഫിന്റെ രചനകള്‍ വായിക്കുന്നത് ആഹ്ലാദകരമായ ഒരനുഭവമാണ്. സ്വീകാര്യമായ ഒരു ശൈലിയും ഗാംഭീര്യവും നര്‍മ്മവും ആ രചനകള്‍ക്കുണ്ട്. അനാവശ്യമായ വാചകക്കസര്‍ത്തുകള്‍ക്ക് അദ്ദേഹം വശംവദനായിരുന്നില്ല. ഇന്ത്യന്‍ പത്രങ്ങളെ വിക്ടോറിയന്‍ ഇംഗ്ലീഷ് ബാധ വിട്ടൊഴിഞ്ഞത് വളരെ അടുത്തകാലത്താണ്. എന്നാല്‍ അരനൂറ്റാണ്ടിന് മുമ്പേ തന്നെ ഇന്നു നാം ആധുനികമെന്നു കാണുന്ന ഇംഗ്ലീഷ് ശൈലിയില്‍ എഴുതാന്‍ പോത്തന് ജോസഫിന് സാധിച്ചിരുന്നു. ബൈബിളിന്റെ ഒഴുക്കും ലാളിത്യവും തികഞ്ഞതായിരുന്നു ആ ഗദ്യശൈലി.
ഒരിക്കല്‍ മുഹമ്മദാലി ജിന്ന മദ്യത്തോടുള്ള തന്റെ താല്‍പ്പര്യത്തെ ക്കുറിച്ച് പോത്തന് ജോസഫിനോട് സംസാരിക്കുകയുണ്ടായി. അതുകേട്ട് പോത്തന് പറഞ്ഞു: മിസ്റ്റര്‍ ജിന്ന, താങ്കളുടെ രക്ഷിതാ ക്കള്‍ പേരില്‍ 'ജിന്‍' ചേര്‍ത്തുവയ്ക്കാന്‍ മാത്രം സമ്പന്നരായിരുന്നു. എനിക്കാണെങ്കില്‍ അതിനുള്ള വക സ്വയം കണ്ടെത്തുകതന്നെ വേണം'.
ഇത്തരം രസകരമായ സംഭവ വിവരണങ്ങള്‍ ഒട്ടേറെയുണ്ട് ടി ജെ എസ് ജോര്‍ജിന്റെ പുസ്തകത്തില്‍. സൂഷ്മമായ ഗവേഷണ ബുദ്ധി യോടെ പോത്തന് ജോസഫിന്റെ ജീവിതത്തേയും ആ കാലഘട്ട ത്തേയും പരിശോധിച്ചിട്ടുണ്ട് ഗ്രന്ഥകാരന്. അക്കാലത്തെ പത്ര ലോകത്തെ രാജശില്പിയായിരുന്ന ജോസഫിന്റെ സവിശേഷ വ്യക്തിത്വം സമഗ്രമായിത്തന്നെ പ്രതിപാദിക്കാന്‍ ജോര്‍ജിന് സാധിച്ചിരിക്കുന്നു.

പോത്തന് ജോസഫിന്റെ കുടുംബജീവിതം ദുഃഖപൂര്‍ണ്ണമായിരുന്നു. ജോസഫ് ഒരു കടുത്ത മദ്യപാനി ആയിരുന്നതുകൊണ്ടായിരുന്നോ അതെന്ന് ജോര്‍ജ് സന്ദേഹിക്കുന്നുണ്ട്. ജോസഫിന്റെ ഭാര്യ അന്ന ഒരു സാധു സ്ത്രീയായിരുന്നു. പാചകത്തിലും ഹാര്‍മോണിയ ത്തിലും മാത്രമായിരുന്നു അവര്‍ക്ക് താല്‍പ്പര്യം. ജോസഫ് അതില്‍ ആദ്യത്തേത് ഇഷ്ടപ്പെടുകയും രണ്ടാമത്തേത് വെറുക്കുകയും ചെയ്തു. ജോസഫിന്റെ ഒരു മകള്‍ അസാധാരണമായ രോഗം വന്ന് മരണമടഞ്ഞു. ഒരു വീഴ്ചപറ്റിയതിനെത്തുടര്ന്ന് അന്നയും അവശയായിത്തീര്‍ന്നു.
ജോസഫ് കുടുംബത്തെ സ്നേഹിച്ചതിനേക്കാള്‍ പത്രപ്രവര്‍ത്തന ത്തെ സ്നേഹിച്ചു. സ്വന്തം നാടിനേയും അദ്ദേഹം സ്നേഹിച്ചു. രാജ്യം സ്വതന്ത്രമായിക്കാണാന് ആഗ്രഹിച്ചു. എന്നാല്‍ രാജ്യസ്നേഹത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയത്തില്‍ നിന്നും വ്യത്യസ്തമായ ഒരു കലയായിട്ടാണ് അദ്ദേഹം പത്രപ്രവര്‍ത്തനത്തെ കണ്ടത്.
തിരുവിതാംകൂര്‍ ദിവാനായിരുന്ന സര് സി.പി രാമസ്വാമി അയ്യരുമായുള്ള ജോസഫിന്റെ ഏറ്റുമുട്ടല്‍ കേരളിയരായ വായനക്കാര്‍ക്ക് പ്രത്യേക താല്‍പ്പര്യമുള്ള സംഭവമാണ്. സ്റ്റേറ്റ് കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന മലയാള മനോരമ, നാഷ്ണല്‍ & ക്വയ്ലോണ് ബാങ്ക് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ സി പി സന്ധിയില്ലാ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. സി പിയുടെ സ്വേച്ഛാധിപത്യനടപടികളെക്കുറിച്ച് എക്സ്പ്രസില്‍ ലേഖനങ്ങും റിപ്പോര്‍ട്ടുകളും കാര്‍ട്ടൂണുകളും നിരന്തരം വന്നുകൊണ്ടിരുന്നു. ജോസഫിന്റെ പതിവു പംക്തിയിലും സി പി വിമര്‍ശിക്കപ്പെട്ടു. തുടക്കത്തില്‍ ഇന്ത്യന്‍ എക്സ്പ്രസ് ഉടമ രാമനാഥ് ഗോയങ്ക ജോസഫിനോടൊപ്പമുണ്ടായിരുന്നു. പിന്നീട് ഗോയങ്ക സി പിയുടെ ഭീഷണികള്‍ക്ക് വഴങ്ങി. മനോരമയും നാഷ്ണല്‍ & ക്വയ്ലോണ് ബാങ്കുമായും ഉള്ള വ്യക്തിപരമായ ബന്ധമാണ് (പോത്തന് ജോസഫിന്റെ ഭാര്യ മനോരമ കുടുംബത്തില്‍ നിന്നുമായിരുന്നു) ജോസഫിന്റെ വിമര്‍ശനത്തിന് പിന്നിലെന്ന് സി പിയുടെ ആള്ക്കാര് പ്രചരിപ്പിച്ചു. പക്ഷേ, ജോസഫ് തന്റെ നിഷ്പക്ഷ നിലപാട് തുടര്‍ന്നു. ഇന്ത്യന്‍ എക്സ്പ്രസിന് സാമ്പത്തിക ബന്ധമുണ്ടായിരു ന്ന മദ്രാസിലെ സിറ്റി ബാങ്ക് ഉടമയെ സി പി ഭീഷണിപ്പെടുത്തി. സി പിയുടെ തന്ത്രങ്ങള്‍ മൂലം സിറ്റി ബാങ്ക് പൊളിഞ്ഞു. ബാങ്ക് ഡയറക്ടര്‍ എന്ന നിലയ്ക്ക് ജോസഫിന് 7000 രൂപയുടെ ബാധ്യത ഏറ്റെടുക്കുകയും ചെയ്യേണ്ടിവന്നു. അതോടെ പോത്തന് ജോസഫ് ഇന്ത്യന്‍ എക്സ്പ്രസ് വിട്ടു. പത്രപപ്രവര്ത്തകര്ക്ക് അനുകരി ക്കാന്‍ പറ്റിയ മാതൃകയൊന്നുമായിരുന്നില്ല അദ്ദേഹം. ആര്‍ക്കും അനുകരിക്കാനാവാത്ത 'ഒറിജിനല്‍' തന്നെയായിരുന്നല്ലോ പോത്തന് ജോസഫ്.
മികച്ചരീതിയില്‍ നിര്‍മ്മിക്കപ്പെട്ട ഈ പുസ്തകത്തിന്റെ നിര്‍മ്മിതിയും മെച്ചപ്പെട്ടതുതന്നെ. അനാകര്‍ഷമായ പുറം ചട്ടയെ മാറ്റിനിര്‍ത്തിയാല്‍ പോത്തന് ജോസഫിന്റെ ഏതാനും മാതൃകകള്‍ അടങ്ങുന്ന ശ്രദ്ധേയമായ ഒരനുബന്ധവും ഈ പുസ്തകത്തിലുണ്ട്. ജോര്‍ജിന്റെ ഊര്‍ജസ്വലമായ രചനാശൈലിവിഷയത്തിന് തികച്ചും ഇണങ്ങുന്നതുതന്നെ.
എഴുപത്തിയഞ്ചാം വയസ്സില്‍ പോത്തന് ജോസഫ് കിടപ്പിലായി. അതിനുമുമ്പേതന്നെ ഒരു കാര്‍ അപകടത്തെത്തുടര്‍ന്ന് അവശനായിക്കഴിഞ്ഞിരുന്നു. 1972ന്റെ മധ്യത്തോടെ ഓര്‍മ്മയും കുറഞ്ഞു. മറ്റുള്ളവരുമായി ആശയവിനിമയം നടത്താനുള്ള താല്പര്യം പോലും നഷ്ടപ്പെട്ടു. ആ വര്‍ഷം നവംബര്‍ രണ്ടാം തിയതി പ്രഭാതത്തില്‍, പതിവുള്ള ചായക്കായി അദ്ദേഹം കാത്തിരുന്നില്ല. ഏതാണ്ട് മൂന്നുമണിയോടെ നിദ്രയില്‍, നിശബ്ദമായി മരണം നടന്നിരുന്നു. പോത്തന് ജോസഫിന് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നല്കി രാഷ്ട്രം ആദരിച്ചു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
വാജ്പേയി കാലത്തെ ഔട്ട്ലുക്ക് റെയ്ഡും മാധ്യമ മത്സരവും| Media Roots 12
വിനോദ് മേത്തയ്ക്ക് പറ്റിയ അമളിയും ഔട്ട്ലുക്കിന്റെ വളര്‍ച്ചയും| Media Roots 13
ടിജെഎസ് ജോര്‍ജ്: ഫ്രീ പ്രസ്സിന്റെ പടി ചവിട്ടി ഒരു ഭാരതപര്യടനം| Media Roots 14
കപ്പല്‍ കുശിനിക്കാരന്റെ വേഷം; കടല്‍യാത്രാ രസം തേടി ടിജെഎസിന്റെ പരീക്ഷണങ്ങള്‍| Media Roots 15