നിയമ ലംഘനങ്ങള്‍ക്ക് വന്‍തുക പിഴയും കടുത്ത ശിക്ഷയും നല്കുന്ന ഭേദഗതി വരുത്തിയ മോട്ടോര്‍ വാഹന നിയമ സെപ്റ്റംബര്‍ ഒന്ന് മുതലാണ് പ്രാബല്യത്തിലായത്. വലിയ തോതിലുളള വിമര്‍ശനങ്ങളാണ് പുതിയ നിയമത്തിനെതിരെ ഉയര്‍ന്നത്.
സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്കുളള പിഴത്തുക പകുതിയായി കുറയ്ക്കാന്‍ സാധ്യത. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ മോട്ടോര്‍ വാഹന നിയമത്തിനെതിരെ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും പരാതികളും ഉയര്‍ന്നിരുന്നു. ഗുജറാത്ത് അടക്കമുളള സംസ്ഥാനങ്ങള്‍ പുതിയ പിഴത്തുക വെട്ടികുറയ്ക്കുകയും ചെയ്തു. ഈ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് പിഴത്തുക കുറയ്ക്കാനുളള നീക്കം.
ഗതാഗത നിയമലംഘനത്തിനുളള പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്ന് കഴിഞ്ഞദിവസം കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഇതിന് പിന്നാലെ സംസ്ഥാനത്ത് ഉയര്‍ന്ന പിഴത്തുക ഈ മാസം 16വരെ ഈടാക്കേണ്ടതില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനും അറിയിച്ചിരുന്നു. അടുത്ത തിങ്കളാഴ്ചയ്ക്കകമാണ് കേന്ദ്രത്തിന്റെ ഭേദഗതി പ്രതീക്ഷിക്കുന്നത്. അതുവരെ ബോധവത്കരണം തുടരാനാണ് നിര്‍ദേശം.
പിഴത്തുക കുറയ്ക്കുന്നത് ഇങ്ങനെ
ഹെല്‍മറ്റ്, സീറ്റ്ബെല്‍റ്റ് എന്നിവ ധരിക്കാതെയുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ആയിരം രൂപ ഈടാക്കാനാണ് പുതിയ നിയമം നിര്‍ദേശിക്കുന്നത്. ഇത് അഞ്ഞൂറായി കുറയ്ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം. ലൈസന്‍സ് ഇല്ലാതെ വണ്ടിയോടിക്കുന്നതിനുള്ള അയ്യായിരം രൂപ പിഴ മൂവായിരമാക്കി കുറയ്ക്കും. പെര്‍മിറ്റ് ലംഘനം, ഓവര്‍ ലോഡ് എന്നിവയ്ക്കുള്ള കനത്ത പിഴയിലും ഇളവു വരുത്തും. അതേസമയം മദ്യപിച്ചുള്ള ഡ്രൈവിങ്ങിനുള്ള പിഴ തുക കേന്ദ്ര നിയമത്തിലുള്ള പതിനായിരമായി നിലനിര്‍ത്തും. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ചാലും പുതിയ നിയമ പ്രകാരമുളള 5,000 രൂപ തന്നെ ഈടാക്കാനാണ് ആലോചന.
ഗതാഗത സെക്രട്ടറിയെ നിയമിച്ച് സര്‍ക്കാര്‍
കേന്ദ്രസര്‍ക്കാര്‍ ഗതാഗത നിയമത്തില്‍ ഭേദഗതി വരുത്തിയതിന് പിന്നാലെ ഉത്തരവ് നടപ്പിലാക്കി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. വന്‍ പിഴ ചുമത്താന്‍ തുടങ്ങിയതോടെ പലരും പ്രതിഷേധമുയര്‍ത്തി. തുക അടയ്ക്കാന്‍ തയ്യാറായതുമില്ല. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തന്നെ പുതിയ നിയമത്തിനെതിരെ വിമര്‍ശനമുന്നയിക്കുകയും ചെയ്തു. ഇതോടെയാണ് പുതിയ നിയമം പുനഃപരിശോധിക്കാനും ഓണക്കാലം കഴിയുംവരെ തത്കാലം നടപ്പിലാക്കേണ്ടതെന്നും സര്‍ക്കാര്‍ തീരുമാനിച്ചത്. ഓര്‍ഡിനന്‍സ് ഇറക്കി വന്‍പിഴ ഈടാക്കുന്ന നിയമത്തെ മറികടക്കാനായിരുന്നു ആലോചന. ഒരിക്കല്‍ വിജ്ഞാപനം ചെയ്ത നിയമം പിന്‍വലിക്കാന്‍ കഴിയില്ലെന്ന നിയമോപദേശം ലഭിച്ചതോടെ അതില്‍ നിന്ന് പിന്മാറി. സംസ്ഥാനങ്ങള്‍ക്ക് പിഴത്തുക തീരുമാനിക്കാമെന്ന് കേന്ദ്രഗതാഗതമന്ത്രി പറഞ്ഞതോടെ പിഴത്തുകയില്‍ ഇളവ് നല്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുകയും ചെയ്തു.
പിഴത്തുക കുറയ്ക്കുന്നത് സംബന്ധിച്ച് നിയമവശങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് ഗതാഗത സെക്രട്ടറി കെ.ആര് ജ്യോതിലാലിനോട് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് ആവശ്യപ്പെട്ടു. ഈ മാസം 16നകം റിപ്പോര്‍ട്ട് നല്‍കണം. കുറഞ്ഞ തുകയ്ക്ക് തൊട്ടുമുകളിലുളള തുക പിഴയായി ഈടാക്കാനാണ് ആലോചന. നിയമം നടപ്പിലാക്കാത്ത സംസ്ഥാനങ്ങളുടെയും പിഴത്തുക പകുതിയായി കുറച്ച ഗുജറാത്ത് അടക്കമുളള സംസ്ഥാനങ്ങളുടെ നടപടികൾ പരിഗണിച്ചായിരിയ്ക്കും തീരുമാനം.
ബിജെപി സര്‍ക്കാര്‍ ഭരിയ്ക്കുന്ന ഗോവ, മഹാരാഷ്ട്ര, ബിജെപി സഖ്യം ഭരിക്കുന്ന ബീഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ പിഴത്തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. റോഡുകള്‍ ശരിയാക്കിയ ശേഷമെ പുതിയ നിയമപ്രകാരമുളള തുക ഈടാക്കുകയുളളുവെന്നാണ് ഗോവ അറിയിച്ചത്. തമിഴ് നാട് സർക്കാരും പിഴ കുറയ്ക്കാൻ തീരുമാനിച്ചു. ബി ജെ പി ഭരിക്കുന്ന ഗുജറാത്ത് സര്‍ക്കാരാകട്ടെ പിഴത്തുക കാര്യമായി കുറച്ചിരുന്നു.ചില പിഴകളുടെ പുതുക്കിയ നിരക്ക് 90ശതമാനം വരെ ഗുജറാത്ത് വെട്ടിക്കുറച്ചു. ഈ രീതി പിന്‍പറ്റാനാണ് കര്‍ണാടകയുടെയും നീക്കം. ആന്ധ്രാപ്രദേശ്, രാജസ്ഥാന്, മധ്യപ്രദേശ് സര്‍ക്കാരുകള്‍ പുതിയ നിയമം നടപ്പിലാക്കിയിട്ടില്ല.