425 അധിക സീറ്റ് കൂടി; ആദിവാസി വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഭാഗിക പരിഹാരം; നവംബറില്‍ വിദ്യാഭ്യാസ മെമ്മോറിയല്‍
സെപ്റ്റംബര്‍ 28 മുതല്‍ സുല്‍ത്താന്‍ ബത്തേരി സിവില്‍ സ്റ്റേഷനു മുന്നില്‍ നടന്നുവരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം അവസാനിപ്പിക്കും
വര്‍ഷങ്ങളായി വയനാട് ജില്ലയിലെ ആദിവാസി വിദ്യാര്‍ത്ഥികളോട് തുടര്‍ന്ന് വന്നിരുന്ന വിവേചനത്തിന് ഭാഗിക പരിഹാരമായി 425 വിദ്യാത്ഥികള്‍ക്ക് സീറ്റ് വര്‍ധിപ്പിച്ചു ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ് ഉത്തരവിറക്കി.
ഇതോടെ വയനാട്ടില്‍ ഏകജാലക പ്രവേശനം, MRS, VHSE തുടങ്ങിയ എല്ലാ മേഖലകളിലുമായി 1864 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാന്‍ കഴിയും എന്നാണ് കണക്കാക്കുന്നത്. നൂറുകണക്കിന് ആദിവാസികുട്ടികളെ സ്കൂളിന് പുറത്ത് നിര്‍ത്തി പ്രവേശന നടപടികള്‍ അവസാനിപ്പിക്കുന്ന രീതിയാണ് വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്നത്. ഈ വിവേചനത്തിന് ഇതോടെ ഏറെക്കുറേ പരിഹാരമായി.
പ്രവേശന നടപടികള്‍ അവസാനിപ്പിച്ച്, ക്ലാസുകള്‍ തുടങ്ങി നിരവധി ദിവസങ്ങള്‍ക്കുശേഷം ആദിവാസി കുട്ടികള്‍ക്കായി സ്പോട്ട് അലോട്ട്മെന്റ് നടത്തി ഏതാനും സ്കൂളുകളിലും പാരലല്‍ കോളേജുകളിലും കുട്ടികളെ ഏല്‍പ്പിക്കുന്ന അശാസ്ത്രീയ രീതിയാണ് സ്പോട്ട് അലോട്ട്മെന്റ്. പുതിയ ഉത്തരവിലൂടെ മറ്റു കുട്ടികള്‍ക്കൊപ്പം ആദിവാസി കുട്ടികള്‍ക്കും സ്കൂള്‍ തുറന്ന ദിവസം സ്കൂള്‍ പ്രവേശനം സാധ്യമാകും. കൊറോണ കാലത്തെ അതിജീവിച്ച് ആദിവാസി കുട്ടികള്‍ നടത്തിയ സത്യാഗ്രഹ സമരവും, അതിന് കേരളത്തിലെ ജനാധിപത്യ സമൂഹം നല്കിയ പിന്തുണയും വിദ്യാര്‍ത്ഥി സമരത്തിന്റെ ഭാഗിക വിജയത്തിന് കാരണമായിട്ടുണ്ടെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു.
ഈ സാഹചര്യത്തില്‍ സെപ്റ്റംബര്‍ 28 മുതല്‍ സുല്‍ത്താന്‍ ബത്തേരി സിവില്‍ സ്റ്റേഷനു മുന്നില്‍ നടന്നുവരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം അവസാനിപ്പിക്കും. നവംബര്‍ 2ന് സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്കൂളിന് മുന്നില്‍ കാലത്ത് 11 മണിക്ക് അക്ഷര മഹോത്സവും വൈകിട്ട് മൂന്നുമണിക്ക് സുല്‍ത്താന്‍ ബത്തേരി ടൗണില്‍ വിദ്യാഭ്യാസ അവകാശ സമ്മേളനവും നടത്തുന്നതോടെ സത്യാഗ്രഹ സമരം അവസാനിപ്പിക്കും.
Also Read: ഞങ്ങള്‍ അടയ്ക്ക പറിക്കാനും ഞണ്ട് പിടിക്കാനും തന്നെ പോകണോ?| ജയിച്ചിട്ടും പുറത്താകുന്ന ആദിവാസി കുട്ടികള്‍
425 കുട്ടികള്‍ കൂടി ഒറ്റ ഉത്തരവിലൂടെ പ്രവേശനം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും, സാങ്കേതിക പിഴവ് മൂലം നിരവധി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുണ്ട്. ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടപടികള്‍ കൃത്യമായി തുടരാന്‍ കഴിയാത്ത സാഹചര്യത്തില്‍ 500 ഓളം വിദ്യാര്‍ത്ഥികള്‍ പുറത്തായിട്ടുണ്ട്. 12325 അപേക്ഷകര്‍ വയനാട് ജില്ലയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട് എങ്കിലും, ആദിവാസി വിദ്യാര്‍ത്ഥികളുടെ കണക്ക് ഹയര്‍ സെക്കന്‍ഡറി വകുപ്പ് പ്രസിദ്ധീകരിച്ചിട്ടില്ല. പ്രാഥമിക അന്വേഷണത്തില്‍ നിരവധി കുട്ടികള്‍ പുറത്തായാതായി കണ്ടെത്തിയിട്ടുണ്ട്. 425 കുട്ടികള്‍ക്ക് പ്രവേശനം നല്കി ഹയര്‍സെക്കന്‍ഡറി ഉത്തരവില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടില്ല. എല്ലാവര്‍ഷവും പട്ടികവര്‍ഗ വകുപ്പ് ഇവരുടെ കണക്കുകള്‍ എടുക്കാറുണ്ട് എങ്കിലും ഈ വര്‍ഷം കണക്ക് എടുത്തിട്ടില്ല. പുറത്താക്കപ്പെട്ട കുട്ടികള്‍ക്ക് കൂടി അഡ്മിഷന് നല്‍കേണ്ടതുണ്ട്.
മാത്രമല്ല ഇപ്പോള്‍ അധികമായി പ്രവേശനം നല്കിയ 25ഓളം സ്കൂളുകളില്‍ 50-60 കുട്ടികളെ മാത്രം പ്രവേശിപ്പിക്കേണ്ട ക്ലാസ് മുറികളില്‍ ശരാശരി 73 കുട്ടികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇത് പഠനത്തെ ബാധിക്കും. ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് അധിക ബാച്ചുകള്‍ ആണ് ആവശ്യപ്പെട്ടിരുന്നത്. ഇത് നടപ്പാക്കിയില്ലെങ്കില്‍ പ്രശ്നം സങ്കീര്‍ണമാകും. MRS സ്കൂളുകളിലും സീറ്റുകള്‍ വര്‍ധിപ്പിച്ചിട്ടില്ല. 39 കുട്ടികള്‍ വീതമാണ് ആണ് പ്രവേശനം നല്‍കിയിട്ടുള്ളത്. അശാസ്ത്രീയമായ അധ്യാപക/ വിദ്യാര്‍ത്ഥി അനുപാതത്തിനു എതിരെയും, സാങ്കേതിക കാരണങ്ങളാല്‍ ആദിവാസി വിദ്യാര്‍ത്ഥികളെ ഒഴിവാക്കിയ നടപടിക്കെതിരെയും ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കും. മറ്റു നിയമ നടപടികളെ കുറിച്ചും ആലോചിക്കും.
ഉന്നതപഠനം സൗജന്യമാക്കുക, ഉന്നത പഠന മേഖലയില്‍ സംവരണം പൂര്‍ണമായും നടപ്പാക്കുക, ഹോസ്റ്റല്‍ സൗകര്യം നല്‍കുക, അഭ്യസ്ത വിദ്യര്‍ക്ക് തൊഴില്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ദളിത്-ആദിവാസി സംഘടനകളുമായി സഹകരിച്ച് സംസ്ഥാനതലത്തില്‍ പ്രക്ഷോഭം തുടരും. നവംബര്‍ 20ന് സെക്രട്ടറിയേറ്റ് പടിക്കലും, വിവിധ യൂണിവേഴ്സിറ്റി കേന്ദ്രങ്ങളിലും പ്രക്ഷോഭം നടത്തി വിദ്യാഭ്യാസ അവകാശ മെമ്മോറിയല്‍ സമര്‍പ്പിക്കുമെന്ന് സമരത്തിന് നേതൃത്വം നല്കിയ ആദിശക്തി സമ്മര്‍ സ്കൂള്‍ സംസ്ഥാന കോ ഓഡിനേറ്റര്‍ മേരി ലിഡിയയും ആദിവാസി ഗോത്രമഹാ സഭ സ്റ്റേറ്റ് കോ ഓഡിനേറ്റര്‍ എം ഗീതാനന്ദനും അറിയിച്ചു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!