ഷേണായ്: ഇന്ദിരയുടെ തോല്‍വി മലയാളിയെ ആദ്യമറിയിച്ച വാജ്പേയിയുടെ വിശ്വസ്തന് | Media Roots 01
കേരളത്തില്‍നിന്ന് ദേശീയ തലത്തില്‍ ശ്രദ്ധേയനായ മാധ്യമ പ്രവര്‍ത്തകനായിരുന്നു ടിവിആര്‍ ഷേണായി. ഭാഷ, ശൈലി, രാഷ്ട്രീയ നിരീക്ഷണം എന്നിവയിലൂടെ വേറിട്ടുനിന്ന ഷേണായിയുടെ പത്രപ്രവര്‍ത്തക കരിയറിലെ പ്രധാന സംഭവങ്ങളെ ഓര്‍ത്തെടുക്കുന്നു കാര്‍ട്ടൂണിസ്റ്റും മുന്‍ മാധ്യമ പ്രവര്‍ത്തകനുമായ ജോഷി ജോര്‍ജ്. വായിക്കാം മാധ്യമ പംക്തി 'മീഡിയ റൂട്ട്സ്'
മനോരമ അവരുടെ ഇംഗ്ലീഷ് പ്രസിദ്ധീകരണം ദി വീക്ക് തുടങ്ങിയത് 1982ല്‍ ആയിരുന്നു. ആദ്യ കോപ്പി ഡല്‍ഹിയിലെത്തിയപ്പോള്‍ അവിടെ പ്രസ് ക്ലബില്‍ ഉയര്‍ന്ന അഭിപ്രായപ്രകടനങ്ങള്‍ അത്ര സുഖകരമായിരുന്നില്ല. ഷേണായി നിങ്ങള്‍ ഒരു അക്ഷരത്തെറ്റ് വരുത്തി. മാഗസിന്റെ പേര് വീക്ക് (weak) എന്ന് ആവണമായിരുന്നു. വീക്കിന്റെ പത്താം വാര്ഷീകപ്പതിപ്പില് ഷേണായിതന്നെയാണ് ഈ വിവരം എഴുതിയത്.

മനോരമ ഒരു ഇംഗ്ലീഷ് വാരിക തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ 'The Week'ന് ആ പേര് നിര്‍ദ്ദേശിച്ചത് ടി വി ആര് ഷേണായി ആയിരുന്നു. ചെറുതും സുന്ദരവും വിശാലമായ അര്‍ത്ഥമുള്ളതും ആര്‍ക്കും കേട്ടാല്‍ മനസിലാകുന്നതുമായ ഒരു പേര് തേടി മനോരമ നേതൃത്വം തലപുകച്ചപ്പോള്‍ അന്ന് ഡല്‍ഹി ബ്യൂറോ ചീഫ് ആയിരുന്ന ഷേണായിക്ക് 'The Week' എന്ന പേര് കണ്ടെത്താന്‍ അധികം സമയമൊന്നും വേണ്ടിവന്നില്ല.
പിന്നീട്, ഇതേ പേരില്‍ യു കെയില്‍നിന്ന് ഒരു പ്രസിദ്ധീകരണം ഡെന്നീസ് പബ്ലീഷിംഗ് കമ്പനി വലിയ രീതിയില്‍ തുടങ്ങുകയുമുണ്ടായി എന്നത് മറ്റൊരു കൗതുകം.

വീക്കിന്റെ ആദ്യത്തെ എഡിറ്റര്‍ അന്ന് 45 കാരനായിരുന്ന വി കെ ഭാര്‍ഗവന്‍നായര്‍ ആയിരുന്നെങ്കിലും ടി വി ആര് ഷേണായിക്ക് നിര്‍ണായകമായ പങ്കുണ്ടായിരുന്നു. ഭാര്‍ഗവന്റെ മരണത്തിനു ശേഷം ടി വി ആര് ഷേണായി എഡിറ്ററുമായി. ഇപ്പോള്‍ ഇതൊക്കെ എഴുതാന്‍ കാരണം മഹാനായ ആ പത്രപ്രവര്ത്തകന് മണ്മറഞ്ഞിട്ട് രണ്ടു സംവത്സരം തികഞ്ഞു ഈ ഏപ്രിലില്‍. കൊറോണ വൈറസ് ലോകമെമ്പാടുമുള്ള വിശേഷങ്ങളേയും വാര്‍ത്തകളേയും അപ്പാടെ കിഴ്പ്പെടുത്തി താണ്ഡവമാടാന്‍ തുടങ്ങിയതോടെ എല്ലാം വിസ്മൃതിയിലായോ എന്തോ..!
എല്ലാ അര്‍ത്ഥത്തിലും ഒരു മാധ്യമ അതികായനായിരുന്നു ടി വി ആര് ഷേണായി. ഏതുമേഖലയിലും അസാമാന്യമായ പാണ്ഡിത്യം. സംസ്കൃതം നന്നായി വശമുണ്ടായിരുന്നു. അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാനും മടിയുണ്ടായിരുന്നില്ല. ഏതൊരു സദസിലും ഏറ്റവും വലിയ സംഭാഷണചതുരന്‍ അദ്ദേഹമായിരിക്കും. സദസുകള്‍ അദ്ദേഹം അടക്കിവാണു. അവസാനകാലത്ത് അദ്ദേഹത്തിന് ചായ്വ് കാവിയോടായിരുന്നെങ്കിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും അദ്ദേഹത്തിന് ഒട്ടേറെ അടുത്ത സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ഇത്രയേറെ ബന്ധങ്ങള്‍ നിലനിര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ നമ്മുടെ രാജ്യത്ത് ഏറ കാണില്ല. എന്തുവിവരങ്ങള്ക്കും ആര്‍ക്കും ആശ്രയിക്കാവുന്ന വ്യക്തിയായിരുന്നു അദ്ദേഹം.

ഷേണായി എഴുതിയിരുന്ന വാര്‍ത്താകോളങ്ങള്‍ വളരെയേറ ശ്രദ്ധിക്കപ്പെട്ടിരുന്നു. എഴുതിയിരുന്നു എന്ന് പറഞ്ഞത് മരണം വരെ പേനകൊണ്ട് എഴുതുന്ന ശീലമായിരുന്നു അദ്ദേഹത്തിന്, അതും ഇംഗ്ലീഷില്‍ മാത്രം..! ഒരിക്കലും ടൈപ്പ് റൈറ്റര്‍ ഉപയോഗിച്ചിരുന്നില്ല. കമ്പ്യൂട്ടറും ലാപ് ടോപ്പുമൊക്കെ വന്നിട്ടും ഷേണായി ആ വഴിക്ക് നീങ്ങാന്‍ കൂട്ടാക്കാതെ വാളിനേക്കാള്‍ ശക്തിയുള്ളതാണ് പേന എന്ന് വിശ്വസിച്ചുപോന്നു. ഒരുപക്ഷേ, കേരളത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള കോളമെഴുത്തുകാരന് അദ്ദേഹമായിരുന്നു. ഒരു പ്രത്യേക ശൈലിയും ഒട്ടേറെ വിവരങ്ങളുമുള്ള എഴുത്തായിരുന്നു അദ്ദേഹത്തിന്റെ കോളങ്ങള്‍ക്ക് ഇത്രയേറെ ജനപ്രീതി ലഭിക്കാന്‍ കാരണം. അവസാന കാലത്ത് മാതൃഭൂമിയിലായിരുന്നു അദ്ദേഹം പതിവായി എഴുതിയിരുന്നത്. ഇന്ത്യന്‍ എക്സ്പ്രസ്, ഖലീജ് ടൈംസ്, ന്യൂസ് ടൈം, റീഡിഫ്.കോം തുടങ്ങിയ ഒട്ടേറെ പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം എഴുതിയിരുന്നു.

എറണാകുളം ജില്ലയിലെ ചെറായിയില്‍ തളിയാടിപ്പറമ്പില് വിട്ടപ്പ രാമചന്ദ്ര ഷേണായി. ബാബു എന്നായിരുന്നു വീട്ടിലെ വിളിപ്പേര്. ചെറായിയിലെ രാമവര്‍മ സ്ക്കൂളിലും മഹാരാജാസ് കോളേജിലും പഠനം പൂര്‍ത്തിയാക്കിയ ശേഷം മൂംബൈയില്‍ എത്തിയാണ് പത്രപ്രവര്‍ത്തനരംഗത്തേക്ക് കടക്കുന്നത്. അവിടെ സ്വാമിനാഥന് സദാനന്ദ് സ്ഥാപിച്ച ഫ്രീ പ്രസ് ജേണലില്‍ ആദ്യ അവസരം കിട്ടി. ഇന്ത്യന്‍ എക്സ്പ്രസിന് അന്നുണ്ടായിരുന്ന സണ്‍ഡേ സ്റ്റാന്ഡേഡില് പത്രലോകത്തെ കുപതിയായ ഫ്രാങ്ക് മൊറൈസിന്റെ കളരിയിലാണ് ഷേണായി പയറ്റിത്തെളിഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യയുടെ ആദ്യത്തെ ഇന്ത്യന്‍ പത്രാധിപരായിരുന്നു ഫ്രാങ്ക് മൊറൈസ്. പിന്നീടാണ് ഇന്ത്യന്‍ എക്സ്പ്രസില്‍ എത്തിയത്.
അങ്ങനെ ഷേണായി പത്രരംഗത്തെ അടിതടകള്‍ പയറ്റിത്തെളിഞ്ഞുവരുന്ന കാലത്ത് കക്ഷിക്കൊരു അമേരിക്കന്‍ സ്കോളര്‍ഷിപ്പ് ഒത്തുകിട്ടി. മുബൈയോട് യാത്രപറഞ്ഞ് അദ്ദേഹം കൊച്ചിയില്‍ മാതാവിനെ കാണാനെത്തി. ഇതിനിടെ ഒരു വൈദ്യപരിശോധന വേണ്ടിവന്നു. ബീപി കൂടുതാണ്. അത് ചികില്‍സിച്ച് മാറാതെ അമേരിക്കയിലേക്കുള്ള യാത്ര അപകടമായിരിക്കുമെന്ന് ഡോക്ടര്‍ വിധിയെഴുതി. സ്കോളര്‍ഷിപ്പ് മുടങ്ങി; തിരിച്ച് മുബൈയിലേക്ക് പോകാനൊരു മടി. ഇനി അല്പകാലം മലയാള പത്രത്തിലേതിലെങ്കിലും കയറിക്കൂടാമെന്ന് കരുതിയ ഷേണായി മാതൃഭൂമിയിലേക്കും മനോരമയിലേക്കും ഓരോ കത്തെഴുതി. എപ്പോള്‍ സൗകര്യപ്പെടുന്നോ അപ്പോള്‍ തന്നെവന്നുകാണണമെന്നുള്ള അനുകൂലനിലയിലുള്ള മറുകുറി അയച്ചത് അന്ന് മനോരമയുടെ മാനേജിംഗ് എഡിറ്ററായിരുന്ന കെ എം മാത്യുവായിരുന്നു. ഉടന്‍തന്നെ ഷേണായി കോട്ടയത്തെ മനോരമയുടെ ഓഫീസിലെത്തി. ആദ്യകൂടിക്കാഴ്ചയില്‍തന്നെ മാത്യുവിന് ഷേണായിയെ നന്നേ പിടിച്ചു.
പിന്നീട് ഷേണായിയെ മൂത്ത സഹോദരനും അന്നത്തെ മനോരമയുടെ ചീഫ് എഡിറ്ററുമായ കെ എം ചെറിയാന്റെ അടുത്തേക്കയച്ചു. ഷേണായി എന്ന പേരുകേട്ടപാടെ ചെറിയാന് ചോദിച്ചു: ഗൗഢ സാരസ്വത ബ്രഹ്മണനാണല്ലേ..? അതേ, അസല്‍ കൊങ്ങിണിതന്നെയെന്ന് ഷേണായിയുടെ മറുപടി.
ഗൗഢ സാരസ്വത ബ്രഹ്മണര്‍ ബിസിനസില്‍ പ്രാവീണ്യമുള്ളവരാണ്. പിന്നെ എന്തുകൊണ്ടാണ് പത്രപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്..?
-പത്രപ്രവര്‍ത്തനവും ബിസിനസായതോടെ ഞങ്ങള്‍ അതില്‍ ചേര്‍ന്നു..! അത്രയേയുള്ളു. ശരി, എങ്കില്‍ എന്ന് മനോരമയില്‍ ചേരാന്‍ കഴിയും?
അടുത്ത ദിവസം തന്നെയാകാം. അങ്ങനെ 1965ല്‍ ഷേണായി മനോരമയില്‍ എത്തി.
ആദ്യനാളുകളില്‍ ഡെസ്ക്കിലായിരുന്നു ജോലി. ഇരുഭാഷകളും അറിയാവുന്നതുകൊണ്ട് തര്‍ജിമ ചെയ്യാന്‍ ഏല്‍പ്പിച്ചു. കിട്ടിയ ഏജന്‍സി വാര്‍ത്തകള്‍ തനിക്കറിയാവുന്ന മലയാളത്തിലേക്ക് കക്ഷി മറ്റിക്കൊണ്ടിരുന്നു. വാര്‍ത്താ ഏജന്‍സി കോപ്പിയില്‍ വിവര്‍ത്തകന്റെ കൈയിലെ വിവരങ്ങള്‍ കൂടി ചേര്‍ത്തെഴുതാനുള്ള മിടുക്ക് മലയാളത്തില്‍ ഉണ്ടാക്കിയെടുത്തത് ഷേണായിയാണ് എന്നാണ് അദ്ദേഹത്തിന്റെ സഹപ്രവര്ത്തകന് കൂടിയായിരുന്ന തോമസ് ജേക്കബ് പറയുന്നത്.
ഏത് വാര്‍ത്തയായാലും അതില്‍ തന്റെ കൈവശമുള്ള വിവരങ്ങള്‍ കൂടി മേമ്പൊടിയായി ചേര്‍ത്തിരുന്നു. കുറച്ചുനാളുകള്‍ കഴിഞ്ഞപ്പോഴേക്കും നല്ല മിഴിവോടെ എഴുതാനും കക്ഷിക്ക് കഴിഞ്ഞു. അങ്ങനെയിരിക്കെയാണ് പാകിസ്താന് യുദ്ധം തുടങ്ങുന്നത്. ഷേണായിക്കൊരു മോഹം. പാകിസ്താനില്‍ പോയി യുദ്ധം റിപ്പോര്‍ട്ടുചെയ്യുക. മനോരമയില്‍ നിന്നും അനുമതി വാങ്ങി. നേരിട്ടങ്ങോട്ട് വിമാനമില്ലാതിരുന്ന കാലം. വളരെ റിസ്ക്കുള്ള ആ യാത്ര ആരംഭിച്ചത് തീവണ്ടിയിലാണ്. ഹൈദ്രാബാദിലെത്തിയപ്പോള്തന്നെ ആദ്യ യുദ്ധറിപ്പോര്ട്ട് ഒരു മലയാളി സൈനീകന് വശം കോട്ടയത്തേക്കയച്ചു. കാശ്മീരിലെത്തിയ ഷേണായി പല പല തന്ത്രങ്ങളിലൂടെ യുദ്ധം വ്യക്തമായ രീതിയില്‍ റിപ്പോര്‍ട്ടു ചെയ്തു.
യുദ്ധം അവസാനിക്കുമ്പോഴേക്കും ടി വി ആര് ഷേണായി എന്ന ബൈലൈന്‍ മലയാളികളുടെയല്ലാം മനസില്‍ നിറഞ്ഞുകഴിഞ്ഞിരുന്നു. യുദ്ധം കഴിഞ്ഞെത്തിയ ഷേണായി പിന്നെ ഡല്‍ഹി ബ്യൂറോയിലാണ് പ്രവര്‍ത്തിച്ചത്.
മനോരമയ്ക്ക് മാത്രമായി നിരവധി സ്ക്കൂപ്പുകള്‍ ദേശീയ തലത്തില്‍ത്തന്നെ പലപല പ്രത്യാഘാതങ്ങളുമുണ്ടാക്കിയ നിരവധി എക്സ്ക്ലൂസീവ് വാര്‍ത്തകളും സംഭാവന ചെയ്തിട്ടുണ്ട്. സദാ അന്വേഷണ കുതുകിയായ ഈ പ്രതിഭാശാലി. ഓര്‍മ്മശക്തി അപാരം. ഒന്നാംതരം ഭാഷ. വേറിട്ട ശൈലി. നീട്ടിപ്പരത്തി പറയുക എന്ന ദുശ്ശീലവുമില്ല. അടക്കിയൊതുക്കി ചുരുക്കി പറയുന്നതാണ് പതിവ് രീതി
അസാധാരണമായ ഓര്‍മ്മശക്തിയും ഒന്നാന്തരം ഭാഷയുമായിരുന്നു ടി വി ആര് ഷേണായിയുടേത്. ഏത് വാര്‍ത്തയെയും അതിന്റെ ചരിത്രവുമായി ബന്ധിപ്പിക്കാന്‍ നിമിഷങ്ങള്‍ മതിയായിരുന്നു അദ്ദേഹത്തിന്. വര്‍ഷം 1966. കാസര്‍കോട് പ്രശ്നം. അക്കാര്യം അന്വേഷിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ നിയോഗിയ്ക്കപ്പെട്ട മഹാജന് കമ്മീഷന് റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്കിക്കഴിഞ്ഞ സന്നിദ്ധ കാലഘട്ടം. കാസര്‍കോട് ആര്‍ക്ക് കിട്ടും?
കേരളത്തിനോ, കര്‍ണ്ണാടകത്തിനോ? പത്രങ്ങളിലൊക്കെ ഊഹാപോഹങ്ങളുടെ നിലയ്ക്കാത്ത പെരുമഴ. ഒടുവിലൊടുവിലായപ്പോള്‍ കാസര്‍കോട് കര്‍ണ്ണാടകത്തിന്റെ നവവധുവാകും എന്ന മട്ടിലായി വാര്‍ത്തകള്‍. അപ്പോഴാണ്, ഒരു വൈകുന്നേരം, ഡല്‍ഹിയില്‍ നിന്ന് ടി.വി.ആര്.ഷേണായിയുടെ സൂപ്പര്‍ഫ്ളാഷ് സ്ക്കൂപ്പ് മനോരമയുടെ കേരളത്തിലെ ടെലിപ്രിന്റില്‍ തെളിയുന്നത്: KASERKODE PREFERS KERALA......
പി.ടി.ഐയും യു.എന്‍.ഐയിലും ആവാര്‍ത്ത ഇല്ല..മഹാജന് കമ്മീഷന് റിപ്പോര്‍ട്ടിനെപ്പറ്റി ഒരക്ഷരം പോലുമില്ല. അപ്പോഴാണ്, ഷേണായിയുടെ അടുത്ത വാചകം: KASERKODE COMES TO KERALA. DEADLOCK ENDS... WEDLOCK IS CERTAIN....
കാസര്‍കോട് കേരളത്തിന്.. മഹാജന് കമ്മീഷന്റെ ശുപാര്‍ശ ഇന്നു ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു. മനോരമയില്‍ മാത്രം പിറ്റേന്ന് ആ സുപ്രധാന വാര്‍ത്ത വന്നു. ഒന്നാം പേജില്‍. എട്ടുകോളം തലക്കെട്ടില്‍!
കാസര്‍കോട് ആരുടേതാകുമെന്ന ഒരു തര്‍ക്കം കേരളവും കര്‍ണാടകയും തമ്മില്‍ ഉണ്ടായപ്പോള്‍ 'കാസര്‍കോട് കേരളത്തിനുതന്നെ' എന്ന സ്കൂപ്പ് ഷേണായി വകയായിരുന്നു.

1970 ലെ ബാങ്കു ദേശവല്‍ക്കരണം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അതിധീരവും അതിലേറെ സാഹസികവുമായ ഒരു നിര്‍ണ്ണായക നടപടിയായിരുന്നുവല്ലൊ ബാങ്ക് ദേശവല്‍ക്കരണം. മുന്‍കൂട്ടി ഒരു നേരിയ സൂചനയെങ്കിലും പുറത്തറിഞ്ഞാല്‍ എല്ലാം കളത്തിലിറങ്ങും എന്നറിയാവുന്ന ഇന്ദിരാഗാന്ധി അതീവരഹസ്യമായാണ് കരുക്കള്‍ നീക്കിയത്. ദേശവല്ക്കരണത്തിന്റെ പ്രഖ്യാപനം വരുന്നതിനുമുമ്പ്, ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ സമൂലം നിയന്ത്രിയ്ക്കുന്ന ഒരു സുപ്രധാന പ്രഖ്യാപനം വരാന്‍ പോകുന്നു എന്ന് ഷേണായി പ്രവചിച്ചിരുന്നു. ബാങ്ക് ദേശസാല്‍ക്കരണം എന്ന വാക്കുകള്‍ ഉപയോഗിച്ചിരുന്നില്ലെന്നു മാത്രം. പ്രഖ്യാപനം വന്ന ദിവസം, ഇന്ദിരയുടെ ഈ ധീരമായ നടപടിയുടെ ഉല്‍പ്പത്തി മുതല്ക്കുള്ള എല്ലാ പ്രേരണകളേയും സമഗ്രമായി വിലയിരുത്തിക്കൊണ്ട് ഷേണായി അത് വാര്‍ത്തയാവുകയും ചെയ്തു.
1971ല്‍ പാര്‍ലമെന്റില്‍ വ്യക്തമായ ഭൂരിപക്ഷമുള്ള ഘട്ടത്തിലാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ലോക്സഭ പിരിച്ചുവിടാനും തെരഞ്ഞെടുപ്പ് നടത്താനും തീരുമാനിച്ചതും ശുപാര്‍ശ ചെയ്തതും. തീരുമാനം പരസ്യമാവുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പ് ഡല്‍ഹിയില്‍ നിന്ന് ഷേണായിയുടെ ഒരു സൂപ്പര്‍ ഫ്ളാഷ് വന്നു:
LOK SABHA TO BE DISSOLVED ELECTION IS AROUND THE CORNER. പിറ്റെ ദിവസം, ഒന്നാം പേജില്‍ മനോരമ ആ വാര്‍ത്ത ലീഡ് സ്റ്റോറിയായി പ്രസിദ്ധീകരിച്ചു. വായിച്ചവരെല്ലാം പരസ്പരം ചോദിച്ചു: നേരോ? നേരോ?രണ്ടുദിവസം മുമ്പേ പ്രവചിക്കാന്‍ കഴിഞ്ഞു. ആ സ്കൂപ്പിന്റെ അമ്പരപ്പ് വിട്ടുമാറാതെ വാനക്കാര് കൗതുകം പൂണ്ടുനിന്നു.

'റായ്ബറേലിയില്‍നിന്ന് ഇന്ദിരാഗാന്ധി തെരഞ്ഞെടുക്കപ്പെട്ടത് അസാധുവാക്കണമെന്നു കാട്ടി രാജ്നാരായണന് കേസ് ഫയല്‍ ചെയ്തു 1975 ജൂണ്‍ 12ന് ജസ്റ്റിസ് ജഗ്മോഹന്‍ലാല്‍ വിധിന്യായത്തിലൂടെ രാജ്നാരായണന് അനുകൂലമായ വിധി പുറപ്പെടുവിക്കുകയും അടുത്ത ആറുവര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നും ഇന്ദിരാഗാന്ധിയെ വിലക്കുകയും ചെയ്തു. ഇതോടെ ഇന്ദിരാഗാന്ധിയുടെ രാജി ആവശ്യപ്പെട്ട് രാജ്യത്തെങ്ങും പ്രതിപക്ഷം പ്രതിഷേധമാരംഭിച്ചു. ഈ പ്രതിഷേധപ്രകടനങ്ങള്‍ രാജ്യസുരക്ഷയ്ക്ക് ആപത്താണെന്ന കാരണം കാട്ടിയാണ് അന്നത്തെ പ്രസിഡന്റ് ഫക്രുദീന്‍ അലി അഹമ്മദ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തിരാവസ്ഥ വാര്‍ത്തയായി വരും മുമ്പും ഷേണായി സംഗതി മണത്തറിഞ്ഞിരുന്നു..!
ചരിത്രത്തില്‍ ആദ്യമായി ഇന്ദിരാഗാന്ധി തോറ്റ തെരഞ്ഞെടുപ്പില്‍, വോട്ടെണ്ണല്‍ സമയത്ത് ഷേണായി മറ്റൊരു സാഹസികത കാട്ടി. തെരഞ്ഞെടുപ്പുഫലങ്ങള്‍ രാഷ്ട്രപതിഭവനെയും ഇന്ദിരാഗാന്ധിയേയും ഒക്കെ അപ്പപ്പോള്‍ അറിയിച്ചിരുന്നത് വയര്‍ലെസ് വഴിയായിരുന്നു. ആ ടീമില്‍ നിന്നൊരാളെ കക്ഷി വശത്താക്കി. ഉന്നതകേന്ദ്രങ്ങളിലേക്കു സന്ദേശം പോകുമ്പോള്‍തന്നെ ഷേണായിക്കും അതുകിട്ടും എന്നതായി സ്ഥിതി. അഞ്ചു റൗണ്ടുകളായാണ് വോട്ടെണ്ണിയിരുന്നത്. അങ്ങനെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഇന്ദിരാഗാന്ധി പിന്നിലാകുമ്പോള്‍ ഒരു മാധ്യമവും അതേപ്പറ്റി അറിയുന്നില്ല.
അപ്പോഴാതാ ഷേണായിക്കൊരു ഫോണ്‍, ഇന്ദിരാഗാന്ധി ഫസ്റ്റ് റൗണ്ടില്‍ 14,000 വോട്ടിനു പിന്നില്‍. . ഉടന്‍തന്നെ ഷേണായി വിവരം കോട്ടയത്തേക്ക് റിപ്പോര്‍ട്ട് ചെയ്തു. ആര്‍ക്കും അത് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. വിവരം തന്നയാളെ ഷേണായിക്ക് തിരിച്ചുവിളിച്ച് വിശദമായി വിവരം അന്വേഷിക്കാവുന്ന സ്ഥിതിയിലുമല്ല.
മനോരമയുടെ കോട്ടയം ഓഫീസ് അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങി. വേറൊരു മാധ്യമവും റോയിട്ടറോ ബിബിസിയോ പോലും ഈ വാര്‍ത്ത പുറത്തുവിട്ടിട്ടില്ല. എല്ലാ അര്‍ത്ഥത്തിലും എക്സ്ക്ലുസീവ് സ്റ്റോറി. ലോകചരിത്രത്തില്‍ ആദ്യമായി നിലവില്‍ അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരിക്കുന്നു.
പക്ഷേ, വാര്‍ത്ത സത്യമല്ലെങ്കിലോ...?അടിയന്തിരമായി എഡിറ്റോറിയല്‍ മീറ്റിംഗ് കൂടി. മാനേജ്മെന്റില്‍നിന്ന് ഒരേയൊരു ചോദ്യമേ ഉയര്‍ന്നുള്ളു.
ആരാണ് വാര്‍ത്ത തന്നത്...?'
ടി.വി.ആര്. ഷേണായി.
പിന്നെ ചോദ്യമൊന്നും ഉയര്‍ന്നില്ല. വാര്‍ത്ത ഉടന്‍ അനൗണ്‍സ് ചെയ്യുന്നു എന്ന തീരുമാനത്തോടെ മീറ്റിംഗ് അവസാനിപ്പിച്ചു. സ്വകാര്യ വാര്‍ത്താ ടെലിവിഷനും തത്സമയ റിപ്പോര്‍ട്ടിങ്ങും ഇല്ലാത്ത ആ കാലത്ത് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാനം പത്രമോഫീസുകളില്‍ തത്സമയം ഉച്ചഭാഷണിയിലൂടെ അനൗണ്‍സ് ചെയ്യുമായിരുന്നു.
കാര്യങ്ങള്‍ അത്ര ലളിതമായിരുന്നില്ല. അനൗണ്‍സ് ചെയ്തതോടെ ജനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ലോക ചരിത്രത്തില്‍ത്തന്നെ ഇത്തരമൊരു സംഭവം ഇതാദ്യം. അന്നു ആഭ്യന്തര മന്ത്രിയായിരുന്ന
കെ. കരുണാകരന് മനോരമയിലേക്കു വിളിച്ച് പൊട്ടിത്തെറിച്ചു. വാര്‍ത്ത സത്യമല്ല എന്നു തറപ്പിച്ചു പറഞ്ഞവര്‍ അടുത്തുവരാവുന്ന തിരുത്തിനായി കാത്തുനിന്നു. കുറേക്കഴിഞ്ഞപ്പോള്‍ റായ്ബറേലിയില്‍നിന്നും അടുത്ത ഫോണ്‍ എത്തുന്നു. ഇന്ദിരാഗാന്ധി 28,000 വോട്ടുകള്‍ക്കു പിന്നില്‍ എന്ന്.
കോട്ടയത്തിരുന്നവര് വിയര്‍ക്കാന്‍ തുടങ്ങി. വോട്ടെണ്ണല്‍ കഴിഞ്ഞിട്ടില്ലെന്നു വ്യക്തം. കുറേക്കൂടി ആലോചിച്ചപ്പോള്‍ സംഭവിച്ച പിശക് മനസിലായി. ആദ്യ കൗണ്ടില്‍ എന്നല്ല അദ്ദേഹം ഫോണില്‍ പറഞ്ഞത് ആദ്യറൗണ്ടില്‍ എന്നാണ്. ആ സമയത്ത് നാലു റൗണ്ടുകള്‍കൂടി എണ്ണാന്‍ ബാക്കിയായിരുന്നു. തുടര്‍ന്നുവന്ന രണ്ടുമണിക്കൂര്‍, മനോരമ ഓഫീസില്‍ ഏറ്റവും പിരിമുറുക്കം നിറഞ്ഞ നിമിഷങ്ങളായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ..! ഫൈനല്‍ റിസല്‍ട്ടെത്തി, 58000 വോട്ടുകള്‍ക്ക് ഇന്ദിരാഗാന്ധി തോറ്റു.
1991 നും 1993 നും ഇടയില്‍ ഹര്‍ഷദ് മേത്ത കുംഭകോണം ഉള്‍പ്പെടെയുള്ള നിരവധി ബാങ്കിങ്, ഓഹരിവിപണി കുംഭകോണങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ബാങ്കിങ്, ഷെയര്‍ മാര്‍ക്കറ്റ് മേഖലകളില്‍ അന്വേഷണം പ്രോസിക്യൂഷന് ചെയ്യാന്‍ ഇത് ഇടയാക്കി.
പിന്നീടദ്ദേഹം മനോരമയുടെ ഇംഗ്ലീഷ് വാരികയായ വീക്കിന്റെ രണ്ടാമത്തേയും ഒടുവിലത്തേയും എഡിറ്ററായി. അദ്ദേഹത്തിനുശേഷം എഡിറ്റര്‍ പോസ്റ്റ് ഒഴിവാക്കി എഡിറ്റര്‍ ഇന്‍ ചാര്‍ജുമാരായി.
അതിനൊരു കാരണമായി പറഞ്ഞുകേള്‍ക്കുന്നത് ഇങ്ങനെ. വി കെ ബി നായര്‍ മരിച്ചത് 1995ല്‍ ആയിരുന്നു. ഡല്‍ഹിയില്‍ വച്ചായിരുന്നു മരണം. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഐ കെ ഗുജ്റാളിന്റെ ഒരു അനുശോചനക്കത്ത് കെ എം മാത്യുവിന്റെ ഭാര്യ അന്നമ്മയ്ക്ക് ലഭിച്ചു. അതും കെ എം മാത്യവിന്റെ മരണത്തില്‍ അനുശോചനമറിയിച്ചുകൊണ്ടുള്ള കത്ത്..! ദി വീക്കിന്റെ എഡിറ്റര്‍ മരിച്ചു എന്ന് പത്രത്തില്‍ കണ്ടതായി ആരോ പറഞ്ഞപ്പോള്‍ അത് കെ എം മാത്യുവായിരിക്കുമെന്നു കരുതി ഗുജ്റാള്‍ അനുശോചനമറിയിച്ചതാണ്. അന്നേ മാത്തുക്കുട്ടിച്ചായന് നിശ്ചയിച്ചു. ഇനി എഡിറ്റര്‍ വേണ്ട എഡഡിറ്റര് ഇന്‍ ചാര്‍ജുമാര്‍ മതിയെന്ന്..!

1990ല്‍ ഷേണായി മനോരമ വിട്ടു. പിന്നീട് സണ്‍ഡേ മെയില്‍ എന്ന സണ്‍ഡേ ന്യൂസ് പേപ്പറിന്റെ ചീഫ് എഡിറ്ററായി. തുടര്‍ന്ന് സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിലേക്കു തിരിഞ്ഞ ഷേണായിയുടെ പംക്തി ബിറ്റ് വീന് യു ആന്‍ഡ് മീ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയതായിരുന്നു. 2003ല്‍ രാജ്യം അദ്ദേഹത്തെ പത്മഭൂഷണ്‍ നല്കി ആദരിച്ചു. മൊറോക്കോ ഭരണാധികാരിയുടെ ഉന്നത പുരസ്കാരമായ അലാവിറ്റ കമാന്‍ഡര്‍ വിസ്ഡം പുരസ്കാരവും ലഭിച്ചിട്ടുണ്ട്. പ്രസാര്‍ ഭാരതി നിര്‍വാഹണ സമിതിയംഗമായിരുന്നു.
ഓക്സ്ഫഡ് സര്‍വകലാശാലയടക്കം വിവിധ വേദികളില്‍ സാമ്പത്തിക-രാഷ്ട്രീയവിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. വാജ്പേയിയുടെ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ വിദേശയാത്രകളില്‍ സ്ഥിരം സാന്നിദ്ധ്യമായിരുന്നു ഷേണായി.
മഹാരാജാസ് കോളേജില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥി യൂണിയന് തിരഞ്ഞെടുപ്പിലും ഷേണായി ഭാഗമായി. ഡമോക്രാറ്റിക് ഫ്രണ്ടിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. സ്റ്റുഡന്റ് ഫെഡറേഷന് (SF) എതിര് സ്ഥാനാര്‍ത്ഥിയെ അന്വേഷിച്ചു. ഒരു കൊങ്കിണി തന്നെ വേണമെന്ന് ചിന്തയില്‍ സരോജിനി ദേവിയെ സ്ഥാനാര്‍ത്ഥിയാക്കി. അന്ന് ഷേണായി ജയിച്ചു. ഒന്ന് അഭിനന്ദിക്കാന്‍ പോലും സരോജം പോയില്ല എന്നാണ് കഥ. കടുത്ത എതിര്‍പ്പായിരുന്നു. പക്ഷെ അത് അധികാലം നീണ്ടില്ല. ഉപരിപഠനകാലത്ത് തമ്മിലടുത്തു. അങ്ങനെ ആലുവ സ്വദേശിനിയായ സരോജം 1964ല്‍ ഷേണായിയുടെ ജീവിതപങ്കാളിയായി. അവര്‍ക്ക് രണ്ടുമക്കള്‍ പിറന്നു.-സുജാത. അഭിജിത്.
മഹാരഥന്മാരായ പത്രപ്രവര്‍ത്തകരുടെ നിരയില്‍ നിന്ന് ഒരു പ്രധാന കണ്ണിയാണ് അടര്‍ന്ന് പോയത് എന്ന് നിസംശയം പറയാം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!