മരണം 30,000 കടന്ന് യുഎസ്; ശ്രമം മാസ്ക് അണിഞ്ഞ് തിരിച്ചുവരാന്
ഫെബ്രുവരി 29 നാണ് അമേരിക്കയിൽ വൈറസ് മൂലമുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. അതിന് ശേഷം 38 ദിവസത്തിൽ മരണസംഖ്യ 10,000 കടന്നു.
അമേരിക്കയിൽ കൊറോണ വൈറസ് പിടിപെട്ട് മരിച്ചവരുടെ എണ്ണം 30,000 പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മാത്രം 2600 പേരാണ് അമേരിക്കയിൽ മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 30,400 ആയി. വൈറസ് പിടിപെടുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനെ തുടർന്ന് ന്യൂയോർക്കിലും മേരിലാൻഡിലും പെന്സില്വാനിയായിലും ആളുകളോട് മാസ്ക് ധരിക്കാൻ ഗവർണർമാർ ആവശ്യപ്പെട്ടിരിക്കുകയാണ്. ലോകത്ത് ഏറ്റവുമധികം പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച അമേരിക്കയിൽ 6,30,000 ആളുകൾക്കാണ് രോഗമുള്ളത്. ഇതിൽ ഏറിയ പങ്കും ന്യൂയോർക്കിലാണ്.
ഫെബ്രുവരി 29 നാണ് അമേരിക്കയിൽ വൈറസ് മൂലമുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. അതിന് ശേഷം 38 ദിവസത്തിൽ മരണസംഖ്യ 10,000 കടന്നു. പിന്നീട് കേവലം ഒമ്പത് ദിവസത്തിനുള്ളിൽ മരണസംഖ്യ മുപ്പതിനായിരമായി.
കഴിഞ്ഞ ദിവസം മാത്രം 752 പേരാണ് ന്യൂയോർക്കിൽ മരിച്ചത്. ഇതേ തുടർന്ന് 1.9 കോടിയോളം വരുന്ന ആളുകളോട് സാമൂഹിക അകലം പാലിക്കാൻ സാധിക്കാത്ത പൊതുവിടങ്ങളിൽ മാസ്ക് ധരിക്കാൻ ഗവർണർ ആൻഡ്രൂ ക്യൂമോ ആവശ്യപെട്ടിട്ടുണ്ട്.
അമേരിക്കയിൽ കൊറോണ വൈറസ് മൂലമുള്ള മരണം ഓഗസ്റ്റ് മാസത്തോടെ 68,800 കടക്കാൻ സാധ്യതയുണ്ടെന്ന് വാഷിങ്ടണിലെ ഒരു സർവകലാശാല പറഞ്ഞിരുന്നു. അതീവ ഗുരുതരമായ അവസ്ഥയാണ് അമേരിക്കയിൽ ഉള്ളത്.
അമേരിക്ക കഴിഞ്ഞാൽ ഇറ്റലിയിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 21,645 പേരാണ് ഇറ്റലിയിൽ മരിച്ചത്. 165,155 പേർക്ക് ഇറ്റലിയിൽ രോഗമുണ്ട്. 180,659 ആളുകൾക്ക് രോഗം സ്ഥിരീകരിച്ച സ്പെയിനിൽ 18,812 പേർ മരിച്ചു.
ലോകത്ത കൊറോണ വൈറസ് പിടിപ്പെട്ടവരുടെ എണ്ണം ഇരുപത് ലക്ഷം കടന്നു. 137,020 പേരാണ് ഇതുവരെ മരിച്ചത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!