മധ്യപ്രദേശ് മന്ത്രിയുടെ അത്താഴ വിരുന്ന് വിദ്യ ബാലന് നിരസിച്ചു; ഷേര്‍ണിയുടെ ചിത്രീകരണം തടഞ്ഞു
തൊട്ടടുത്ത ദിവസം വനമേഖലയിലേക്ക് ചിത്രീകരണത്തിനായി എത്തിയ വിദ്യയുടെ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ സംഘത്തെ വനം വകുപ്പ് തടഞ്ഞത് ഇതേ തുടർന്നാണ് എന്നാണ് ആരോപണം.
നടി വിദ്യ ബാലന് മധ്യപ്രദേശ് മന്ത്രിയുടെ അത്താഴ വിരുന്ന് നിരസിച്ചതിനെ തുടര്‍ന്ന് അവർ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തടഞ്ഞതായി റിപ്പോർട്ടുകൾ. 'ഷേര്‍ണി' എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ ഭാഗമായി വിദ്യ ബാലൻ ഇപ്പോൾ മധ്യപ്രദേശിലുണ്ട്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം മധ്യപ്രദേശ് മന്ത്രി വിജയ് ഷാ വിദ്യയെ അത്താഴ വിരുന്നിന് ക്ഷണിച്ചത്.
തൊട്ടടുത്ത ദിവസം വനമേഖലയിലേക്ക് ചിത്രീകരണത്തിനായി എത്തിയ വിദ്യയുടെ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ സംഘത്തെ വനം വകുപ്പ് തടഞ്ഞത് ഇതേ തുടർന്നാണ് എന്നാണ് ആരോപണം. രണ്ട് വാഹനങ്ങള്‍ മാത്രമേ ഉള്ളിലേക്ക് പ്രവേശിക്കാൻ അനുവദിക്കുകയുള്ളൂ എന്ന് അറിയിച്ചതോടെയാണ് സിനിമയുടെ ചിത്രീകരണം മുടങ്ങിയതെന്ന് റിപ്പോർട്ട്.
എന്നാല്‍ തനിക്കെതിരെ ഉയർന്ന ആരോപണം മന്ത്രി നിഷേധിച്ചു. വിദ്യയല്ല, താന്‍ തന്നെയാണ് വിരുന്നില്‍ നിന്നും പിന്മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട് വിദ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇതേ സമയം ബി ജെ പി നേതാവായ മന്ത്രിക്കെതിരെ ഈ വിഷയത്തിൽ പ്രതികരണവുമായി സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. വിരുന്നിൽ പങ്കെടുക്കാൻ നടി വിസമ്മതിച്ചതിനെ തുടർന്ന് ഷൂട്ടിങ് തടസപ്പെടുത്താൻ മന്ത്രി ശ്രമിച്ചതായി കോൺഗ്രസ് ആരോപിച്ചുവെന്ന് ജനസത്ത റിപ്പോർട്ട് ചെയ്യുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!