കേരളത്തിലെ അതിദ്രുതമായി നടക്കുന്ന നഗരവൽക്കരണവും അവശ്യം വേണ്ടുന്ന മാലിന്യനിർമാർജ്ജന സംവിധാനങ്ങളുടെ അപര്യാപ്തതയും അഭാവവും അശാസ്ത്രീയ ഭൂവിനിയോഗവുമൊക്കെ കേരളത്തിലെ ജലസ്രോതസുകളെ നശിപ്പിക്കുകയോ മലിനമാക്കുകയോ ചെയ്യുന്നു. ഇത് കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക, ആരോഗ്യമേഖലകളിൽ കടുത്ത പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്.
നദികൾ കൊണ്ടും ജലസ്രോതസ്സുകൾ കൊണ്ടും സമൃദ്ധമായ നാടെന്ന പേരിൽ നിന്നും കേരളം ശുദ്ധജലക്ഷാമം നേരിടുന്ന നാടെന്ന പ്രതിസന്ധിയുടെ വരമ്പിലാണ്. കുറച്ചുകാലമായി കേരളം നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് ജലമലിനീകരണം. ജലസ്രോതസ്സുകൾ ഇല്ലാതാകുന്നത്, നിലനിൽക്കുന്ന ജലസ്രോതസ്സുകൾ വ്യാപകമായ തോതിൽ മലിനീകരിക്കപ്പെടുന്നത്. ഇതിന് പുറമെ കാലാവസ്ഥാ പ്രതിസന്ധി കൊണ്ട് രൂപപ്പെടുന്ന അപ്രതീക്ഷിത മഴ, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, കഠിനമായ വേനൽ,വരൾച്ച തുടങ്ങി പ്രതിഭാസങ്ങളുടെ കടുത്ത ആഘാതം. വികസനവുമായി ബന്ധപ്പെട്ടോ അതിന്റെ പേരിലോ നടപ്പാക്കപ്പെടുന്ന കാര്യങ്ങൾ മൂലം മലിനീകരിക്കപ്പെടുന്ന ജലസ്രോതസുകൾ, വറ്റിപ്പോകുന്ന ജലഉറവകൾ എന്നിവയും ഉണ്ട്. ഇവയൊക്കെ മറികടക്കാൻ കുറച്ചുകാലമായി സർക്കാർ തലത്തിലും തദ്ദേശ ഭരണ തലത്തിലുമൊക്കെ പല മാർഗങ്ങളും തേടുന്നുണ്ട്.
ഒരു പക്ഷേ, ഇന്ത്യയിലെ ഏറ്റവും ശക്തവും വ്യാപകവുമായ ജലവിതരണ സംവിധാനമുള്ള സംസ്ഥാനമായിരിക്കും കേരളം. കേരളത്തിലെ 56 ശതമാനത്തിലേറെ ജനങ്ങൾക്ക് ജലവിതരണ പദ്ധതികളുടെ പ്രയോജനം ലഭിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ വർഷത്തെ (2019) ലെ ചില കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ 44 ശതമാനം ജനങ്ങൾക്കും ഇതും ലഭ്യമല്ല എന്ന യാഥാർത്ഥം നിലനിൽക്കുന്നുണ്ട്. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും
ഈ ജലവിതരണ സംവിധാനം ലഭ്യമാകുമ്പോൾ തന്നെ കിണറുകളെ ആശ്രയിക്കുന്നുണ്ടെന്നും ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. 2011 ലെ സെൻസസ് പ്രകാരം കുടിവെള്ളത്തിനും വീട്ടാവശ്യങ്ങൾക്കും കിണറിനെ ആശ്രയിക്കുന്നവരുടെ എണ്ണം കേരളത്തിലും വ്യാപകമായിട്ടുണ്ട്. നഗര പ്രദേശങ്ങളിൽ പോലും ജല അതോറിട്ടിയുടെ കണക്ഷന് പുറമെ കിണറുകൾ, കുഴൽക്കിണറുകൾ എന്നിവ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ടെന്ന് ഭൂഗർഭ ജലവകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറയുന്നു.
കേന്ദ്ര, സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിന്റെ വിവിധ പഠനങ്ങളിൽ ലഭ്യമായ കണക്കുകൾ പരിശോധിച്ചാൽ കേരളത്തിലെ ജലത്തിന്റെ ഗുണമേന്മ കുറയുന്നുവെന്ന വസ്തുതയാണ് തെളിയുന്നത്. ഭൗമ ഉപരിതലത്തിൽ ലഭ്യമാകുന്ന വെള്ളത്തിന്റെ കാര്യത്തിൽ മാത്രമല്ല, ഭൂഗർഭ സ്രോതസ്സിൽ നിന്നും ലഭിക്കുന്ന വെള്ളത്തിന്റെ കാര്യത്തിലും മലിനീകരണ തോത് കൂടുതലാണെന്നാണ് ഈ പഠനങ്ങൾ വെളിപ്പടുത്തുന്നത്. പലയിടങ്ങളിലും മനുഷ്യരുടെയും ജലജീവികളുടെയും ആരോഗ്യത്തെയും നിലനിൽപ്പിനെയും ബാധിക്കുന്ന തരത്തിൽ രൂക്ഷമാണ് ഇതെന്നത് ഗൗരവമുള്ളവിഷയമാണ്.
ഇങ്ങനെ ജലത്തിന്റെ ഗുണനിലവാരം കുറയുന്നുവെന്നത് കേരളത്തിന് മുന്നിൽ പാരിസ്ഥികവും ആരോഗ്യപരവും സാമ്പത്തികവുമായി നിരവധി പ്രശ്നങ്ങൾ ഉയർത്തുന്നുന്നുണ്ടെന്ന് വിഭവ വിശകല വിദഗ്ദനും ഭൗമശാസ്ത്രജ്ഞനും സെസ്സിലെ മുൻ ഗവേഷകനും ഐ സി എസ് എസ് ആർ ഫെല്ലോയുമായ ശ്രീകുമാർ ചതോപാദ്ധ്യായ അഭിപ്രായപ്പെടുന്നു.
കേരളത്തിൽ അർബൻ റിവർ സിൻഡ്രോം എന്ന പ്രതിഭാസം രൂപപ്പെട്ടതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ മുൻ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. നഗരപ്രദേശങ്ങളോട് ചേർന്ന് കിടക്കുന്ന ജലസ്രോതസ്സുകളിൽ പാരിസ്ഥിതിക ഗുണമേന്മൾ ഏതാണ്ട് പൂർണ്ണമായും നഷ്ടപ്പെട്ടതും ജല ഗുണനിലവാരം കുറഞ്ഞതും ആയി കാണുന്ന പ്രതിഭാസമാണിത്. ഇത് പ്രധാനമായും കണ്ടത് തിരുവനന്തപുരത്ത് കരമന മുതൽ തിരുവല്ലം വരെയുള്ള ഭാഗത്താണ് ഈ പ്രതിഭാസം കണ്ടത്.
2012 മുതൽ അഞ്ച് വർഷം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പഠനത്തിൽ മലിനീകരണം അളക്കുന്നതിനുള്ള അളവ് പ്രകാരം പരിശോധിച്ചാൽ കേരളത്തിലെ മലിനീകരണ തോത് കൂടി വരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് കാണാനാകും. വെള്ളത്തിലെ ന്യൂട്രിയന്റ് ലോഡിങ് അപായകരമായ വിധത്തിൽ ഉയരുന്നതായി കണ്ടെത്തിയതായി പമ്പാനദിയിലെ മനുഷ്യരുടെ ഇടപെടൽ സൃഷ്ടിക്കുന്ന ആഘാതത്തെകുറിച്ചുള്ള ഡേവിസ്, ശ്രീകുമാർ ചതോപാദ്ധ്യായ എന്നിവരുടെ പഠനം പറയുന്നുണ്ട്.
സംസ്ഥാനത്ത് നടത്തിയ ജലപഠനത്തിൽ 47 ശതമാനം സാംപിളും മലിനീകരണമുള്ളവയാണെന്ന് കണ്ടെത്തിയിരുന്നതായി 2018ലെ സംസ്ഥാന ആസൂത്രണ ബോർഡ് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ ഭൂരിപക്ഷവും ബാക്ടീരിയ മൂലമുള്ള മലിനീകരണമാണെന്നും പഠനങ്ങൾ പറയുന്നു. കേരളത്തിലും ജലത്തിലെ കോളിഫോം ബാക്ടീരിയയുടെ അളവ് ഉയരുന്നുവെന്നാണ് പരിശോധനകൾ വ്യക്തമാക്കുന്നത്. ശുദ്ധജല ലഭ്യതയിലെ കുറവ്, ശുചീകരണത്തിന്റെ അഭാവം,വൃത്തിഹീനമായ അവസ്ഥ എന്നിവ ലോകത്തെ പലരാജ്യങ്ങളിലും മരണനിരക്ക് ഉയർത്തുന്നതിന് കാരണമായിട്ടുണ്ട്.
കേരളത്തിലേക്ക് വന്നാൽ രോഗാതുര വർധിപ്പിക്കുന്നതിന് മലിനജലം കാരണമാകുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2012 മുതൽ 2016 വരെയുള്ള നാല് വർഷത്തെ കണക്കുകൾ പരിശോധിച്ച് നടത്തിയ പഠനത്തിൽ ജലജന്യ രോഗങ്ങളുടെ തോത് 35.6 ശതമാനം കണ്ട് വർധിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് വരാൻ പോകുന്ന അപകടത്തിന്റെ സൂചനയാണ് കേരളത്തിന് മുന്നിൽ വെക്കുന്നതെന്ന്, ആരോഗ്യ,സാമൂഹിക ഗവേഷകർ അഭിപ്രായപ്പെടുന്നു.
ജലമലിനീകരണത്തിന്റെ കാര്യത്തിൽ കേരളത്തിലെ വിവിധ പ്രദേശങ്ങൾ തമ്മിൽ ചില ഏറ്റക്കുറച്ചിലുകൾ കാണാൻ സാധിക്കുമെന്ന് സംസ്ഥാന ആസൂത്രണ ബോർഡ് 2018ൽ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. തൃശൂരിലെ ജലമലിനീകരണത്തിന്റെ തോത് 27 ശതമാനമാണെങ്കിൽ കൊല്ലത്ത് അത് രേഖപ്പെടുത്തുന്നത് 59 ശതമാനമാണ്. അതായത് ജലമലിനീകരണം സംസ്ഥാനത്ത് വ്യാപകമായും രൂക്ഷമാണെങ്കിലും അതിലെ അളവിൽ തന്നെ ഗണ്യമായ വ്യത്യാസമുണ്ടെന്നാണ് ഇത് വെളിപ്പെടുത്തുന്നത്.
ജനസാന്ദ്രത മാനദണ്ഡമാക്കി പരിശോധിക്കുമ്പോൾ നഗരവൽക്കരണമോ പ്രതിശീർഷ വരുമാനമോ ഒന്നും മലിനീകരണത്തിന്റെ കാര്യത്തിൽ കാര്യമായ വ്യത്യാസം വരുത്തുന്നില്ലെന്നാണ് ഈ പശ്ചാത്തലത്തിൽ ശ്രീകുമാർ ചതോപാദ്ധ്യായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന് വേണ്ടി തയ്യാറാക്കായി പഠനത്തിൽ പറയുന്നത്.
വികസന രംഗത്ത് കേരളത്തിന് നേട്ടം ഉണ്ടാക്കാൻ സാധിച്ചുവെങ്കിലും ജലമലീനികരണ തോത് ഉയരുന്നുവെന്ന പ്രതിസന്ധി സംസ്ഥാനത്തിന് മുന്നിലുണ്ടെന്നും വെള്ളത്തിന്റെ ഗുണമേന്മ പ്രധാന പ്രശ്നമായി അഭിമുഖീകരിക്കേണ്ടി വരുന്ന ഒന്നാണ്. ലോകബാങ്കും ബാത്ത് സർവകാശാലയും ചേർന്ന് വികസ്വര രാജ്യങ്ങളിലെ ഗുണമേന്മയെ കുറിച്ച് നടത്തിയപഠനത്തിൽ 2004 ൽ തന്നെ എ. മാർക്കണ്ഡേയ ചൂണ്ടിക്കാണിച്ചിരുന്നു.
വെള്ളത്തെ നിസാരമായി കാണുന്നത് വലിയൊരളവ് വരെ നമ്മുക്ക് കനത്ത തിരിച്ചടി നൽകും. വെള്ളം എന്നത് പരിസ്ഥിതിയെ നിർണയിക്കുന്നതിലും നിയന്ത്രിക്കുന്നതിലും മുഖ്യഘടകമാണ്. പ്രത്യക്ഷത്തിൽ ഉപയോഗമൂല്യമുള്ളതും ഇല്ലാത്തതുമായ നിരവധി ഗുണങ്ങളാണ് വെള്ളത്തിനുള്ളത്. ശുദ്ധജലം ചുരുങ്ങിയ ചെലവിൽ വേണ്ടത്ര ലഭ്യമാക്കുക എന്നത് വലിയ നേട്ടങ്ങൾ നൽകുന്ന പ്രധാന കാര്യമാണ്. ദേശീയ തലത്തിൽ കുറച്ച് കാലം മുമ്പ് നടന്ന പഠനം സൂചിപ്പിക്കുന്നത് ജലമലിനീകരണം വഴിയുള്ള സാമ്പത്തിക ആഘാതം മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ ( ജി ഡിപി) 1.73 ശതമാനം മുതൽ 2.1 ശതമാനം വരെ വരുമെന്നാണ്. 2011 ലെ ഇന്ത്യ ഇൻഫ്രാസ്ട്രകച്ചർ റിപ്പോർട്ടിൽസുരേന്ദർ കുമാർ, എം എൻ മൂർത്തി എന്നിവർ ജലമലിനീകരണം ഇന്ത്യയിൽ സാമ്പത്തിക വിലയിരുത്തൽ എന്ന പഠനത്തിലാണ് ഈ കണക്ക്. എന്നാൽ, ജലമലിനീകരണത്തെ കുറിച്ച് ഇത്തരമൊരു പഠനം കേരളത്തിൽ നടത്തിയിട്ടില്ലെന്ന് ഡോ. ശ്രീകുമാർ പറയുന്നു
വെള്ളത്തിലെ ഗുണമേന്മ കുറയുന്നതിനും മലിനീകരണത്തിനും പ്രധാന കാരണം മനുഷ്യ ഇടപെടൽ തന്നെയാണെന്ന് പരിസ്ഥിതി പ്രവർത്തകർ മാത്രമല്ല, ഗവേഷകരും പറയുന്നു. അതിവേഗതയിലുള്ള നഗരവൽക്കരണം, അശാസ്ത്രീയമായ ഭൂവിനിയോഗം, തോട്ടങ്ങളായുള്ള കാർഷിക രീതി, കാർഷികമേഖലയിലെ അനിയന്ത്രിതമായ കള, കീട നാശിനികളുടെയും രാസവളങ്ങളുടെയും ഉപയോഗം, വ്യവസായ മാലിന്യങ്ങളുടെ നിർമാർജ്ജനം, മാലിന്യനിർമാർജ്ജന സംവിധാനങ്ങൾ, ശുചിമുറി മാലിന്യ നിർമാർജ്ജന സംവിധാനങ്ങൾ എന്നിവയുടെ അപര്യാപ്തതയും അഭാവവും ഉൾപ്പടെ നിരവധി കാരണങ്ങൾ ഉണ്ട്.
ഇവയിൽ പലതും ജലമലിനീകരണം സൃഷ്ടിക്കുന്നുവെന്ന് മാത്രമല്ല, ഭൂഗർഭ ജലത്തിന്റെ ഗുണമേന്മയും അളവും കുറയ്ക്കുന്നതിനും വഴിയൊരുക്കുന്നുവെന്ന നിരീക്ഷണവും ചില ജലഗവേഷകർ നടത്തിയിട്ടുണ്ട്.

കാലവസ്ഥാ പ്രതിസന്ധിയുടെ കാലഘട്ടത്തിൽ കേരളത്തിലെ ജലലഭ്യതയും ജലഗുണമേന്മയും മെച്ചപ്പെടുത്തിന് നയപരമായ നടപടികൾ ആവശ്യമാണ്. പ്രകൃതിദത്തമായജലസ്രോതസുകൾ നിലനിർത്തുന്നതിനുള്ള നടപടിയും പ്രധാന പരിഗണന അർഹിക്കുന്ന ഒരു വിഷയമാണ്. മലിനീകരണത്തിന്റെ തോത് കൂടിവരുന്നത് അനുസരിച്ച് ശുദ്ധീകരണ ചെലവും വെള്ളത്തിനുള്ള ചെലവും വർധിക്കുന്നു. പുറത്തുനിന്നും വെള്ളം വാങ്ങി ഉപയോഗിക്കുന്നത് മലയാളിയുടെ നിത്യജീവിതത്തിലെ ഒന്നായി അധികം വൈകാതെ മാറിയേക്കാം എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
തദ്ദേശ തെരഞ്ഞടുപ്പിന് ശേഷം വരുന്ന തദ്ദേശ ഭരണാധികാരികളുടെ മുന്നിൽ വലിയൊരു വിഷയമായി വരുന്നതായിരിക്കും കുടിവെള്ളപ്രശ്നം. വെള്ളപ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ കേരളത്തിലെ സാമൂഹിക ജീവിതത്തെയും സാമ്പത്തികാവസ്ഥയിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉളവാക്കിയേക്കാം. ജലജന്യരോഗങ്ങളിലെ വളർച്ച, രോഗാതുരത എന്നിവ ആരോഗ്യമേഖലയിലെ കേരളത്തിലെ നേട്ടത്തിന് വെല്ലുവിളിയാകും. ജലലഭ്യതയിലെ കുറവ് കാർഷിക മേഖലയിൽ മാത്രമല്ല, ആരോഗ്യ മേഖലയിലും വർധിപ്പിക്കുന്ന ചെലവ് കേരളത്തിലെ സാമ്പത്തിക സ്ഥിതിയെ കൂടുതൽ ദുർബലമാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിലവിൽ ഹരിതമിഷൻ, ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനായി നദികളുടെ പുനരുദ്ധാരണ പദ്ധതികൾ പോലുള്ളവ നടപ്പാക്കുന്നുണ്ട്. ചില തദ്ദേശ സ്ഥാപനങ്ങൾ ഇത്തരം പ്രവർത്തനങ്ങൾക്ക് മുൻകൈ എടുക്കുന്നുണ്ട്. കാട്ടാക്കട നിയമസഭാ മണ്ഡലത്തിൽ എം. എൽ എ, ഭൂനിയോഗ ബോർഡ്, ഹരിതമിഷൻ, തദ്ദേശ സ്ഥാപനങ്ങൾ വിവിധ സാമൂഹിക രാഷ്ട്രീയ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജലസമൃദ്ധി പദ്ധതി ഈ രംഗത്തെ പുതിയൊരു വഴിത്തിരിവാണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!