ജപ്പാനാണ് ജൂലൈ മുതൽ തിമിംഗല മാംസം തീന്മേശയിലേക്ക് തിരികെ എത്തിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന തിമിംഗലങ്ങളെ വെറുതെ വിടണം എന്ന് പരിസ്ഥിതിവാദികൾ അഭ്യർത്ഥിക്കുന്നുണ്ട്.
ജൂലൈ ഒന്ന് മുതൽ ജപ്പാൻ വീണ്ടും തിമിംഗലങ്ങളെ വേട്ടയാടാൻ തുടങ്ങും. അതിനു മുന്നോടിയായി അവർ ഇന്റർനാഷനൽ വെയിലിങ് കമ്മീഷനിൽ നിന്ന് പിൻവാങ്ങി.
1986 വരെ കച്ചവടക്കാർ തിമിംഗല മാംസം വിൽക്കാറുണ്ടായിരുന്നു.അതിന് ശേഷം വന്ന മൊറട്ടോറിയം ആ കച്ചവടങ്ങൾ ഇല്ലാതാക്കി. തിമിംഗല മാംസം ഒരു വിവാദ ഭക്ഷണം ആണ്. തിമിംഗലങ്ങൾ രാജ്യാന്തരതലത്തിൽ സംരക്ഷിക്കപ്പെടുന്നവയാണ്. എന്നാൽ അതിന്റെ മാംസം ജാപ്പനീസ് ഭക്ഷ്യസംസ്കാരത്തിന്റെ ഭാഗമാണ്.
തിമിംഗല മാംസത്തിനോടനുബന്ധിച്ച വ്യവസായങ്ങൾ വർഷങ്ങളായി സാമ്പത്തിക നഷ്ടത്തിൽ ഓടുന്നതാണ് ജപ്പാനെ വീണ്ടും തിമിംഗല വേട്ടയ്ക്ക് പ്രേരിപ്പിച്ചത്. പക്ഷെ ജപ്പാന്റെ ഈ നീക്കം ലോകവ്യാപകമായി വിമർശനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്.
തിമിംഗല മാംസ നിരോധനം നിലനിന്ന 30 വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് ജനതയ്ക്ക് ആ ഭക്ഷണത്തോടുള്ള ആഗ്രഹം ഇല്ലെന്നും, ഇത് പണം ഉണ്ടാക്കാൻ വേണ്ടിയുള്ള വാണിജ്യ താൽപ്പര്യമല്ലെന്നും ജപ്പാൻ വെയിലിങ് അസോസിയേഷൻ പ്രസിഡന്റ് കാസുവോ യാമമുറ പറഞ്ഞു.
തിമിംഗല വേട്ടയുമായി ബന്ധമുള്ള 300പേർ മാത്രമാണുള്ളത്. ജപ്പാനിൽ വിൽക്കപ്പെടുന്ന മാംസത്തിന്റെ 0.1 ശതമാനം മാത്രമാണ് തിമിംഗല മാംസം. മാംസത്തിന്റെ കണക്കനുസരിച്ച് ഓരോ ജാപ്പനീസ് പൗരനും ഒരു ആപ്പിളിന്റെ വലിപ്പത്തിൽ ഉള്ള മാംസമേ ലഭിക്കു എന്നും വെയിലിങ് കമ്മീഷൻ അവകാശപ്പെട്ടു. ഇതിൽ ആശങ്ക വേണ്ടെന്നും, ഇത് ഒരു വൻ വ്യവസായം ആകില്ല എന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ പ്രധാനമന്ത്രി ഷിൻസോ ആബെയും, ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ തലവനായ തോഷിഹിരോ നിക്കായും തിമിംഗല വേട്ടക്ക് പ്രശസ്തമായ ഗ്രാമങ്ങളിൽ ജനിച്ചവരാണ്. നിക്കായുടെ ഗ്രാമമായ തായിജിയിലെ ആളുകൾ ഡോൾഫിനുകളെ കൊന്നത് വിവാദം ആയിരുന്നു. ജപ്പാൻ തിമിംഗല വേട്ട പുനരാരംഭിക്കുന്നതോടെ വേട്ടയാടുന്നവർക്ക് കടലിലെ നിയന്ത്രങ്ങൾ ഇല്ലാത്ത മേഖലകളിലേക്കുള്ള ദൂരയാത്രകൾ ഒഴിവാക്കാം. അതുവഴി സാമ്പത്തിക ലാഭവും ഉണ്ടാക്കാം.
പരിസ്ഥിതി പ്രവർത്തകർ ജി20ൽ ഈ വിഷയം കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ടിരുന്നു. ജപ്പാൻ വേട്ടയാടാൻ ഉദ്ദേശിക്കുന്ന തിമിംഗലങ്ങളുടെ എണ്ണം പുറത്തുവിട്ടിട്ടില്ല.