തൂക്ക് സഭയെങ്കില്‍ രാഷ്ട്രപതിയുടെ വഴികള്‍
ലോക്സഭയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണം എങ്ങനെ സാധ്യമാകും. കണ്ണുകള്‍ രാഷ്ട്രപതിയിലേക്കാകും. ഭരണഘടനയിലെ പരിമിതികള്‍ മറികടക്കാന്‍ കീഴ്വഴക്കങ്ങളാണ് രാഷ്ട്രപതിമാര്‍ അവലംബിക്കുക.
പ്രധാനമന്ത്രിയെ രാഷ്ട്രപതി നിയമിക്കും. മറ്റ് മന്ത്രിമാരെയും രാഷ്ട്രപതി നിയമിക്കും. അത് പ്രധാനമന്ത്രിയുടെ ഉപദേശ പ്രകാരം.
ലോകത്തെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയുള്ള ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരണത്തിന്റെ രീതി എന്തായിരിക്കണമെന്ന് വിവക്ഷിക്കുന്ന ആര്‍ട്ടിക്കിള്‍ 75(1) ഇതാണ്. നിലവിലെ 543 അംഗം സഭയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ട 272 എന്ന കേവലഭൂരിപക്ഷം ആര്‍ക്കും കിട്ടിയില്ലെങ്കില്‍ എന്തു ചെയ്യും? കീഴ്വഴക്കങ്ങളാണ് പിന്നെ ആധാരം. അത്തരം സാഹചര്യത്തില്‍ ഇന്ത്യയില്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്.
തൂക്കു സഭകള്‍ ഉണ്ടാക്കുന്ന അനിശ്ചിതത്വം പരിഹരിക്കാനുള്ള കടമ രാഷ്ട്രപതിയിലാണ്.
ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലെങ്കില്‍ രാഷ്ട്രപതിക്ക് മുന്നിലെ വഴികള്‍. ആരെ ക്ഷണിക്കും എന്നതില്‍ രാഷ്ട്രപതിയുടെ മുന്‍ഗണ ഇങ്ങനെയായിരിക്കും. കീഴ്വഴക്കങ്ങള് പാലിക്കുകയാണ് ഇതില്‍ പ്രധാനം.
കീഴ് വഴക്കങ്ങള്‍
- ഭൂരിപക്ഷമുള്ള, തിരഞ്ഞെടുപ്പിന് മുമ്പേയുണ്ടാക്കിയ സഖ്യത്തിന്റെ നേതാവിനെ
- ഭൂരിപക്ഷം ഉണ്ടാക്കാന്‍ കഴിയുന്ന തിരഞ്ഞെടുപ്പിന് മുമ്പേയുള്ള സഖ്യത്തിന്റെ നേതാവിനെ
- ഭൂരിപക്ഷം സ്ഥാപിക്കാന്‍ കഴിയുന്ന തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യനേതാവിനെ
ഈ മൂന്ന് സാധ്യതയും ഇല്ലെങ്കില്‍?
- നേതാവിനെ തിരഞ്ഞെടുക്കാന്‍ ലോക്സഭയോട് ആവശ്യപ്പെടാം, സ്പീക്കറെ തീരുമാനിക്കുന്നതുപോലെ.
- കാവല്‍ സര്‍ക്കാരിനെ നിയമിക്കാം
- .ഇടക്കാല തിരഞ്ഞെടുപ്പിന് ഉത്തരവിടാം
ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വരുന്ന ഘട്ടത്തില്‍ രാഷ്ട്രപതി എടുക്കുന്ന തീരുമാനങ്ങള്‍ സംവാദങ്ങള്‍ക്ക് ചിലപ്പോള്‍ വഴി തുറന്നേക്കും. കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കും. സംസ്ഥാന സര്‍ക്കാരുകളുടെ രൂപീകരണത്തില്‍ ഗവര്‍ണര്‍മാര്‍ കൈക്കൊണ്ട നടപടികളില്‍ പലതും വിവാദമായിരുന്നു.
ആര് വെങ്കിട്ടരാമന് രാഷ്ട്രപതിയായിരിക്കെ 1989ലാണ് തൂക്കുസഭയെന്ന അസാധാരണ സാഹച്യം ആദ്യം ഉടലെടുത്തത്. അന്ന് രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ 194 സീറ്റുമായി കോണ്‍ഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. രാഷ്ട്രപതി ക്ഷണിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാനാകില്ലെന്ന് ഉറപ്പുള്ളതിനാല്‍ രാജീവ് ഗാന്ധി ക്ഷണം നിരസിച്ചു. വെങ്കിട്ടരാമന് രണ്ടാമത്തെ സാധ്യത പരിഗണിച്ചു. കൂടുതല്‍ സീറ്റുകളുള്ള സഖ്യകക്ഷി നേതാവായ വിപി സിങ്ങിനെ പ്രധാനമന്ത്രിയാകാന്‍ ക്ഷണിച്ചു. സര്‍ക്കാര്‍ രൂപീകരിച്ചു. സംഖ്യാബലം അനുസരിച്ച സര്‍ക്കാര്‍ രൂപീകരണത്തിനുള്ള എളുപ്പവഴിയാണ് ഇത്.
അടുത്ത പ്രസിഡന്റ് ഡോ. ശങ്കര്‍ദയാല്‍ ശര്‍മയും ഇതേ കീഴ്വഴക്കം സ്വീകരിച്ചു. 1996ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. അടല്‍ബിഹാരി വാജ്പേയിയെ സര്‍ക്കാരുണ്ടാക്കാന്‍ ആദ്യം ക്ഷണിച്ചു. സര്‍ക്കാരുണ്ടാക്കി. ഭൂരിപക്ഷം തെളിക്കാനാകാതെ 13ാം ദിവസം വാജ്പേയ് സര്‍ക്കാര്‍ നിലംപൊത്തി. തിരഞ്ഞെടുപ്പിന് ശേഷം രൂപംകൊണ്ട സഖ്യം സര്‍ക്കാരുണ്ടാക്കാനുള്ള സാധ്യത രാഷ്ട്രപതി തേടി. ആ സഖ്യത്തിനും ഭൂരിപക്ഷമുണ്ടായില്ല. ഭൂരിപക്ഷം ഉറപ്പാക്കാനുള്ള സാധ്യതയാണ് രാഷ്ട്രപതി പരിഗണിച്ചത്. ദേവെഗൗഡ പ്രധാനമന്ത്രിയായി.
കീഴ്വഴക്കം സ്ഥിരതയുള്ള സര്‍ക്കാരുണ്ടാക്കാന്‍ എപ്പോഴും പര്യാപതമാകണമെന്നില്ല. സ്ഥിരതയില്ലാത്ത സര്‍ക്കാരുകളെ വിവാദങ്ങളിലേക്ക് നയിക്കുന്ന കുതിരക്കച്ചവടത്തിന് വഴിതുറക്കും. എണ് പിരമാരുള്പ്പെട്ട ജെ എം എം കോഴക്കേസ്, എം എല്‍ എ മാരെ സ്വാധീനിക്കാനും സ്വാധീനിക്കാതിരിക്കാനും ഒളിവില്‍ താമിസപ്പിക്കലുമൊക്കെ നടന്നത് ഇത്തരം സംഭവങ്ങളുടെ ഉദാഹരണമാണ്.
കീഴ്വഴക്കം തുണച്ചില്ലെങ്കില്‍ രാഷ്ട്രപതി എന്ത് ചെയ്യും? കെയര്‍ടേക്കര്‍ ദേശീയ സര്‍ക്കാര്‍ എന്നതാണ് ഉപാധി. അതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ സമവായമെത്തണം. കെയര്‍ടേക്കര്‍ സര്‍ക്കാരിന്റെ കാലാവധി എത്രയെന്ന് തീരുമാനിക്കണം. അപ്പോഴും പ്രധാന ചോദ്യം അവശേഷിക്കും. ആര് പ്രധാനമന്ത്രി എന്നത്. രാഷ്ട്രപതി വിവേചനാധികാരം ഉപയോഗിച്ച് കെയര്‍ടേക്കര്‍ സര്‍ക്കാരിനെ നിയോഗിച്ചാല്‍ ആറുമാസത്തിനകം വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം.