കോവിഷീല്‍ഡ്, കോവാക്സിന്: എന്താണ് വ്യത്യാസവും സമാനതകളും
കോവാക്സിന് അന്തിമ ട്രയലില്‍ പങ്കെടുത്ത എല്ലാവരുടെയും ഫലം പരസ്യപ്പെടുത്തും മുമ്പാണ് അടിയന്തര ഘട്ടത്തില്‍ ഈ വാക്സിന് ഉപയോഗിക്കുന്നതിന് കേന്ദ്ര ഡ്രഗ്സ് ആന്‍ഡ് സ്റ്റാന്റേര്‍ഡ് കമ്മിറ്റി അനുമതി നല്‍കിയത്.
കൊവിഡ് പ്രതിരോധ രംഗത്തെ ഇന്ത്യയുടെ സുപ്രധാന ഘട്ടമാണ് രണ്ട് വാക്സിനുകള്‍ക്ക്- കോവിഷീല്‍ഡ്, കോവാകസിന്‍- ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (ജിസിജിഐ) നല്കിയ അനുമതി. എന്തൊക്കയാണ് ഈ രണ്ട് വാക്സിനുകളുടെയും പ്രത്യേകത.
കോവിഷീല്‍ഡ്
നിര്‍മാണം
ബ്രിട്ടനിലെ അസ്ട്രാ സെനേകയും ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത് പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ചതാണ് കോവിഷീല്‍ഡ്
എങ്ങനെ വികസിപ്പിച്ചു
ചിമ്പാന്സികളില് കാണുന്ന വൈറസിന്റെ വകഭേദം സൃഷ്ടിച്ച് ദുര്‍ബലമാക്കി വികസിപ്പിച്ചെടുത്തത്.
നല്‍കേണ്ട അളവ്
രണ്ട് ഡോസ് കോവിഷീല്‍ഡ് ഒരാള്‍ക്ക് നല്‍കണം.
ഫലപ്രാപ്തി
70.42 ശതമാനം എന്ന് അവകാശപ്പെടുന്നു.
പരീക്ഷണം എത്രപേരില്‍
അസ്ട്രാസെനേക മറ്റ് രാജ്യങ്ങളിലെല്ലാം ചേര്‍ന്ന് 23,745 പേരില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തി. ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ 17 നഗരങ്ങളില്‍ 16000 പേരില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തി. ഇതിന്റെ അന്തിമ ഫലം പുറത്തുവന്നിട്ടില്ല.
സൂക്ഷിക്കുന്ന താപനില
2-9 ഡിഗ്രി സെല്‍ഷ്യസില്‍
കോവാക്സിന്
ഹൈദരാബാദിലെ ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ചതാണ് കൊവാക്സിന്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആറും പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോജിയും ചേര്‍ന്ന് വികസിപ്പിച്ചത്.
എങ്ങനെ വികസിപ്പിച്ചു?
നിര്‍ജീവമായ കൊറോണ വൈറസ് ഘടകത്തില്‍നിന്ന് വികസിപ്പിച്ചത്. രോഗവ്യാപനത്തിനോ, പെരുകാനോ സാധ്യമാകാത്ത വൈറസുകളെ ഉപയോഗിച്ച് അതിലെ ഘടകം വേര്‍തിരിച്ചാണ് ഇത് രൂപപ്പെടുത്തിയത്.
നല്‍കേണ്ട അളവ്
രണ്ട് ഡോസ് വാക്സിന് ഒരാള്‍ക്ക് നല്‍കണം.
ഫലപ്രാപ്തി
വ്യക്തത വന്നിട്ടില്ല
പരീക്ഷണം എത്രപേരില്‍
കോവാക്സിന് മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം 25800 പേരില്‍. ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങള്‍ 800 പേരില്‍ ആയിരുന്നു. മൂന്നാംഘട്ട പരീക്ഷണം കൂടി പൂര്‍ത്തിയായാല്‍ അന്തിമ അനുമതിയാകും. മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം തീരും മുമ്പേ അടിയന്തര ഉപയോഗത്തിന് അനുമതി നല്കി. മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ നടത്തിയവരില്‍ 22,500 പേരുടെയും ഫലം അനുമതി നല്കുന്ന ദിവസം വരെ പരസ്യപ്പെടുത്തിയിട്ടില്ല.
സൂക്ഷിക്കുന്ന താപനില
2-9 ഡിഗ്രി സെല്‍ഷ്യസില്‍
കോവാക്സിന് അനുമതിയില്‍ എന്തുകൊണ്ട് വിമര്‍ശനം
കോവാക്സിന് അന്തിമ ട്രയലില്‍ പങ്കെടുത്ത എല്ലാവരുടെയും ഫലം പരസ്യപ്പെടുത്തും മുമ്പാണ് അടിയന്തര ഘട്ടത്തില്‍ ഈ വാക്സിന് ഉപയോഗിക്കുന്നതിന് കേന്ദ്ര ഡ്രഗ്സ് ആന്‍ഡ് സ്റ്റാന്റേര്‍ഡ് കമ്മിറ്റി അനുമതി നല്‍കിയത്. അത് വിമര്‍ശന വിധേയമായി. ഫലപ്രാപ്തി സംബന്ധിച്ച വ്യക്തമായ ഡാറ്റകള്‍ വരും മുമ്പ് അനുമതി നല്കി എന്നതാണ് പ്രശ്നം. ഡോക്ടര്‍മാരും ആരോഗ്യവിദഗ്ധരും ഇതില്‍ ആശങ്ക അറിയിച്ചു. ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ മറ്റൊരു അഭിപ്രായമാണ് പറഞ്ഞത്. കോവാക്സിന് ഒരു കരുതല്‍ എന്ന നിലയില്‍ സൂക്ഷിക്കാനാണ് സാധ്യതയെന്ന് അദ്ദേഹം വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ കോവിഷീല്‍ഡ് ഉപയോഗിക്കുകയും കോവാക്സിന് എല്ലാ ക്ലിനിക്കല്‍ ട്രയല്‍ ഫലവും പുറത്തുവന്ന ശേഷം ഉപയോഗിക്കാനായി മാറ്റിവെക്കുകയും ചെയ്യുക എന്നതാണ് ഇത് നല്കുന്ന സൂചന.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!