നമുക്ക് മടുത്തിട്ടുണ്ടാകും എന്നാൽ വൈറസിന് തളർച്ചയില്ല; ജാഗ്രത വേണമെന്ന് ഡബ്ല്യൂ എച്ച് ഒ തലവൻ
പ്രതിരോധ വാക്സിന് വേണ്ടി കാത്തിരിക്കുന്ന വേളയിലും ജാഗ്രത പുലർത്തണമെന്നും ടെഡ്രോസ് അദാനോം ഗെബ്രിയേസസ്.
കൊവിഡിനെതിരെ ജാഗ്രത തുടരണമെന്നും മുൻകരുതലുകൾ എടുക്കണമെന്നും ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. മഹാമാരി മൂലം ആളുകൾ തളർന്നു പോകുന്ന സാഹചര്യമാണ് എന്നാൽ വൈറസിന് കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും ടെഡ്രോസ് വ്യക്തമാക്കി. പ്രതിരോധ വാക്സിന് വേണ്ടി കാത്തിരിക്കുന്ന വേളയിലും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലാത്ത വാക്സിനുകളെ ആശ്രയിക്കുന്നത് ആപല്ക്കരമായ പന്തയമാണെന്നും ടെഡ്രോസ് പറഞ്ഞു.
'നമ്മൾക്ക് കൊവിഡ് മടുത്തിട്ടുണ്ടാകും. പക്ഷേ വൈറസിന് തളർച്ചയില്ല. യൂറോപ്യൻ രാജ്യങ്ങൾ കഷ്ടപ്പെടുകയാണ്. പക്ഷേ വൈറസിന് കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല...', ടെഡ്രോസ് പറഞ്ഞു. അടുത്തകാലത്തായി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തതിന് തുടർന്ന് പല രാജ്യങ്ങളിലും ലോക്ക് ഡൗൺ പോലുള്ള നിയന്ത്രണങ്ങൾ ഏർപെടുത്തിയിരുന്നു. ലോകമെമ്പാടും 5.25 കോടി ആളുകൾക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 3.67 കോടി പേർ രോഗവിമുക്തി നേടി. ഇതുവരെ കൊവിഡ് ബാധിച്ചു 12.91 ലക്ഷം പേരാണ് മരിച്ചത്. അമേരിക്കയിൽ മാത്രം ഒരു കോടിയിലേറെ പേർക്ക് രോഗമുണ്ട്.
ഫൈസറും ബയോ എൻടെക്കും ചേർന്നു വികസിപ്പിച്ച വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന് തിങ്കളാഴ്ച്ച പുറത്തു വന്നിരുന്നു. ഒറ്റ ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് 28 ദിവസം കൊണ്ടും രണ്ട് ഘട്ട ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ ഏഴ് ദിവസം കൊണ്ടും രോഗ പ്രതിരോധ ശേഷി നേടിയതായിട്ടാണ് കമ്പനിയുടെ അവകാശവാദം. കൊവിഡ് 19 നെ പ്രതിരോധിക്കാൻ ഈ വാക്സിന് ശേഷിയുണ്ട് എന്നതാണ് മൂന്നാംഘട്ട പരീക്ഷത്തിലെ ആദ്യഫലങ്ങൾ വ്യക്തമാക്കുന്നതെന്ന് ഫൈസർ സി ഇ ഒ ആൽബർട്ട് ബൗർലായുടെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
Image credit | Reuters
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!