ക്ഷുദ്ര പ്രചാരണം, അസംബന്ധം; ഇങ്ങനെ സംസാരിക്കുന്നത് ആരാണ്? യോഗി ആദിത്യനാഥിൻ്റെ പൗരത്വ നിയമ പരാമർശത്തിനെതിരെ നിതീഷ് കുമാർ
സഖ്യകക്ഷിയായ ബിജെപിയുമായി മുൻപും നിതീഷ് കുമാർ കൊമ്പ് കോർത്തിരുന്നു.
യോഗി ആദിത്യനാഥിൻ്റെ പൗരത്വ നിയമ പരാമർശത്തിനെതിരെ ആഞ്ഞടിച്ചു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സഖ്യകക്ഷിയായ ബിജെപിയുടെ 'താര പ്രചാരകനായ' യോഗിക്കെതിരെ കടുത്ത ഭാഷയിലാണ് നിതീഷ് കുമാർ പ്രതികരിച്ചത്. എല്ലാവരും ഇന്ത്യക്കാരാണെന്നും ഈ രാജ്യം എല്ലാവരുടേതുമാണെന്നും യോഗി ആദിത്യനാഥിനെ പേരെടുത്ത് പരാമർശിക്കാതെ നിതീഷ് കുമാർ ചൂണ്ടിക്കാട്ടി. ബിഹാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് നുഴഞ്ഞു കയറ്റക്കാരെ പുറത്താക്കുമെന്ന പരാമർശം യോഗി നടത്തിയത്.
'ആരാണ് ഈ ക്ഷുദ്ര പ്രചാരണം നടത്തുന്നത്? ഈ അസംബന്ധം പറയുന്നത് ആരാണ്? ആരാണ് ആളുകളെ പുറത്താക്കുക? ആരും അത് ചെയ്യാൻ ധൈര്യപ്പെടില്ല. ഈ രാജ്യം എല്ലാവരുടേതുമാണ്. എല്ലാവരും ഇന്ത്യക്കാരാണ്', നിതീഷ് കുമാർ പറഞ്ഞു. 'ആരാണിങ്ങനെ സംസാരിക്കുന്നത്? ഐക്യത്തിനും സഹോദര്യത്തിനുമായി പ്രവർത്തിക്കാനാണ് ഞങ്ങളുടെ ശ്രമം. അങ്ങനെ പുരോഗതി കൈവരിക്കാനാവും. ഈ ആളുകൾ ഭിന്നത സൃഷ്ടിക്കാൻ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. അവർക്ക് മറ്റ് ജോലികളൊന്നുമില്ല', നിതീഷ് കുമാർ കൂട്ടിച്ചേർത്തു.
നിതീഷ് കുമാറിൻ്റെ പ്രസംഗത്തിൽ ആരുടെയും പേര് പരാമർശിച്ചില്ലെങ്കിലും ഉത്തർപ്രദേശ് മുഖ്യമന്ത്രിയ്ക്ക് എതിരായുള്ള വിമർശനമായി കരുതപ്പെടുന്നു. കഴിഞ്ഞ ദിവസം കട്ടിഹാറിലെ തിരഞ്ഞെടുപ്പ് റാലിയിൽ പൗരത്വ ഭേദഗതി നിയമത്തെപ്പറ്റി യോഗി ആദിത്യനാഥ് സംസാരിച്ചിരുന്നു. 'നുഴഞ്ഞുകയറ്റ പ്രശ്നത്തിന് മോദി ജി ഒരു പരിഹാരം കണ്ടെത്തി ... സിഎഎ (പൗരത്വ ഭേദഗതി നിയമം) വഴി പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളുടെ സുരക്ഷ അദ്ദേഹം ഉറപ്പുവരുത്തി. രാജ്യ സുരക്ഷ അപകടത്തിലാക്കുന്ന നുഴഞ്ഞുകയറ്റക്കാരനെ പുറത്താക്കുമെന്നും കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും അപകടത്തിലാക്കാൻ ആരെയും അനുവദിക്കില്ല', യോഗി പറഞ്ഞു.
സഖ്യകക്ഷിയായ ബിജെപിയുമായി മുൻപും നിതീഷ് കുമാർ കൊമ്പ് കോർത്തിരുന്നു. ദേശീയ പൗരത്വ രജിസ്റ്റർ അസമിൽ മാത്രമായി ഒതുക്കണമെന്നും രാജ്യവ്യാപകമായി നടപ്പാക്കേണ്ടതില്ലെന്നും നിതീഷ് കുമാർ ജനുവരിയിൽ പറഞ്ഞിരുന്നു. കശ്മീരിൻ്റെ പ്രത്യേക പദവി ഇല്ലാതാക്കാനുള്ള ബിജെപിയുടെ നീക്കത്തെ ജെഡിയു ആദ്യം പാർലമെന്റിൽ എതിർത്തിരുന്നു. എന്നാൽ പിന്നീട് ഇതിനെ പിന്തുണച്ചു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!