ലിയോൺ അഗസ്റ്റിൻ: ഛേത്രിക്ക് പകരക്കാരനായി ഇറങ്ങിയ മലയാളി താരം ആര് ?
"ലിയോൺ അസാമാന്യ വേഗതയുള്ള താരമാണ്. ചെറിയ അവസരങ്ങൾ പോലും ഗോളാക്കി മാറ്റാൻ ലിയോണിന് സാധിക്കും" സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ പരിശീലകനായിരുന്ന ബിനോ ജോർജ് പറഞ്ഞു
അനസ് എടത്തൊടിക്ക, സുശാന്ത് മാത്യൂസ്, മുഹമ്മദ് റാഫി, സികെ വിനീത്, റിനോ ആന്റോ, സകീർ മുണ്ടംപാറ, രെഹനേഷ് എന്ന് തുടങ്ങിയ സഹൽ അബ്ദുൽ സമദ്, ആഷിഖ് കുരുണിയൻ, രാഹുൽ കെപി എന്നിവരിൽ എത്തി നിൽക്കുന്ന ഒരു നിര മലയാളി താരങ്ങൾ തന്നെ ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ പ്രകടനം കൊണ്ട് ശ്രദ്ധനേടിയിട്ടുണ്ട്. ആരാധകർക്ക് വിരുന്നാകാൻ പോകുന്ന ഒട്ടേറെ പുതുമുഖങ്ങളാണ് ലീഗിന്റെ ഏഴാം സീസണിലും അരങ്ങേറ്റം കുറിക്കുന്നത്. ഇതിൽ ഏറെ പ്രതീക്ഷ പുലർത്തുന്ന താരമാണ് ബെംഗളൂരു എഫ്സിയുടെ ലിയോൺ അഗസ്റ്റിൻ.
എഫ്സി ഗോവയ്ക്കെതിരെ നടന്ന മത്സരത്തിന്റെ എൺപത്തിയാറാം മിനിറ്റിൽ നായകൻ സുനിൽ ഛേത്രിക്ക് പകരക്കാരനായി ഇറങ്ങിയാണ് ലിയോൺ അഗസ്റ്റിൻ ഐഎസ്എൽ അരങ്ങേറ്റം കുറിച്ചത്. വിനീത് സികെ, റിനോ ആന്റോ, ആഷിഖ് കുരുണിയൻ തുടങ്ങി കേരളാ ഫുട്ബോളിൽ ശ്രദ്ധേയരായ താരങ്ങളെ കളത്തിലിയിറക്കിയിട്ടുള്ള ക്ലബാണ് ബെംഗളൂരു എഫ്സി (ബിഎഫ്സി). ഈ നിരയിൽ അവസാനത്തെ കണ്ടെത്തലാണ് ലിയോൺ അഗസ്റ്റിൻ.
കോഴിക്കോട് നിന്നുള്ള ഈ ഇരുപത്തിരണ്ടുകാരൻ ബിഎഫ്സിയുടെ അക്കാദമി താരമാണ്. പതിനാറ് വയസുള്ളപ്പോൾ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന ട്രയലിൽ നിന്നാണ് ലിയോണെ ബിഎഫ്സി കണ്ടെത്തുന്നത്. ഒരു വർഷം അക്കാദമി റിസർവ് ടീമിനൊപ്പം ചെലവിട്ട ശേഷമാണ് ലിയോണെ തേടി ഫാസ്റ്റ് ടീമിൽ നിന്നുള്ള വിളിയെത്തിയത്.
മധ്യനിരയിലും വിങ്ങുകളിലും കളിക്കാൻ കഴിവുള്ള താരം നേരത്തെ ഒരു എഎഫ്സി കപ്പ് യോഗ്യതാ മത്സരവും കളിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ സന്തോഷ് ട്രോഫിയിൽ കേരളത്തിന് വേണ്ടി കളിച്ചിട്ടുള്ള താരം ഏറെ പ്രതീക്ഷ നൽകുന്നു എന്നാണ് അന്ന് പരിശീലകനായ ബിനോ ജോർജ് വിലയിരുത്തിയത്. "ലിയോൺ അസാമാന്യ വേഗതയുള്ള താരമാണ്. ചെറിയ അവസരങ്ങൾ പോലും ഗോളാക്കി മാറ്റാൻ ലിയോണിന് സാധിക്കും," ദ് ഹിന്ദുവിനോട് ബിനോ ജോർജ് പറഞ്ഞു.
വരും മത്സരങ്ങളിൽ ബെംഗളൂരു എഫ്സിയുടെ വിങ്ങുകളിൽ വേഗതയുള്ള മുന്നേറ്റങ്ങൾ തീർക്കാൻ ആഷിഖ് കുരുണിയനോടൊപ്പം ഈ കോഴിക്കോടുകാരനും ഉണ്ടാകും.
ഫൊട്ടോ: ഫെയ്സ്ബുക്
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!