ഡ്രൈ റണ്ണിന് അപ്പുറം; ആര്‍ക്കൊക്കെ വാക്സിന് ലഭിക്കും; എങ്ങനെ രജിസ്റ്റര്‍ ചെയ്യും?
ആരോഗ്യ പ്രവര്‍ത്തകരെ അതിലെ മുന്‍ഗണന അനുസരിച്ച് വീണ്ടും ഉപവിഭാഗങ്ങളായി തിരിക്കും.
2021ന്റെ തുടക്കത്തിലെ ഇന്ത്യയുടെ പ്രതീക്ഷയാണ് കൊവിഡ് വാക്സിന്. എട്ട് മാസം കൊണ്ട് രാജ്യത്തെ 30 കോടി ജനങ്ങള്‍ക്ക് വാക്സിന് ലഭ്യമാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. അതിന്റെ ആദ്യപടി ജനുവരി രണ്ടിന നടന്ന ഡ്രൈ റണ്ണും. യഥാര്‍ഥ വാക്സിനേഷന് തുടങ്ങുന്നിതന് മുമ്പ് അതിന്റെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായോ എന്ന് പരിശോധിക്കുന്ന മോക് ഡ്രില്‍ ആയിരുന്നു ഡ്രൈ റണ്‍.
ബ്രിട്ടനിലെ അസ്ട്രാസെനേകയുമായി ചേര്‍ന്ന് പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച വാക്സിന് കൊവിഷീല്‍ഡ് ഉപയോഗിക്കുന്നതിന് ഡ്രഗ്സ് കണ്ട്രോളര് ഓഫ് ഇന്ത്യയുടെ വിദഗ്ധ സമിതി അംഗീകാരം നല്‍കിയതിനൊപ്പമാണ് വാക്സിന് വിതരണ ഒരുക്കം ഉറപ്പുവരുത്താനുള്ള ഡ്രൈ റണ്‍. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് പുറമെ, ഭാരത് ബയോടെകിന്റെ കൊവാക്സിനും അന്തിമഅനുമതിക്ക് കാത്തിരിക്കുന്നു.
വാക്സിന് വിതരണത്തിന് പ്രത്യേക ക്രമീകരണം കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. എല്ലാവര്ക്കും വാക്സിന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെങ്കിലും അതില്‍ മുന്‍ഗണനാ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കി.
ആര്‍ക്ക് ആദ്യ ലഭിക്കും?
1. ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ഒരു കോടി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന് നല്‍കുക. നാഷണല്‍ എക്സ്പേര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്സിന് അഡ്മിനിസ്ട്രേഷന് ഫോര്‍ കൊവിഡ് (NEGVAC) ശുപാര്‍ശ പ്രകാരമാണ് ഈ മുന്‍ഗണന നിശ്ചയിച്ചത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ മുന്‍നിരയില്‍ നില്ക്കുന്നവര് എന്നതാണ് ഈ പരിഗണനയ്ക്ക് അടിസ്ഥാനം. രോഗികളുമായും രോഗ സാധ്യതയുള്ളവരുമായും ഏറ്റവും അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നത് ആരോഗ്യ പ്രവര്‍ത്തകരാണ്. രോഗസാധ്യതയുള്ള ഒന്നിലധികം പേരുമായി അവര്‍ സമ്പര്‍ക്കത്തിലാകും എന്നത് അപകട സാധ്യത കൂട്ടുന്ന ഘടകവുമാണ്.
ഈ ആരോഗ്യ പ്രവര്‍ത്തകരെ അതിലെ മുന്‍ഗണന അനുസരിച്ച് വീണ്ടും ഉപവിഭാഗങ്ങളായി തിരിക്കും. മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍, ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്മെന്റ് സര്‍വീസസ് (ഐസിഡിഎസ്) വര്‍ക്കര്‍മാര്‍, നഴ്സുമാരും സുപ്രൈവസൈര്മാരും, പാരാമെഡിക്കല്‍ സ്റ്റാഫ്, സപ്പോര്‍ട്ട് സ്റ്റാഫും വിദ്യാര്‍ഥികളും എന്നതാണ് ആ ഘടന.
ഇതിനുള്ള വിവരങ്ങള്‍ സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ സേവന കേന്ദ്രങ്ങള്‍ എന്നിവരില്‍ നിന്ന് ശേഖരിച്ച് വാക്സിനേഷന് വികസിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ കോവിനിലേക്ക് നല്‍കും.
2. മുന്‍നിരപ്രവര്‍ത്തകരും മുനിസിപ്പല്‍ ജീവനക്കാരും
രണ്ട് കോടിയോളം മുന്‍നിര പ്രവര്‍ത്തകര്‍ ഉണ്ടെന്നാണ് കണക്ക്. കേന്ദ്ര പൊലീസ്, ആംഡ് ഫോഴ്സസ്, ഹോം ഗാര്‍ഡ്, ദുരന്ത നിവാരണ സമിതി അംഗങ്ങള്‍, ജയില്‍ ജീവനക്കാര്‍, മുനിസിപ്പില്‍ ജീവനക്കാര്‍, കൊവിഡ് പ്രതിരോധത്തില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്ന റവന്യൂ ജീവനക്കാര്‍, ഇതിന്റെ നിരീക്ഷണ പ്രവര്‍ത്തനത്തില്‍ പൂര്‍ണസമയം പ്രവര്‍ത്തിക്കുന്നവര്‍ എന്നവരാണ് ഈ വിഭാഗത്തില്‍ വരിക. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട ഇതേ ചുമതലകള്‍ നിര്‍വഹിക്കുന്നവര്‍ക്കും ഈ ഘട്ടത്തില്‍ കുത്തിവെപ്പ് നല്‍കും.
3. 50 വയസ്സിന് മുകളിലുള്ളവര്‍
50 വയസ്സിന് മുകളിലുള്ളവരെ വീണ്ടും ഉപവിഭാഗങ്ങാളാക്കി തിരിക്കും. 60ന് മുകളിലുള്ളവരും 50-60 ഇടയിലുള്ളവര്‍ എന്നിങ്ങനെ. ഇവരെ കണ്ടെത്താന്‍ ലോക്സഭയിലേക്കോ, സംസ്ഥാന നിയമസഭയിലേക്കോ ഏറ്റവും അവസാനം നടന്ന തെരഞ്ഞെടുപ്പിലെ വോട്ടര്പട്ടികയയായിരിക്കും അടിസ്ഥാനമായി കണക്കാക്കുക.
4. കൊവിഡ് അതിവ്യാപനം ഉണ്ടായ പ്രദേശങ്ങള്‍
ഒരു പൊതുകീഴ് വഴക്കം അടിസ്ഥാനമാക്കിയായിരിക്കും ഈ മുന്‍ഗണന നിശ്ചയിക്കുക. അത സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ചേര്‍ന്ന് തയ്യാറാക്കുന്ന പട്ടികയായിരിക്കും. രോഗവ്യാപനം നേരത്തെ ഉണ്ടായതിന്റെ വിവരങ്ങള്‍ ശേഖരിച്ച്, അതിന്റെ കാരണം ഉറപ്പുവരുത്തിയ ശേഷമായിരിക്കും ഈ പ്രദേശങ്ങളിലുള്ള എല്ലാവര്ക്കും വാക്സിന് നല്‍കുക.
വാക്സിന് കിട്ടാന്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യണം
പൊതുജനങ്ങള്‍ക്ക് വാക്സിന് ലഭിക്കാന്‍ CoWIN ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. ആപ്പ് ഉടന്‍ പുറത്തിറക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ മുന്‍ഗണന നിശ്ചയിച്ച 30 കോടിപേര്‍ക്ക് വാക്സിന് നല്കുന്ന മുറയ്ക്കായിരിക്കും ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും വാക്സിന് നല്‍കുക.
രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ അല്ലെങ്കില്‍ ഫോട്ടോ പതിച്ച സര്‍ക്കാരിന്റെ തിരിച്ചറിയല്‍ കാര്‍ഡ് അപ് ലോഡ് ചെയ്യണം. ബയോമെട്രിക് സംവിധാനത്തിലൂടെ ഇതിന്റെ രജിസ്ട്രേഷന് അംഗീകാരം ഉറപ്പാക്കും. ഈ രജിസ്ട്രേഷന് കഴിഞ്ഞാള്‍ വാക്സിനേഷന് നല്കുന്ന തിയ്യതിയും സ്ഥലവും അറിയിക്കും. സ്പോട് രജിസ്ട്രേഷനിലൂടെ വാക്സിന് നല്‍കില്ല. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ നല്‍കൂ. ജില്ലാ ഭരണകൂടമാണ് ഇതിന്റെ സ്ഥലവും സമയവും നിശ്ചയിക്കുക.
കേരളത്തിലെ രജിസ്ട്രേഷന്
ഡ്രൈ റണ്ണിന് തലേന്ന് കേരളത്തില്‍ 3.13 ലക്ഷം പേരുടെ രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയിരുന്നു. കേരളത്തിലും ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ എല്ലാ വിഭാഗം ആരോഗ്യപ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, ആശ വര്‍ക്കര്‍മാര്‍, ഐസിഡിഎസ്, അംഗണവാടി വര്‍ക്കാര്‍മാര്‍ എന്നിവര്‍ക്കാണ് വാക്സിന് നല്‍കുക. വാക്സിന് നല്‍കുന്നതിന് സുസജ്ജമായ സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. 20 ലാര്‍ജ് ഐഎല്‍ആര്‍, 1800 വാക്സിന് കാരിയര്‍, 50 വലിയ കോള്‍ഡ് ബോക്സ്, 50 ചെറിയ കോള്‍ഡ് ബോക്സ്, 12,000 ഐസ് പായ്ക്കറ്റ് എന്നിവ സംസ്ഥാനത്ത് ആദ്യഘട്ടം തന്നെ സജ്ജമാക്കി. ഒറ്റത്തവണ ഉപയോഗിക്കാവുന്ന 14 ലക്ഷം സിറിഞ്ചുകളും സജ്ജമാക്കി.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!