എന്തുകൊണ്ട് കര്‍ഷകര്‍ക്ക് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യേണ്ടിവന്നു?
കേന്ദ്ര നിയമത്തെ മറികടക്കുന്നതിന് പഞ്ചാബ് സംസ്ഥാന സര്‍ക്കാര്‍ മൂന്ന് പ്രത്യേക നിയമം കൊണ്ടുവന്നു. പക്ഷെ അത് യാഥാര്‍ഥ്യമാകുമെന്ന് ഉറപ്പില്ല.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവുന്ന മൂന്ന് നിയമങ്ങള്‍ക്കെതിരെ പതിനായിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്തു. അവരില്‍ ഭൂരിഭാഗവും മുതിര്‍ന്ന പൗരന്മാര് ആയിരുന്നു. പാര്‍ലമെന്റ് ബില്‍ പാസാക്കിയതിന് പിന്നാലെ സെപ്തംബറില്‍ തുടങ്ങിയ പ്രക്ഷോഭമാണ് തണുത്തുറഞ്ഞു തുടങ്ങിയ ഡല്‍ഹിയിലേക്ക് നവംബര്‍ 26ന് മാര്‍ച്ച് ചെയ്യാന്‍ കര്‍ഷകരെ നിര്‍ബന്ധിപ്പിച്ചത്. നിയമം കൊണ്ടുവന്നതിന് ശേഷം ചലോ ഡല്‍ഹി മാര്‍ച്ച് തുടങ്ങിയ ദിവസം വരെ പഞ്ചാബില്‍ മാത്രം 13 കര്‍ഷകര്‍ക്ക് ഈ കാരണത്താല്‍ ജീവന് നഷ്ടമായി. പഞ്ചാബ് മാത്രമല്ല, ഹരിയാന, രാജസ്ഥാന്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള കര്‍ഷകരും മാര്‍ച്ചിന്റെ ഭാഗമായി.
ആരൊക്കെയായിരുന്നു സമരത്തില്‍?
പഞ്ചാബില്‍നിന്നുള്ള 31 കര്‍ഷക സംഘടനകളായിരുന്നു സമരത്തിന്റെ നേതൃത്വം. ഇതില്‍ 13 കര്‍ഷക സംഘടനകള്‍ വിവിധ കമ്യൂണിസ്റ്റ് പാര്‍ട്ടികളുമായി ബന്ധപ്പെട്ടതാണ്. മറ്റ് സംഘടനകള്‍ കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികളുടെ സംഘടനകളുമാണ്. ഇതിനൊപ്പം മറ്റ് സംസ്ഥാനങ്ങളിലെ വിവിധ കര്‍ഷക സംഘടനകളും ചേര്‍ന്നു.
എന്താണ് സമരത്തിലെ ആവശ്യം?
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് നിയമങ്ങള്‍ ഇതാണ്.
1. The Farmters' Produce Trade and Commerce (Promotion and Facilitation),
2. The Farmers (Empowerment and Protection) Agreement of Price Assurance,
3. Farm Services and The Essential Commodities (Amendment)
കര്‍ഷകരുടെ ഏറ്റവും പ്രധാന ആവശ്യം ഈ മൂന്ന് നിയമങ്ങള്‍ പിന്‍വലിക്കുക എന്നതാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നിയന്ത്രണത്തിലുള്ള സംഘടനകള്‍ ഈ ആവശ്യത്തില്‍ ഉറച്ചു നില്ക്കുന്നു. ഇതര സംഘടനകള്‍ നിയമത്തില്‍ കാതലായ മാറ്റം ആവശ്യപ്പെടുന്നു. ഈ നിയമം കര്‍ഷകര്‍ക്ക് ഗുണകരമല്ലെന്ന് അവര്‍ പറയുന്നു. പകരം കാര്‍ഷിക മേഖലയില്‍ സ്വകാര്യ വത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതും വലിയ കോര്‍പ്പറേറ്റുകള്‍ക്ക് ഗുണകരവും ആകും.
ഉത്പനങ്ങള്‍ക്ക് കുറഞ്ഞ താങ്ങുവില ഉറപ്പുവരുത്തി ഭക്ഷ്യധാന്യ സംഭരണ സംവിധാനം തുടരണം എന്നാണ് രണ്ടാമത്തെ ആവശ്യം.
മൂന്നാമത്തെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കണം എന്നതാണ്. ഈ ബില്‍ നിയമമായാല്‍ കര്‍ഷകര്‍ക്കുള്ള സൗജന്യ വൈദ്യുതി നിലയ്ക്കുകയും സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
നാലാമത്തെ ആവശ്യം ഇതാണ്. വിളനിലങ്ങള്‍ കത്തിത്തിക്കുന്നതിനെതിരായ നിയമം പിന്‍വലിക്കണം. അഞ്ച് വര്‍ഷം വരെ തടവിലിടാനും ഒരു കോടി രൂപ വരെ പിഴയിടാക്കാനും വ്യവസ്ഥ ചെയ്തതാണ് ആ നിയമം. കൊയ്ത്തുകഴിഞ്ഞ പാടങ്ങള്‍ കത്തിച്ചതിന്റെ പേരില്‍ അറസ്റ്റിലായ കര്‍ഷകരെ ഉടന്‍ മോചിപ്പിക്കണം.
ഈ ആവശ്യങ്ങള്‍ക്ക് പുറമെ മറ്റ് ചില കര്‍ഷക സംഘടനകള്‍ വേറെയും ആവശ്യം ഉന്നയിക്കുന്നു. ഹരിയാന കര്‍ഷകര്‍ക്ക് തുല്യമായ രീതിയില്‍ കരിമ്പിന്റെ വില നല്‍കണം എന്നത് ഉള്‍പ്പടെയുള്ളവയാണ് അഞ്ചാമത്തെ ആവശ്യം.
എന്തുകൊണ്ട് സര്‍ക്കാര്‍ അവഗണിക്കുന്നു?
പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവരുന്നതിന് മുമ്പേ തന്നെ കര്‍ഷക സംഘടനകള്‍ ഇതില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. ലോക്സഭ ബില്‍ പാസാക്കിയ ദിവസം ശിരോമണി അകാലി ദള്‍ ഏക മന്ത്രിയെ പിന്‍വലിച്ച് കേന്ദ്രമന്ത്രിസഭയില്‍നിന്ന് പിന്മാറി. എന്‍ഡിഎ മുന്നണി വിട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതികരിച്ചു. ബില്‍ പാസാക്കിയ ശേഷവും കര്‍ഷകര്‍ പ്രതിഷേധം തുടര്‍ന്നു. പഞ്ചാബിലും ഹരിയാനയിലും കര്‍ഷകര്‍ അന്ന് മുതല്‍ പ്രക്ഷോഭത്തിലാണ്. രണ്ട് മാസത്തിനിടെ രണ്ട് തവണ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സംഘടനകളെ ചര്‍ച്ചയ്ക്ക് വിളിച്ചു. വിട്ടുവീഴ്ചയ്ക്ക് സര്‍ക്കാര്‍ സന്നദ്ധമായില്ല. ചര്‍ച്ചകള്‍ പരാജയപ്പെട്ടു.
കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിശോധിക്കാന്‍ കമ്മിറ്റിയെ വെക്കാം എന്ന് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നല്കിയ ഉറപ്പ്. അതില്‍ കര്‍ഷകര്‍ തൃപ്തരല്ല. പഞ്ചാബിലെ കര്‍ഷകര്‍ 15 ദിവസം റയില്‍ തടഞ്ഞ് സമരം നടത്തി. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ റയില്‍ ഉപരോധം പിന്‍വലിച്ചു. പിന്നീടാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്തത്. ഡല്‍ഹിയിലേക്ക് പൊലീസ് അനുമതി നിഷേധിച്ച് അതിര്‍ത്തികളില്‍ തടഞ്ഞു. ബാരിക്കേഡ് ഉയര്‍ത്തി. ജലപീരങ്കിയും ടിയര്‍ഗ്യാസ് ഷെല്ലും ലാത്തിച്ചാര്‍ജും നടത്തി പിന്തിരിപ്പിക്കാന് ശ്രമിച്ചു. കര്‍ഷകര്‍ ഉറച്ചുനിന്നു. ഒടുവില്‍ പ്രത്യേകസംഘത്തിന് ഡല്‍ഹിയില്‍ കടക്കാന്‍ അനുമതി കിട്ടി.
പഞ്ചാബിന്റെ ബദല്‍ നിയമം എന്തുകൊണ്ട് പര്യാപ്തമല്ല
കേന്ദ്ര നിയമത്തെ മറികടക്കുന്നതിന് പഞ്ചാബ് സംസ്ഥാന സര്‍ക്കാര്‍ മൂന്ന് പ്രത്യേക നിയമം കൊണ്ടുവന്നു. പക്ഷെ അത് യാഥാര്‍ഥ്യമാകുമെന്ന് ഉറപ്പില്ല. കാരണം പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ മറികടക്കും വിധം സംസ്ഥാന നിയമസഭ കൊണ്ടുവന്ന നിയമം പ്രാബല്യത്തിലാകണമെങ്കില്‍ രാഷ്ട്രപതി ഒപ്പുവെക്കണം. രാഷ്ട്രപതി ഭവന് അനുകൂല തീരുമാനം എടുത്തില്ല. അതുകൊണ്ടുതന്നെ യഥാര്‍ഥ പ്രശ്നപരിഹാരം സാധ്യമല്ലെന്ന് കര്‍ഷകര്‍ പറയുന്നു. പഞ്ചാബിന്റെ നിയമം രാഷ്ട്രപതി അംഗീകരിച്ചാലും മറ്റ് സംസ്ഥാനങ്ങളിലുള്ള കര്‍ഷകുടെ പ്രശ്നം പരിഹരിക്കപ്പെടില്ല.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!