മന്ത്രി ജലീലിൻ്റെ രാജിക്കായി വിവിധ ഇടങ്ങളിൽ പ്രതിഷേധം; വിടി ബൽറാമിന് ലാത്തിച്ചാർജിൽ പരിക്ക്
മന്ത്രിയെ ചോദ്യം ചെയ്യുന്ന കൊച്ചി എൻഐഎ ഓഫീസിനു മുന്നിലും കൊല്ലത്തും പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
മന്ത്രി കെടി ജലീലിൻ്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കടുപ്പിച്ചു യുവജന സംഘടനകൾ. പ്രതിഷേധത്തിനിടെ പൊലീസ് ലാത്തി വീശി. ജലപീരങ്കിയും പ്രയോഗിച്ചു. ലാത്തിച്ചാർജിൽ എംഎൽഎ വിടി ബൽറാം അടക്കമുള്ളവർക്ക് പരുക്കേറ്റു. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ഇന്ന് വിവിധ ഇടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചത്. കോഴിക്കോടും കോട്ടയത്തും കൊച്ചിയിലും കൊല്ലത്തും പ്രതിഷേധവുമായി പ്രവർത്തകർ രംഗത്തെത്തി. മന്ത്രി കെ ടി ജലീലിനെ ദേശീയ അന്വേഷണ ഏജന്‍സി ഇന്ന് ചോദ്യം ചെയ്യലിന് വിധേയനാക്കിയ സാഹചര്യത്തിലാണ് പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം ശക്തമാക്കിയത്.
കോട്ടയത്ത് കളക്ടറേറ്റിൽ മാർച്ചിനിടയിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യുവമോർച്ച, കെഎസ്യു പ്രവർത്തകർ വിവിധ ഇടങ്ങളിൽ പ്രതിഷേധം തുടരുകയാണ്. ബാരിക്കേഡ് മറികടന്ന പ്രവർത്തകരെ തടയാൻ പൊലീസ് ലാത്തി വീശിയിരുന്നു. മന്ത്രിയെ ചോദ്യം ചെയ്യുന്ന കൊച്ചി എൻഐഎ ഓഫീസിനു മുന്നിലും കൊല്ലത്തും പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് മന്ത്രി കെടി ജലീല്‍ ചോദ്യം ചെയ്യലിനായി കൊച്ചി എന്‍ഐഎ ഓഫീസില്‍ എത്തിയത്. മതഗ്രന്ഥത്തിന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്ന സംശയം അന്വേഷിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയെ എൻഐഎ ചോദ്യം ചെയ്യുന്നത്. യുഎഇ കോണ്‍സുലേറ്റ് നല്കിയ മതഗ്രന്ഥങ്ങള്‍ സര്‍ക്കാര്‍ വാഹനത്തില്‍ മന്ത്രി ജലീലിന്റെ വകുപ്പിന് കീഴിലുള്ള സിആപ്റ്റിലേക്ക് കൊണ്ടുപോയിരുന്നു എന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.ഇതിന്റെ മറവില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടോ എന്നതാണ് എന്‍ഐഎ അന്വേഷിക്കുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!