മറഡോണ ആദ്യമായി 'ദൈവത്തിന്റെ കൈകൊണ്ട്' ഗോൾ നേടിയത് ഇറ്റലിയിൽ വച്ചെന്ന് ബ്രസീലിയൻ ഇതിഹാസം
"ഞാൻ പലപ്പോഴും അദ്ദേഹത്തെ ഇത് പറഞ്ഞു കളിയാക്കുമായിരുന്നു. നിങ്ങൾ ഞങ്ങളോടൊപ്പം കളിച്ചാണ് ദൈവത്തിന്റെ കൈ പരിശീലിച്ചത് എന്ന് പറഞ്ഞപ്പോൾ 'നിങ്ങൾ ഫുട്ബോളിന്റെ നല്ല വശമാണ്, ഞാൻ ചീത്ത വശവും' എന്നായിരുന്നു മറഡോണയുടെ മറുപടി,"
അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ 'ദൈവത്തിന്റെ കൈ' എന്നറിയപ്പെടുന്ന ഗോൾ രണ്ട് വർഷം മുൻപ് നേടിയ മറ്റൊരു ഗോളിന്റെ ആവർത്തനമാണെന്ന് ബ്രസീലിയൻ ഇതിഹാസം സീക്കോ. 1984ലെ ഇറ്റാലിയൻ സീരിയാ എ മത്സരത്തിനിടയിലായിരുന്നു സംഭവമെന്ന് സീക്കോ വിവരിച്ചു.
"അന്ന് ഞാൻ ഉദീനിൽ എത്തിയതേ ഉണ്ടായിരുന്നുള്ളൂ. നേപ്പളിൽ നടന്ന മത്സരത്തിൽ ഞാൻ കളിച്ചിട്ടുണ്ടായിരുന്നില്ല. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഉദിനീസ് മുന്നിട്ട് നിന്ന മത്സരത്തിൽ മറഡോണ രണ്ട് ഗോളുകൾ നേടി സമനിലയുറപ്പിച്ചു. മത്സരത്തിന് ഏറ്റവും ഒടുവിലായി ക്രോസ് ബാറിൽ തട്ടി മടങ്ങിവന്ന പന്ത് കൈകളുപയോഗിച്ച് മറഡോണ ഗോളാക്കുകയായിരുന്നു," ഗസറ്റ് ഡെല്ലോ സ്പോർട്ടിനോട് സംസാരിച്ച മുൻ ഉദിനീസ് മധ്യനിരതാരം പറഞ്ഞു.
അന്നും റഫറിങ്ങിലെ പിഴവ് മറഡോണയെ സഹായിച്ചതായി സീക്കോ പറഞ്ഞു. റഫറിയോട് പ്രതിഷേധിച്ച തനിക്ക് നാല് മത്സരങ്ങളിൽ സസ്പെൻഷൻ നേരിടേണ്ടിവന്നതായും സീക്കോ ഓർക്കുന്നു.
"ഞാൻ പലപ്പോഴും അദ്ദേഹത്തെ ഇത് പറഞ്ഞു കളിയാക്കുമായിരുന്നു. നിങ്ങൾ ഞങ്ങളോടൊപ്പം കളിച്ചാണ് ദൈവത്തിന്റെ കൈ പരിശീലിച്ചത് എന്ന് പറഞ്ഞപ്പോൾ 'നിങ്ങൾ ഫുട്ബോളിന്റെ നല്ല വശമാണ്, ഞാൻ ചീത്ത വശവും' എന്നായിരുന്നു മറഡോണയുടെ മറുപടി," സീക്കോ പറഞ്ഞു.
മറഡോണയെ ഫുടബോളിലെ എക്കാലത്തെയും മികച്ച അഞ്ച് താരങ്ങളിൽ ഒരാളായാണ് താൻ വിലയിരുത്തുന്നതെന്ന് സീക്കോ പറഞ്ഞു. "ഗരിഞ്ച, പെലെ, ക്രൂയ്ഫ്, ബെക്കൻബോർ എന്നിവരോടൊപ്പം ഞാൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച അഞ്ച് താരങ്ങളിൽ ഒരാളാണ് മറഡോണ," മറഡോണയുടെ സമകാലീനനും ചിരവൈരിയുമായ സീക്കോ പറഞ്ഞു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!