കണ്ണൂരിലെ കള്ളവോട്ടുകള്‍: ദൃശ്യങ്ങള്‍ തെളിവാകുമോ?
എല്ലാ തിരഞ്ഞെടുപ്പിലും സിപിഎമ്മിനെതിരെ യുഡിഎഫ് ഉന്നയിക്കുന്ന പ്രധാന ആരോപണമാണ് കണ്ണൂരിലെ കള്ളവോട്ടുകള്‍. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷവും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന് ഈ ആരോപണം ഉന്നയിച്ചു. തിരിച്ചറിയില്‍ രേഖകളും കുറ്റമറ്റ വോട്ടര്‍പട്ടികയും കള്ളവോട്ടുകളുടെ എണ്ണം ഗണ്യമായി കുറച്ചുവെന്നായിരുന്നു എതിര്‍വാദങ്ങള്‍.
ഇത്തവണ ബൂത്തുകളില്‍ സിസിടിവി സ്ഥാപിച്ചത് വ്യാജ വോട്ടുകള്‍ തടയാനുള്ള സുരക്ഷിതമാര്ഗമായും വിലയിരുത്തി. കാസര്‍ഗോഡ് മണ്ഡലത്തിലെ കണ്ണൂര്‍ ജില്ലയിലെ ഭാഗമായ പിലാത്തറയില്‍ ഒരു ബൂത്തിലെ വോട്ടെടുപ്പ് ദിവസങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ് കള്ളവോട്ട് ആരോപണം ശക്തിപ്പെടുത്തി. പിലാത്തറ എയുപി സ്കൂളിലെ 19ാം നമ്പര്‍ ബൂത്തിലെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ആറ് പേര് കള്ളവോട്ട് ചെയ്തത് തെളിഞ്ഞു എന്നാണ് കോണ്‍ഗ്രസിന്റെ വാദം. ഒരാള്‍ രണ്ട് തവണവോട്ടു ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നു.
കള്ളവോട്ടിന്റെ തെളിവുകള്‍ ശേഖരിക്കുന്നു എന്നാണ് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലൂടെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയത്. ഇതിന്റെ തുടര്‍ച്ചയിലാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. വോട്ടെടുപ്പ് കേന്ദ്രത്തിലെ സിസിടിവിയിലുണ്ടായിരുന്നതാണ് ദൃശ്യങ്ങള്‍.
തിരഞ്ഞെടുപ്പ് സംവിധാനം കുറ്റമറ്റതാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ കമ്മീഷന് നടത്തിയിട്ടും കള്ളവോട്ട് എങ്ങനെ സാധ്യമാകുന്നു? തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കണ്ണടയ്ക്കുന്നതാണോ? അതാത് മേഖലയില്‍ സ്വാധീനമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ കൈയ്യൂക്കാണോ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാജയമാണോ കള്ളവോട്ടിലേക്ക് നയിക്കുന്നത്? ഒറ്റപ്പെട്ട ബൂത്തുകളിലെ ഒറ്റപ്പെട്ട സംഭവങ്ങള്മാത്രമാണോ ഇത്. പിലാത്തറയില്‍ ലഭ്യമായ ദൃശ്യങ്ങള്‍ കള്ളവോട്ട് സ്ഥാപിക്കുന്നതിനാവശ്യമായ തെളിവാകുമോ? .ദീര്ഘപരിശോധന ആവശ്യമുള്ളതാണ് ഈ ചോദ്യങ്ങള്‍. കള്ളവോട്ടിനെ കുറിച്ച് നിങ്ങളുടെ കൈവശമുള്ള വിവരങ്ങളും അഭിപ്രായങ്ങളും ഏഷ്യാവില്‍ മലയാളത്തിലുടെ അറിയിക്കുക.