മുസ്ലിം സ്ത്രീകളുടെ മുഖം മറയ്ക്കല്‍ നിരോധിക്കേണ്ടതുണ്ടോ എന്ന സംവാദം പലയിടങ്ങളില്‍, പലകാലങ്ങളില്‍ ഉയര്‍ന്നുവരുന്നതാണ്. സംവാദത്തിന്റെ അര്‍ത്ഥതലങ്ങള്‍ കാലത്തിനും ദേശത്തിനും അനുസരിച്ച് മാറുകയും ചെയ്യുന്നു. കേവലം വേഷം എന്നതില്‍ ഊന്നിയാണോ ഈ ചര്‍ച്ചകള്‍ നടക്കാറുള്ളത്. നിര്‍ബന്ധമില്ല. അതിന് രാഷ്ട്രീയ മാനങ്ങളുമുണ്ട്. സാംസ്കാരിക സവിശേഷതകളുണ്ട്.
വേഷം, ഭക്ഷണം, വ്യക്തിബന്ധങ്ങള്‍, കുടുംബ ബന്ധങ്ങള്‍ എന്നിവയുടെ തിരഞ്ഞെടുപ്പുകള്‍ സൂക്ഷമവിശകലനങ്ങള്ക്ക് വിധേയമാകുന്നതാണ് ഈ കാലഘട്ടം. മുസ്ലിം സ്ത്രീകളുടെ മുഖാവരണം ഇസ്ലാം വ്യവസ്ഥ ചെയ്യുന്നതാണോ? മതസംഘടനകള്‍ക്കിടയില്‍ തന്നെ വ്യത്യസ്തധാരകള്‍ ഇതേ ചൊല്ലിയുണ്ട്.
സിവില്‍ സമൂഹത്തില്‍ അനുവര്‍ത്തിക്കേണ്ട ശീലങ്ങള്‍, ഭരണകൂടം ദേശസുരക്ഷയെ കരുതി മുന്നോട്ടുവെക്കുന്ന വ്യവസ്ഥകള്‍ ഇവയെല്ലാം ഈ സംവാദങ്ങളുടെ ഭാഗമാകുന്നു. ശ്രീലങ്കയില്‍ 2019ലെ ഈസ്റ്റര്‍ ദിനത്തിലുണ്ടായ തുടര്‍ സ്ഫോടനങ്ങള്‍, എം ഇ എസിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖാവരണത്തിനും പുരോഗമനവുമായ വസ്ത്രധാരണങ്ങള്ക്കും ഏര്‍പ്പെടുത്തിയ നിരോധനം എന്നിവ ബുര്‍ഖയെ വീണ്ടും പൊതു സംവാദത്തിലേക്ക് കൊണ്ടുവന്നു.
മുഖം ഒരാളെ തിരിച്ചറിയിലിന്റെ അടയാളമാണ് എന്ന വിലയിരുത്താറുണ്ട്. മറച്ചുവെക്കാന്‍ എന്തോ ഉള്ളതുകൊണ്ടാണ് മുഖം മൂടുന്നത് എന്നത് അതിന്റെ ഒരു രാഷ്ട്രീയ വായനയാണ്. നിരന്തര സംവാദത്തിന് ഇടം കൊടുക്കുന്നതായി ഫലത്തില്‍ മുഖാവരണം മാറുന്നു. ഏതര്‍ത്ഥത്തില്‍ മുഖാവരണം സമൂഹത്തെ ബാധിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഏഷ്യാവില്ലിലൂടെ അറിയിക്കുക.