പൊതുമേഖലയെ തള്ളിപ്പറയുന്ന പെൻഷൻ വിപ്ലവം, കുത്തകകളെ സഹായിക്കുമ്പോള്‍
രാജ്യത്തുള്ള അറുപത് കഴിഞ്ഞ മുഴുവന്‍ പൗരന്മാര്ക്കും പതിനായിരം രൂപ പെന്ഷന് ലഭിക്കണം. സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് വിരമിച്ചവരെന്നോ അല്ലാത്തവരെന്നോ വ്യത്യാസമില്ലാതെ, ചെറു കിട കച്ചവടക്കാരെന്നോ കുടിയേറ്റ തൊഴിലാളികളെന്നോ, തൊഴിലെടുക്കാത്തവരെന്നോ ഭേദമില്ലാതെ എല്ലാവര്ക്കും ലഭിക്കണം പെന്ഷന്. ആശ്രയത്വം അനിവാര്യമാകുന്ന ഘട്ടത്തില്‍, സ്വാശ്രയത്വം കൈവരിക്കാനാവുന്ന സാഹചര്യം എല്ലാ പൗരന്മാര്ക്കും ലഭിക്കുക. ഒറ്റ നോട്ടത്തില്‍ സാധരണക്കാര്‍ക്ക്, ഈ ആശയം വലിയ ആശ്വാസവും ആവേശവുമായി അനുഭവപ്പെടുന്നു.
അറുപത് കഴിഞ്ഞവര്‍ക്ക് പതിനായിരം രൂപ പെന്ഷന് ലഭിക്കാന്‍, ഈ ആശയം മുന്നോട്ട് വെച്ചവര്‍ തന്നെ രൂപരേഖയും തയ്യാറാക്കിയിട്ടുണ്ട്. അവിടെയാണ്, ഇതിന്റെ അപകടം പതിയിരിക്കുന്നത്. പൊതു മേഖല സ്ഥാപനങ്ങള്‍ നടത്തി കൊണ്ടു പോകാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്കുന്ന സാമ്പത്തിക വിനിമയമാണ് രാജ്യത്തെ എല്ലാ സാമ്പത്തിക പ്രതിസന്ധിക്കും അഴിമതിക്കും രാജ്യത്തിന്റെ നാണയ പെരുപ്പത്തിനും കാരണമെന്നാണിവര്‍ വാദിക്കുന്നത്.
അതായത്, ഭൂരിഭാഗം വരുന്ന തൊഴിലാളികള്‍ തൊഴിലെടുക്കുന്നതിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റുന്നത്, ന്യൂന പക്ഷമായ സര്‍ക്കാറുദ്യോഗസ്ഥരും ജനസേവകരുമാണ്. മാത്രമല്ല, കഠിനാധ്വാനം ചെയ്യുന്ന സാധരണക്കാരന് തൊഴിലില്‍ നിന്ന് വിരമിച്ചാല്‍, ക്ഷേമ നിധിയില്‍ ചേര്‍ന്നവര്‍ക്ക് മാത്രം തുച്ചമായ പെന്ഷന് ലഭിക്കുമ്പോള്‍, സര്‍ക്കാറുദ്യോഗസ്ഥര്‍ക്ക് പതിനായിരക്കണക്കിന് രൂപ പെന്ഷന് ലഭിക്കുന്നു. തീര്‍ന്നില്ല, റവന്യൂ വരുമാനനത്തിന്റെ നല്ലൊരു ശതമാനം വിനിയോഗിക്കുന്നത്, ഇത്തരം ഉദ്യോഗാര്‍ത്ഥികള്‍ക്കും എം എല്‍ എ മാര്‍ക്കും എം പി മാര്‍ക്കും ശമ്പളം നല്‍കാനാണ്. ആവശ്യത്തിലധികം പി എ മാരെ സൃഷ്ടിച്ച്, വാഹനം, താമസം, ഭക്ഷണം എന്നിവയില്‍ വന്‍ അഴിമതി നടത്തി, രാജ്യത്തെ സമ്പത്ത് വ്യവസ്ഥ നശിപ്പിക്കുന്ന ഇത്തരം തസ്തികകള്‍ തന്നെ രാജ്യത്തിനാവശ്യമില്ല. സര്ക്കാറുദ്യോഗസ്ഥമാരുടെ ശമ്പളത്തിന് പരിധികളുണ്ടാവണം. പരിധിക്കപ്പുറത്തേക്ക് എത്ര വലിയ തസ്തികയായാലും ശമ്പളതുക വര്‍ദ്ധിപ്പിക്കേണ്ടതില്ല.
രാജ്യത്തെ, ജനങ്ങളെ തികച്ചും അരാഷ്ട്രീയവാദത്തിലേക്ക് തള്ളിവിടുന്ന ഇത്തരം ആശയങ്ങള്‍ കോര്‍പറേറ്റുകളെ സഹായിക്കാനാണെന്ന്, രാഷ്ട്രീയ അവബോധമുള്ള ഏതൊരാള്‍ക്കും മനസ്സിലാവും.
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്.ജനങ്ങളുടെ ക്ഷേമമാണ് രാജ്യത്തിന്റെ മുഖ്യ പരിഗണന. പൗരന്മാര്ക്ക് സേവനം ഉറപ്പു വരുത്തുന്നത്, ലാഭനഷ്ടങ്ങളുടെ കണക്കിന്റെ അടിസ്ഥാനത്തിലല്ല. ലാഭനഷ്ടക്കണക്കുകള്‍ നിരത്തി സേവനം ഉറപ്പാക്കുന്നത്, മുതലാളിത്ത രാജ്യങ്ങളാണ്.
രാജ്യത്തിന്റെ നട്ടെല്ലായ പൊതു മേഖല സ്ഥാപനങ്ങളിലൂടെയാണ്, ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കപ്പെടുന്നത്. ജനക്ഷേമത്തെ അടിസ്ഥാനപ്പെടുത്തി മുന്നോട്ടു പോകുന്ന ജനാധിപത്യ ഇന്ത്യ രാജ്യം, ഉദാരവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം, ആഗോളവല്രണം എന്നിവയുടെ കടന്നു വരവോടു കൂടിയാണ്, പൊതു മേഖല സ്ഥാപനങ്ങള്‍ പലതും കുത്തക കച്ചവടക്കാര്‍ക്ക് തീറെഴുതി കൊടുക്കാനാരംഭിച്ചത്.
ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി, കുത്തക കച്ചവടക്കാര്‍ക്ക് യഥേഷ്ടം വിഹരിക്കാനുള്ള സാഹചര്യമൊരുങ്ങി.1990 മുതലിങ്ങോട്ട്, സ്വകാര്യ വല്‍ക്കരണത്തെ, മാറി മാറി വന്ന സര്‍ക്കാറുകള്‍ തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് പിന്മാറാനുള്ള ഒരു മറയായി കണ്ടു. അതിന്റെ ഫലമായുണ്ടായ പ്രതിസന്ധി മറികടക്കാന്‍ പിന്നീട് വന്ന ഒരു സര്‍ക്കാറും തയ്യാറായില്ലെന്ന് മാത്രമല്ല, കൂടുതല്‍ ഉദാരതയോടു കൂടി വില നിയന്ത്രണമടക്കമുള്ള ചുമതലകള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്കുന്ന കാഴ്ചയാണ് കണ്ടത്.
പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിപ്പിക്കാനുള്ള അധികാരം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയതിന് ശേഷം, അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞപ്പോഴൊന്നും അതിന്റെ ഗുണമനുഭവിക്കാന്‍ ഇന്ത്യാ രാജ്യത്തെ ജനങ്ങള്‍ക്ക് സാധിച്ചിട്ടില്ലെന്ന് മാത്രമല്ല, നിരന്തരം വില കൂട്ടി, അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധനവിനു പോലും ഇടയാക്കി.
ആയിരക്കണക്കിനേക്കറില്‍ നാല് റിഫൈനറികളുള്ള, പതിനായിരത്തിലധികം സ്ഥിരം തൊഴിലാളികളുള്ള പൊതു മേഖല സ്ഥാപനമായ ബി പി സി എല്‍, മൂലധന വില പോലും നിശ്ചയിക്കാതെ തുച്ചമായ വിലക്ക് സ്വകാര്യ കമ്പനിക്ക് വില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതായത് വര്‍ഷത്തില്‍ മൂന്നര ലക്ഷം കോടി വിറ്റ് വരുമാനമുള്ള കമ്പനിയെ അറുപതിനായിരം കോടിക്ക് വില്ക്കാന് തീരുമാനിക്കുമ്പോള്‍ തന്നെയാണ്, ഗുജ്റാത്തില്‍ ഒറ്റ റിഫൈനറി മാത്രമുള്ള സ്വകാര്യ പെട്രോളിയം കമ്പനി എണ്‍പതിനായിരം കോടിക്ക് വില്‍ക്കുന്നത്.
കുത്തകകളെ സഹായിക്കാന്‍ രാജ്യത്തെ വിറ്റു കൊണ്ടിരിക്കുന്ന സാഹചര്യത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്നു വരെ നഷ്ടം നേരിടാത്ത റെയില്‍വേ പോലും സ്വകാര്യ മേഖലയെ ഏല്പിച്ചിരിക്കുകയാണ്. റേഷന്‍ സംവിധാനം, ഭക്ഷ്യ സുരക്ഷ സംവിധാനത്തിന്റെ പരിധിയില്‍ കൊണ്ടു വരുന്നതോടു കൂടി, ജനങ്ങളെ തട്ടുകളായി തിരിച്ചു, പൗരന്മാരെല്ലാവരും അടിസ്ഥാനാവശ്യമായ ഭക്ഷണത്തിന് സര്‍ക്കാരിനെ ആശ്രയിക്കേണ്ടതില്ലയെന്ന സന്ദേശമാണ് നല്‍കുന്നത്. തൊഴില്‍ നിയമങ്ങളടക്കം ഭേദഗതി ചെയ്തു കൊണ്ട്, തൊഴിലാളികളെ ദുരിതത്തിലാഴ്ത്തി മുന്നോട്ട് പോകുന്ന സര്‍ക്കാര്‍ കുത്തകകളെ സഹായിക്കാന്‍ ഏതറ്റം വരെ പോകാനും ഞങ്ങള്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.
ലോകത്ത് തന്നെ ഭക്ഷ്യോല്പാധന മേഖലയില്‍ വളരെ മുന്‍പന്തിയില്‍ നില്ക്കുന്ന ഇന്ത്യയില്‍, അതിന്റെ ഗുണഭോക്താക്കളാകാന്‍ ഉല്പാദകരായ കര്‍ഷകര്‍ക്ക് കഴിയുന്നില്ലെന്നതിന്റെ തെളിവാണ് വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന കര്‍ഷക ആത്മഹത്യ. തൊഴിലില്ലാഴ്മ പരിഹരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലും, തൊഴിലാളികളുടെ ദിവസ വേതനം കുത്തകള്‍ക്ക് വേണ്ടി 128 രൂപയിലൊതുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്.ലോക്ക് ഡൗണ്‍ കാലത്ത്, കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപാലായനം നാം കണ്ടതാണ്. ആയിരക്കണക്കിന് കിലോമീറ്ററുകള്‍ കാല്‍നടയായി സ്വന്തം നാട്ടിലേക്ക് തിരിക്കുന്ന തൊഴിലാളികളില്‍ നിന്ന് രാജ്യത്തിന്റെ ശരിയായ ചിത്രം ലോകം കണ്ടതാണ്.
രാജ്യത്ത് ഇന്നേവരെ എത്തിയിട്ടില്ലാത്ത നിലയില്‍ ജി ഡി പി നിരക്ക് താഴോട്ടേക്ക് കൂപ്പുകുത്തി. നാല് ശതമാനത്തില്‍ നിന്നും താഴേക്ക് പോയ ജി ഡി പി നിരക്ക് 2020 - 2021 കാലയളവില്‍ സീറോയില്‍ നിന്നും താഴ്ന്ന് നെഗറ്റീവ് ശതമാനത്തിലേക്ക് പോകുമെന്നാണ് ആര് ബി ഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് പറയുന്നത്. ഒരു വര്‍ഷത്തെ മൊത്ത ഉല്പാദനവും സേവനവും കണക്കാക്കി, കിട്ടുന്നതിനെ രാജ്യത്തെ മുഴുവന്‍ ജനങ്ങളുെടെയും എണ്ണം കൊണ്ട് തിട്ടപ്പെടുത്തിയാണ് ജി ഡി പി നിശ്ചയിക്കുന്നത്. ജി ഡി പി നിരക്ക് എത്ര തന്നെ വര്‍ദ്ധിച്ചാലും ആളോഹരി വരുമാനം വര്‍ദ്ധിക്കുന്നില്ല. കാരണം ഉല്പാദനത്തിന്റെ ലാഭ വിഹിതത്തിന്റെ ഏറിയ പങ്കും ലഭിക്കുന്നത് ഒരു ശതമാനം വരുന്ന കുത്തക കമ്പനികള്‍ക്കാണ്.
ലോകജനതയുടെ 17.8 ശതമാനം വരുന്ന ഇന്ത്യക്കാരുടെ മൊത്ത വരുമാനം 2.7 ട്രില്യന്‍ ഡോളര്‍ കണക്കാക്കുമ്പോള്‍, ആളോഹരി വരുമാനം വരുന്നത് 2015 ഡോളറാണ്. ഇതനുസരിച്ച്, ആളോഹരി വാര്‍ഷിക വരുമാനം ഒരു ലക്ഷത്തിനു മുകളിലാണ്. കണക്കിങ്ങനെയാണെങ്കിലും പ്രയോഗിക തലത്തില്‍ ഈ ആളോഹരി വരുമാനം ലഭിക്കുന്നത് വളരെ ചെറിയ ശതമാനത്തിന് മാത്രമാണെന്ന് ലോക ബാങ്ക് തന്നെ ചൂണ്ടിക്കാണിക്കുന്നു. ഇരുപത്തി രണ്ട് ശതമാനം ഇപ്പോഴും ദാരിദ്ര രേഖയ്ക്ക് താഴെയാണ്. ഇരുപത് ശതമാനം ജനങ്ങള്‍ക്ക് വരുമാനത്തിന്റെ എട്ട് ശതമാനം മാത്രമേ ലഭിക്കുന്നുള്ളു. ഒരു ശതമാനം വരുന്ന അതിസമ്പന്നരാണ് രാജ്യത്തിന്റെ മുഴുവന്‍ വരുമാനത്തിന്റെയും 'ഇരുപത്തിരണ്ട് ശതമാനം ഉപയോഗിക്കുന്നത്. ഇതില്‍ നിന്നും ജി ഡി പി നിരക്ക് കണക്കാക്കുന്നതിലെ അപാകതകള്‍ മനസ്സിലാക്കാം.
2016 ല്‍ ലോകോത്തര സമ്പന്ന പട്ടികയില്‍ മുപ്പത്താറാം സ്ഥാനത്തുണ്ടായിരുന്ന അംബാനി 2018 ജനുവരിയില്‍ പതിനെട്ടാം സ്ഥാനത്തെത്തുന്നു, 2019 ജനുവരിയില്‍ പതിമൂന്നാം സ്ഥാനത്തെത്തിയ അംബാനിയിന്ന് ഒമ്പതാം സ്ഥാനത്താണ്. പല വ്യാപാരവും നടത്തുന്ന അംബാനിക്ക് ഈയൊരു കുതിച്ചു ചാട്ടം സാധ്യമാവുന്നത്, 4G യിലെത്താന്‍ അനുമതി കിട്ടി നിന്ന BSNL നെ 2G യില്‍ നിര്‍ത്തി, അതിന്റെ എല്ലാ നെറ്റ്വര്ക്കും ഉപയോഗിച്ച് Jio കടന്നു വരുന്നതോടു കൂടിയാണ്.
3 വര്‍ഷം കൊണ്ട് അംബാനി കുന്നു കൂട്ടിയ സമ്പാദ്യത്തിന് കണക്കില്ല. പൊതു മേഖല സ്ഥാപനങ്ങള്‍ ഒന്നൊന്നായി അംബാനിമാര്‍ക്ക് വീതിച്ചു കൊടുക്കുമ്പോള്‍, സാധരണക്കാരായ കര്‍ഷകരും തൊഴിലാളികളും ആത്മഹത്യയിലാണ് അഭയം പ്രാപിക്കുന്നത്. 130 കോടി ജനങ്ങളുടെ സമ്പാദ്യം വിരലിലെണ്ണാവുന്നവര്‍ക്ക് ഭരണകൂടം വീതിച്ചു കൊടുത്തതിന്റെ ഫലമായി, അംബാനിക്ക് ഒരു ബില്യണ്‍ ഡോളറിന്റെ വീടും അതിലറുന്നൂറ് സേവകരുമുണ്ടാകുമ്പോള്, പാവം കര്ഷകന് ഒരു വര്‍ഷം കൃഷി ചെയ്ത ആയിരം കിലോ ഉള്ളിക്ക് 1080രൂപ മാത്രം ലഭിക്കുന്നു. അപ്പോഴും നമ്മള് ഒരു കിലോ ഉള്ളി 120 രൂപയ്ക്ക് വാങ്ങേണ്ടി വരുന്നു....
അതായത്, ജി ഡി പി നിരക്ക് എത്ര തന്നെ ഉയരത്തിലേക്ക് പോയാലും അതിന്റെ ഗുണഭോക്താക്കളാകുന്നത് ഒരു ശതമാനം വരുന്ന അതിസമ്പന്നരാണ്.
പൊതു മേഖല സ്ഥാപനങ്ങള്‍ നില നില്‍ക്കുന്നത് കൊണ്ട് മാത്രമാണ്, ഇന്ത്യാ രാജ്യത്തിന് ഏത് പ്രതിസന്ധി വരുമ്പോഴും നില നില്പ് സാധ്യമാകുന്നത്. അത് നമ്മള് കൊറോണ കാലത്തും കണ്ടതാണ്. ലോക മുതലാളിത്ത വികസിത രാജ്യങ്ങളായ അമേരിക്കയും ഇറ്റലിയുമൊക്കെ, മഹാമാരിക്ക് മുന്നില്‍, പകച്ചു നിന്നപ്പോള്‍, ലക്ഷക്കണക്കിന് മനുഷ്യര്‍ മരിച്ചു വീഴുന്നത് നിസ്സാഹയതയോടെ നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ലാഭ നഷ്ടക്കണക്കുകളുടെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകുന്ന മുതലാളിത രാജ്യങ്ങള്‍ക്ക് രാജ്യത്തെ ജനങ്ങളുടെ ഭക്ഷണം ആരോഗ്യം വിദ്യാഭ്യാസം തൊഴില്‍ തുടങ്ങിയവയെല്ലാം കച്ചവടമാണ്. അത് കൊണ്ട് തന്നെ പൊതു മേഖല സ്ഥാപനങ്ങള്‍ അവരുടെ സങ്കല്പത്തിന് പുറത്താണ്.
ഇവിടെയാണ്, പെന്ഷന് വിപ്ലവ വാദമുന്നയിക്കുന്നവര്‍, പച്ചക്കള്ളം പറഞ്ഞ് സാധരണക്കാരെ ആശങ്കയിലകപ്പെടുത്തുന്നത്. അതായത് ജി ഡി പി യുടെ എട്ട്ശതമാനം മാത്രം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തിനുപയോഗിക്കുന്നതിനെ തൊണ്ണൂറ് ശതമാനവും ഉപയോഗിക്കുന്നെന്ന നുണകള്‍ പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ അസൂയ വഹമായ അസമത്വം സൃഷ്ടിക്കുന്നു.
ഒരു ശതമാനം വരുന്ന അതിസമ്പന്നര്‍ കോടിക്കണക്കിന് ബാങ്ക് വായ്പയെടുത്ത്, തിരിച്ചടക്കാതെ രാജ്യത്ത് നിന്ന് കടന്നു കളയുകയും, പിന്നീട് ആ വായ്പ എഴുതി തള്ളിയതിന് ശേഷം രാജ്യത്തേക്ക് തിരിച്ചു വരുന്ന പ്രവണത നാം കണ്ടു കൊണ്ടിരിക്കുന്നു. 2018 - 2019 കാലയളവില്‍ കിട്ടാക്കടമായ രണ്ട് ലക്ഷം കോടി രൂപയാണ് പൊതു മേഖല ബാങ്കുകള്‍ എഴുതി തള്ളിയത്. മുന്‍ വര്‍ഷങ്ങളില്‍ എഴുതി തള്ളിയതിന്റെ ഇരട്ടിത്തുകയാണിത്. കിട്ടാക്കടങ്ങള്‍ എഴുതിതള്ളുമ്പോള്‍ അതിന്റെ ഗുണഭോക്താക്കളാകുന്നത് ആത്മഹത്യ വക്കിലുള്ള കര്‍ഷകരോ, തല ചായ്ക്കാനൊരിടമില്ലാതെ, ഭക്ഷണമില്ലാതെ, കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കാനാവാതെ വായ്പയെടുത്ത തൊഴിലാളികളുമല്ല. മറിച്ച് കുത്തക സ്വകാര്യ മുതലാളിമാരാണ്. ഏറ്റവും അവസാനം , രത്ന വ്യാപാരിയായ മെഹല്‍ ചോക്സിയുടെ 5492 കോടിയുടെ രൂപയുടെ വായ്പയാണ് എഴുതി തള്ളിയത്. നക്ഷത്ര ബാന്‍ഡ്സ്, ഗിലി ഇന്ത്യ ലിമിറ്റഡ്, വിജയ് മല്യയുടെ കിംഗ് ഫിഷര്‍ ഇങ്ങനെ പത്തിലധികം വരുന്ന കുത്തക കമ്പനികളുടെ ബാങ്ക് വായ്പ തിരിച്ചടവ് നടക്കാതിരുന്നപ്പോഴാണ്, ബാങ്കുകളെ നില നില്പിന്നായി മോഡി സര്‍ക്കാര്‍ നോട്ട് നിരോധനം പ്രഖ്യാപിച്ച്, സാധരണക്കാരന്റെ നട്ടെല്ലൊടിച്ചത്. കള്ളപ്പണം തിരിച്ചു പിടിക്കാനെന്ന നുണ പ്രചരിപ്പിച്ച്, സാധരണക്കാരന്റെ മുഴുവന്‍ പണവും ബാങ്കിലെത്തിച്ച്, ബാങ്കുകള്‍ക്ക് അല്പം ആശ്വാസം കൈവരിക്കാനായ സാഹചര്യമെത്തിയപ്പോള്‍, കുത്തകകളുടെ കിട്ടാക്കടമായ രണ്ട് ലക്ഷം കോടി രൂപ എഴുതി തള്ളുകയും ചെയ്തു.
കുത്തകകളുടെ വായ്പകളുടെ കണക്ക് ഇത്രയും ഭീമമാകുമ്പോള്‍ തന്നെയാണ്, ഇത്തരം കമ്പനികള്‍ വര്‍ഷങ്ങളായി ടാക്സുകളും കറണ്ട് ബില്ലുകളും മറ്റും അടക്കാതെ സര്‍ക്കാറിനെ പറ്റിച്ചു കൊണ്ടിരിക്കുന്ന സത്യാവസ്ഥയും നാം മനസ്സിലാക്കേണ്ടത്.
മനുഷ്യന് ജനിച്ചത് മുതല്‍, കിടന്നുറങ്ങാനുള്ള ഭൂമി തൊട്ട്, ഭക്ഷണം , വിദ്യാഭ്യാസം, തൊഴില്‍ എന്നിവയൊന്നും കൈവരിക്കാനാവാത്ത വിധം ഇന്ത്യാ രാജ്യം കുത്തകകള്‍ക്ക് തീറെഴുതിക്കൊടുത്തു കൊണ്ടിരിക്കുമ്പോള്‍, ഇതിനെയൊക്കെ മറികടന്ന് പൗരന് അറുപതില്‍ എത്തിക്കഴിഞ്ഞ് പതിനായിരം രൂപ വാങ്ങാന്‍ വിപ്ലവം നടത്തണമെന്നും, ആ പതിനായിരം ലഭിക്കുന്നതിന് തടസ്സം പൊതു മേഖല സ്ഥാപനങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്കുന്ന ശമ്പളവും ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിന് ഉപയോഗിക്കുന്ന ചിലവുമാണെന്ന വീക്ഷണത്തിലെത്തുന്നതിന്റെ ചേതോ വികാരം കോര്പറേറ്റുകളുടേണെന്നതിന് ഇതിലധികം തെളിവുകളാവശ്യമില്ല.
ജനങ്ങളുടെ ഏതാവശ്യം ഉന്നയിക്കുന്നതിനും സര്‍ക്കാര്‍ സാമ്പത്തിക വിനിമയത്തിലെ തെറ്റ് ചൂണ്ടിക്കാണിക്കുന്നതിനും സംഘടിക്കുന്നതിനും സമരം നടത്തുന്നതിനും എല്ലാ സ്വാതന്ത്രവുമുള്ള ജനാധിപത്യ ഇന്ത്യാ രാജ്യത്ത്, രാജ്യമനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് മുഴുവന്‍ കാരണം പൊതു മേഖലയാണെന്ന് പറയുന്ന ജനവഞ്ചന, കുത്തകകളെ സഹായിക്കാനുള്ളതാണെന്ന് നാം തിരിച്ചറിയാതെ പോകരുത്.
Comments